Saturday, 5 October 2013

ലോപം

ചിലര്‍ ഒളിഞ്ഞാഘോഷിക്കുകയും , ചിലര്‍ ശപിക്കുകയും , മറ്റു ചിലര്‍ വിശ്രമിക്കുകയും ചെയ്ത ഒരു ഹര്‍ത്താല്‍ നാള്‍ കഴിഞ്ഞാണ് അയാള്‍ അവ ഒരു കുട്ടയില്‍ അടുക്കി  പുറപ്പെട്ടത്. പുറത്തേക്ക് തള്ളിത്തെറിക്കുന്ന ചില 'ചില്ലുകളെ' ആ വട്ടക്കുട്ടയില്‍ ഒതുക്കുവാന്‍ ചില്ലറ പാടല്ല പെട്ടത് ! 


പഴമുറക്കാര്‍ എന്നും തേച്ചു തുടച്ച് വൃത്തിയാക്കി മിനുക്ക്‌ കൂട്ടിവെച്ചിരുന്നവ ഇന്ന്  മച്ചിനു മുകളില്‍ പൊടിപിടിച്ചു കറുത്ത് തുടങ്ങിയിരുന്നു. ചിലവ വക്കുകളില്‍ ദ്രവിച്ചു പകുതിയായും , ചിലവ എങ്ങോ പോയൊളിഞ്ഞെന്നപോല്‍ കാണാതെയുമായത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് അതങ്ങ് കളയാം എന്ന് തീരുമാനിച്ചതും. തലമുറ തലമുറ കൈമാറി കിട്ടിയ ' പൊരുള്‍ ' ആയിരുന്നല്ലോ . നിധിയെന്നവണ്ണം സൂക്ഷിക്കേണ്ടവ. അതിങ്ങിനെ നശിക്കുന്നത് കാണുവാന്‍ വയ്യാഞ്ഞിട്ടാ !വര : ഇസഹാക്ക് .വി.പി.
പുതുമക്കാര്‍ പലകുറി മച്ചിനു മുകളില്‍ കയറിയിറങ്ങിയെങ്കിലും പുതുകോപ്രായങ്ങളുടെയിടയില്‍ ഇവയെ കാണാനോ പൊടിതട്ടി തൂത്തൊന്ന് ബഹുമാനിക്കുവാനോ കഴിഞ്ഞില്ലാ ! പിന്നെ  ചിലര്‍ ചിലതൊക്കെ പരിഷ്ക്കരിച്ചൊരുക്കി രൂപമാറ്റം വരുത്തി അവരുടെ അന്തസ്സിന്റെ കണ്ണാടിക്കൂടില്‍ വെച്ചിട്ടുണ്ട്. സ്വന്തമായി ഉപയോഗിക്കുവാനല്ല , വിരുന്നുകാരുടെ മുന്നില്‍ വീമ്പിളക്കുവാന്‍! അനാവശ്യമായി പുറംകാലാല്‍ തട്ടിത്തെറിപ്പിച്ച് പുതിയതിനെ തേടിയവരെക്കാള്‍ ഇവര്‍ ഭേദം തന്നെ .

ആര്‍ത്തിപെരുത്ത രാക്ഷസന്മാരെപ്പോലെ ഭൂമിയില്‍ നിന്നും നെടുനീളെ വാനിലേക്കുയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ക്കൂടി  അയാള്‍ നടന്നു. ഫ്ലാറ്റുകളില്‍ ഘടിപ്പിച്ച ശീതീകരണികളില്‍ നിന്നും പുറത്തേക്ക് തള്ളുന്ന വായു അന്തരീക്ഷത്തെ വല്ലാതെ ചൂടാക്കിയിരുന്നു. രാത്രിഞ്ചരന്‍മാരുടെ ശ്വാസോച്ഛ്വാസം പോലെ !

ഏതോ ഒരു ഫ്ലാറ്റിലെ തുറന്ന ജനാലയില്‍ക്കൂടി, ഏതോ ദൃശ്യാവതാരിക ഭാഷയെ കൊല്ലുന്ന വികൃതമായ കൊഞ്ചല്‍ ! കിടപ്പറകളിലെ അവസാന രതികൂജനങ്ങള്‍ പോലെ ആരോഹണാവരോഹണങ്ങളിലൂടെ ശ്രോതാവിന്റെ കേള്‍വിയെക്കാള്‍ മറ്റിന്ദ്രിയങ്ങള്‍ക്ക് പരമസുഖം നല്‍കുന്ന മാന്ത്രികതയായി മാറുന്ന ഭാഷാപ്രക്ഷേപണത്തിനു നേരെയെന്നപോല്‍ അയാളൊന്നു കാര്‍ക്കിച്ചു തുപ്പി. 


കല്‍ക്കൂറ്റന്മാര്‍ അവസാനിക്കുന്നിടത്തെ കളിസ്ഥലം താണ്ടി നടക്കുമ്പോള്‍ മണ്ണിന്‍റെപൊടിപറ്റിക്കളിച്ചു നടന്നൊരു കുട്ടിക്കാലം അയാളില്‍ മിന്നിമറഞ്ഞു ! തെല്ലു നേരം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെയും അവരുടെ 'ഹൌസാറ്റ് ' 'ഷിറ്റ്' ഔട്ട്‌ വിളികളും ശ്രദ്ധിച്ചു നിന്നശേഷം വീണ്ടും നടന്നു.

'കാതോരത്തൊരോണത്തുമ്പിയും കണ്ണോരത്തൊരോണത്തുമ്പയും കടംകഥയായീ മാറിയ കാലം ..."

'നാവിന്‍തുമ്പിലെ നറുതേന്‍ ഭാഷയോ നാറും ആംഗലമായിട്ടൊരുവക നാണോം മാനോം മറന്നൊരു കാലം '

അയാള്‍ നീട്ടിപ്പാടിക്കൊണ്ട് കുട്ടയും ചുമന്നു ആവുന്ന വേഗതയില്‍ വലിഞ്ഞു നടന്നു.

നഗരാതിര്‍ത്തി അവസാനിക്കുന്ന ശവക്കോട്ടമൈതാനിയോടു ചേര്‍ന്നുള്ള കൂറ്റന്‍ മതിലിനു സമീപം എത്തുമ്പോഴേക്കും അയാള്‍ ക്ഷീണിച്ചിരുന്നു. ശവക്കോട്ടയുടെ പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള പടുകൂറ്റന്‍ മരത്തിന്‍റെ വേരില്‍ അയാള്‍ കുട്ടയിറക്കി. തലയില്‍ ചുറ്റിയ തോര്‍ത്തഴിച്ചൊന്നു കുടഞ്ഞു വീശി ശരീരമാറ്റി.

ശവക്കോട്ടമതിലിനോട് ചേര്‍ന്നൊഴുകുന്ന അഴുക്കുചാലിനരുകില്‍ കുടില്‍കെട്ടിപ്പാര്‍ക്കുന്ന നാടോടികളുടെ കുട്ടികള്‍ നാളെയുടെ ആകുലതകളില്ലാതെ അഴുക്കു മണ്ണിലും വെള്ളത്തിലും കളിക്കുന്നതും  നോക്കി അയാള്‍ നിന്നു. പ്ലാസ്റ്റിക് പടുതകളാല്‍ വലിച്ചു കെട്ടിയ ആ താല്‍ക്കാലിക കൂരയ്ക്കുള്ളില്‍ നിന്നും ഒരു പെണ്‍ശബ്ദം കുട്ടിയെ ഉറക്കുവാന്‍ താരാട്ടിന്‍റെ ഈണമൊപ്പിക്കുവാനെന്നവണ്ണം നീട്ടിപ്പാടിക്കൊണ്ടിരുന്നു.

'ആരാരോ ആരാരോ യാരടിച്ചാ നീ  അഴറെ എന്‍ അഞ്ചനക്കണ്ണ്‍മൈക്കഴറെ
യാരടിച്ചാ നീ അഴറെ കണ്ണേ എന്‍ കണ്ണുറങ്ക്" കുട്ട വീണ്ടും തലയില്‍ താങ്ങി അയാള്‍ ശവക്കോട്ട വാതിലും കടന്ന് അകത്തേക്ക് നടന്നു.വിജനമായ ശവക്കോട്ടയങ്ങിനെ അഹങ്കാരത്തോടുകൂടിയ നിശബ്ദത മുഴക്കി  നീണ്ടു കിടന്നു. അഹങ്കാരികളായ മനുഷ്യരെ നിശബ്ദരാക്കി ഞെരുക്കുന്ന ആ ചെമ്മണ്ണ്‍നിറഞ്ഞ ഭൂമിയുടെ അഹങ്കാരത്തിന് നീതിയുണ്ടെന്നോര്‍ത്തു അയാള്‍  നിറഞ്ഞു ചിരിച്ചു. 

ഇരുവശവും എരിഞ്ഞും പുതഞ്ഞും കിടക്കുന്ന ശേഷിപ്പുകളുടെ ഇടയില്‍ക്കൂടി വീണ്ടുമയാള്‍ ആ വട്ടകുട്ടയും തലയിലേറ്റി വലിഞ്ഞു നടന്നു.  കൂര്‍ത്ത ചരല്‍കഷ്ണങ്ങള്‍ നിറഞ്ഞ നടവഴിവിട്ട് കോട്ടയുടെ ഒത്തനടുക്ക് അയാള്‍ തലച്ചുമടിറക്കി. ഒരു കിളിയൊച്ച പോലും കൂട്ടിനില്ലാത്ത വരണ്ട  കാറ്റ് പൊടിപടര്‍ത്തി പറന്നകന്നു. ഉപയോഗം കഴിഞ്ഞ് ആരോ ഉപേക്ഷിച്ചു പോയ ഒരു ലോഹ കഷ്ണം തേടിപ്പിടിച്ച് അയാള്‍  കുഴിയെടുക്കുവാന്‍ തുടങ്ങി.കുഴിയുടെ പണി പൂര്‍ത്തിയാക്കി നിവര്‍ന്ന്, നെഞ്ചിലെ നരച്ച രോമങ്ങളിലൂടെ ചാലിട്ട വിയര്‍പ്പിനെ അയാള്‍ തുടച്ചു  കുടഞ്ഞു. കുഴിയുടെ വലുപ്പത്തില്‍ തൃപ്തനെന്നമട്ടില്‍ തനിയെ ഒന്ന് തലയാട്ടിക്കൊണ്ട് കുട്ട മൂടിയിരുന്ന ചുമപ്പും പച്ചയും വെള്ളയും ഇടകലര്‍ന്ന തുണിഅഴിച്ചു മാറ്റി.


കുഴിയിലേക്കിറക്കുമ്പോള്‍ നിരയും നിലയും ഒപ്പിച്ചുതന്നെ വേണം എന്ന് അയാള്‍ മനസ്സിലോര്‍ത്തു. ഓര്‍മ്മയില്‍ നിന്നും അയാള്‍ ഓരോന്നായി നിരയൊപ്പിച്ചു പേരുച്ചരിച്ചു കുഴിയിലേക്കു വെച്ചു :

"അ , ആ , ഇ , ഈ , ...................................................................... അ : !

62 comments:


 1. 'കാതോരത്തൊരോണത്തുമ്പിയും കണ്ണോരത്തൊരോണത്തുമ്പയും കടംകഥയായീ മാറിയ കാലം ..."

  'നാവിന്‍തുമ്പിലെ നറുതേന്‍ ഭാഷയോ നാറും ആംഗലമായിട്ടൊരുവക നാണോം മാനോം മറന്നൊരു കാലം '

  അയാള്‍ നീട്ടിപ്പാടിക്കൊണ്ട് കുട്ടയും ചുമന്നു ആവുന്ന വേഗതയില്‍ വലിഞ്ഞു നടന്നു.

  ReplyDelete
 2. മാതൃഭാഷക്ക് വായ്ക്കരി.....

  ReplyDelete
  Replies
  1. ഹഹഹഹ .... അങ്ങിനെയും ചിലപ്പോള്‍ !

   Delete
 3. വായിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. കണ്ണുകൾക്ക് പണികൂടുന്നു...

  ReplyDelete
 4. വായിച്ചു ... ചിത്രങ്ങൾ കഥ പറയുന്നു .... വരയും കഥയും നന്നായിട്ടുണ്ട് ...
  വീണ്ടും വരാം ...
  സസ്നേഹം .................

  ReplyDelete
 5. കുഴിച്ചു മൂടി അല്ലെ ...

  ഒന്ന് കൂട്ട് പിടിച്ച് പ്രാർഥിച്ചാൽ ഉയിർത്തെഴുന്നേൽക്കില്ലേ ..

  വായിക്കാൻ രസമുണ്ടെങ്കിലും എനിക്കത്ര പിടിച്ചു എന്നൊന്നും പറയുന്നില്ല . സത്യത്തിൽ ആ കൊട്ടയും ചുമന്നുള്ള യാത്രയും ആ പാട്ടും ഒക്കെ നല്ലൊരു മൂഡ്‌ ഉണ്ടാക്കിയതാ . പക്ഷേ ഭാഷയുടെ കുഴിച്ചു മൂടൽ ഒരു കഥയായി വായിച്ചതാവും (അല്ലെങ്കിൽ ക്ലൈമാക്സ് ) ഈ നിരാശ .

  ഞാനിത്തിരി ദേഷ്യത്തിലാ അംജതേ ...

  ഇസ്ഹാഖ് ഭായ് ... വര നന്നായി ട്ടോ

  ReplyDelete
  Replies
  1. ഒന്ന് കൂട്ട് പിടിച്ച് പ്രാർഥിച്ചാൽ ഉയിർത്തെഴുന്നേൽക്കില്ലേ ..


   എഴുന്നേല്‍ക്കുമായിരിക്കാം ചിലപ്പോള്‍ . മന്‍സൂര്‍ ..

   Delete
 6. നല്ല ആഖ്യാനം. തീരാത്ത വേദനയോടെയെങ്കിലും അംഗീകരിക്കാതെ വയ്യ, മലയാളം ഒരിക്കൽ കുഴിച്ചു മൂടപ്പെടുക തന്നെ ചെയ്യും.

  സംസ്ക്കാരമാണല്ലൊ ഭാഷയെ സൃഷ്ടിക്കുന്നതും നിലനിർത്തുന്നതും പരിപോഷിപ്പിക്കുന്നതും. സംസ്ക്കാരം മറ്റൊന്നാവുമ്പോൾ ഭാഷയും മറ്റൊന്നാവും. ശീതികരിച്ച മുറികളിൽ, കരണ്ടികൾ കൊണ്ട് ഭക്ഷണം കഴിച്ച്, ദൃശ്യഭാഷ്യങ്ങളിൽ നേരമ്പോക്കി, ജീവിതം ജീവിച്ചു തീർത്തു തുടങ്ങുമ്പോൾ മലയാളികൾ 'മലയാളി'കളല്ലാതാവും. വഴിയോരങ്ങളിലെ ചതുപ്പുനിലങ്ങളിൽ, ഔദാര്യങ്ങളിൽ പുലരുന്ന ജീവിതങ്ങളിൽ പിന്നേയും മലയാളം കണ്ടേക്കാം. പക്ഷെ അതും സ്ഥായിയാവില്ല. അവർക്കും നോട്ടം മുകളിലേക്ക് തന്നെയാവുമല്ലോ. ഒരു തലമുറയേയും എടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താനാവില്ല. ഭൂമിയുടെ മറ്റേതോ കോണിൽ ഒരു തൊഴിലിടം സ്വപ്നം കണ്ട് കുഞ്ഞുങ്ങളെ മലയാളേതര ഭാഷകളിൽ പഠിപ്പിക്കാൻ വരി നിൽക്കുന്നത് നാം തന്നെയാണല്ലോ. അധിനിവേശങ്ങളിൽ അറിയാതെ ആണ്ടുപോയി അന്യഭാഷകളെ ആനയിക്കുന്നതും നാം തന്നെയാണല്ലൊ.

  ഒന്നുകിൽ സ്വയം കൃത അനർത്ഥം എന്ന് ദുഃഖിക്കുക, അല്ലെങ്കിൽ മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നൊരു നിർവികാരതയിൽ മുന്നോട്ടൊഴുകുക. അത്ര തന്നെ.

  ReplyDelete
 7. സംഭവാമീ യുഗേ യുഗേ....

  ReplyDelete
  Replies
  1. എന്നാശ്വസിക്കാം അനീഷ്‌ . നന്ദി കേട്ടോ.

   Delete
 8. കുട്ടയും ചുമന്ന് രാത്രിവഴികളിലൂടെ വൃദ്ധന്റെ യാത്ര. പോവുന്ന വഴിയില്‍ കേള്‍ക്കുന്ന ഭാഷാപ്രക്ഷേപണത്തിനു നേരെയുള്ള അയാളുടെ പുച്ഛഭാവം. ശവക്കോട്ടയിലെ കുഴിയെടുപ്പ് - മരിച്ചുപോയ ഭാഷയുടെ ശവദാഹം.... ആശയംകൊണ്ടും, കഥനരീതികൊണ്ടും നല്ലത് എന്നു പറയുമ്പോഴും ചില സംശയങ്ങള്‍ എന്നില്‍ ബാക്കി നില്‍ക്കുന്നു.....

  ഭാഷ മരിക്കുന്നു എന്നത് പറഞ്ഞു ക്ലീഷേ ആയ ഒരു പ്രയോഗം മാത്രമാണ്. സത്യത്തില്‍ മലയാള ഭാഷ മരിക്കുകയാണോ, പൂര്‍വ്വാധികം ഓജസ്സോടെ ഉയിര്‍ത്തെഴുന്നേല്‍ക്കകയാണോ.....

  ടെലിവിഷന്‍ അവതാരകരുടെ വക്രിച്ച ഭാഷാപ്രയോഗം ഉദാഹരണമായെടുത്ത് ഭാഷക്ക് മൂല്യച്യുതി സംഭവിക്കുന്നു എന്ന് വിളിച്ച് കൂവുന്നവര്‍ മറ്റ് പല മേഖലകളിലും ഭാഷ പതിന്മടങ്ങ് ഊര്‍ജസ്വലമായി തിളങ്ങുന്നത് എന്തുകൊണ്ട് കാണാതെ പോവുന്നു. സൈബര്‍ ആശയവിനിമയരംഗത്ത് മലയാളഭാഷക്കുണ്ടായ വികാസം ഇതിന് ഉദാഹരണമല്ലേ.

  സജീവമായി ഉപയോഗത്തിലുള്ള ഭാഷകള്‍ മാറിക്കൊണ്ടേയിരിക്കും. ഭാഷയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിന്റെ വളര്‍ച്ചയുടേയും അതുവഴി സംഭവിക്കുന്ന പരിണാമത്തിന്റേയും ലക്ഷണമല്ലേ. സിവിയുടെ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭാഷയില്‍ നിന്ന് സുഭാഷ് ചന്ദ്രന്റെ ഭാഷയിലേക്ക് മലയാളം പരിണമിച്ചത് ഇതിന് ഉദാഹരണമല്ലെ....

  പണ്ടുള്ളതിലും കൂടുതല്‍ മലയാളത്തിന്റെ ഉപയോഗം ഇന്ന് ഉണ്ട് എന്നത് വസ്തുതയല്ലെ. മലയാളി മലയാളം മറക്കുന്നു എന്നത് വെറും ക്ലീഷെ ആയ ഒരു പ്രയോഗമല്ലെ. ഭരണഭാഷയായി പഴയതിലും കൂടുതല്‍ മലയാളം ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമല്ലെ.

  ഭാഷ മരിക്കുന്നില്ല അംജത്. ഭാഷയെ കുഴിച്ചുമൂടാന്‍മാത്രം നാം അശുഭാപ്തിവിശ്വാസികളാവേണ്ടതുമില്ല. മലയാളം വളരുകതന്നെയാണ്. ഭാഷ വളരുന്നത് സാസ്കാരികനായകന്മാരുടെ ബുദ്ധിജീവി ചര്‍ച്ചകളിലൂടെയല്ല. സാഹിത്യശിരോമണികളുടെ ദന്തഗോപുരങ്ങളിലുമല്ല. സാധാരണക്കാരായ മനുഷ്യരുടെ തനത് ഇടപെടലുകളിലൂടെയാണ്. സാഹിത്യ നായകന്മാര്‍ ഭാഷക്കെതിരെ നടത്തുന്ന കണ്ടുപിടുത്തങ്ങളെല്ലാം അസത്യമെന്നു തെളിയിച്ചുകൊണ്ട് സാധാരണക്കാരായ മനുഷ്യര്‍ മലയാളമാധ്യമം വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനും, ഈ ഭാഷയെ പരിപൂര്‍ണ വിശ്വാസത്തിലെടുത്ത് പഠിച്ച് ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പോലെയുള്ള സ്ഥാപനങ്ങളിലൂടെ യേല്‍,ഹാര്‍വാഡ് തുടങ്ങിയ സര്‍വ്വകലാശാലകളില്‍ അത്തരം വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങളവതരിപ്പിക്കുന്നതുമൊന്നും നാം കാണാതെ പോവരുത്. ഇംഗ്ളീഷ് ഭാഷയില്‍ പ്രബന്ധമവതരിപ്പിക്കുമ്പോഴും, മലയാളഭാഷ അവരുടെ ഉപബോധമനസ്സില്‍ ചെലുത്തിയ സ്ഥാനം ഇവിടെ പ്രധാനമാണ്. മലയാളഭാഷയുടെ അടിയൊഴുക്കാണ് അവരുടെയൊക്കെ ഊര്‍ജ്ജശ്രോതസ്സ്. സാഹിത്യത്തിലൂടെ മാത്രമാണ് മലയാളം വളരുന്നത് എന്നതും, സാഹിത്യകാരന്മാര്‍ക്ക് മാത്രമെ ഈ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നു കരുതുന്നതും മൗഢ്യമാണ്. ഭാഷ മരിച്ചിട്ടില്ല. അത് അങ്ങേയറ്റം ഊര്‍ജ്ജസ്വലമായി നിലകൊള്ളുന്നു.....

  ReplyDelete
  Replies
  1. ഇസ്ഹാക്ക് അവര്‍കളുടെ ചിത്രം ഗംഭീരമായി. കഥയോട് ചേര്‍ന്നു നില്‍ക്കുന്ന നല്ല ചിത്രം .ശരിക്കും പ്രൊഫഷണല്‍.....

   Delete
  2. മാഷേ ഗുരുവന്ദനം ,

   ഭാഷ മരിച്ചു എന്ന് കഥയില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല. കുഴിച്ചിട്ടു എന്നേയുള്ളൂ .. കത്തിച്ചതുമില്ല. കാരണം കുഴിചിട്ടിടത്തുനിന്നും ഒരു കിളര്‍ത്തുവരവ് എന്ന പ്രതീക്ഷ അപ്പോഴും മനസ്സില്‍ ബാക്കിയുണ്ട്. പക്ഷേ , അതിനായ് വെള്ളമൊഴിച്ച് പരിപാലിക്കുന്ന ഒരുവന്റെ / ഒരുവളുടെ വരവിനായുള്ള കാത്തിരുപ്പ് കൂടിയുണ്ട്.

   കഥയെ വളരെ നല്ലരീതിയില്‍ വായിച്ചു , തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ള ഈ അഭിപ്രായമാണ് എന്നും ഊര്‍ജ്ജം. ഗുരവേ നമ:

   എന്നും സ്നേഹ ബഹുമാനങ്ങളോട് കൂടി ,

   അംജത്.

   Delete
  3. ശവക്കോട്ടമൈതാനിയോടു ചേര്‍ന്നുള്ള കൂറ്റന്‍ മതിലിനു സമീപം.....
   ശവക്കോട്ടയുടെ പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള......
   ശവക്കോട്ടമതിലിനോട് ചേര്‍ന്നൊഴുകുന്ന അഴുക്കുചാലിനരുകില്‍......
   അയാള്‍ ശവക്കോട്ട വാതിലും കടന്ന് അകത്തേക്ക് നടന്നു......
   വിജനമായ ശവക്കോട്ടയങ്ങിനെ അഹങ്കാരത്തോടുകൂടിയ …....
   ഇരുവശവും എരിഞ്ഞും പുതഞ്ഞും കിടക്കുന്ന ശേഷിപ്പുകളുടെ ഇടയില്‍ക്കൂടി.....
   കുട്ട മൂടിയിരുന്ന ചുമപ്പും പച്ചയും വെള്ളയും ഇടകലര്‍ന്ന തുണി......
   കുഴിയിലേക്കിറക്കുമ്പോള്‍ നിരയും നിലയും ഒപ്പിച്ചുതന്നെ വേണം......
   നിരയൊപ്പിച്ചു പേരുച്ചരിച്ചു കുഴിയിലേക്കു വെച്ചു........

   കഥയില്‍ ഉപയോഗിച്ച ഈ ഇമേജറികള്‍ ഒരു ശവമടക്കിന്റെ ലക്ഷണങ്ങളായേ വായിക്കാനാവുന്നുള്ളു. വീണ്ടും കിളിര്‍പ്പിക്കാനുള്ള ഒരു ദൗത്യമായിരുന്നു എങ്കില്‍ ഇത്തരം ഇമേജറികള്‍ക്കു പകരം മറ്റുവല്ലതും തേടുന്നതായിരുന്നു നല്ലത്. വായനയില്‍ തോന്നിയത് ഇങ്ങിനെയാണ്. ഇതോടൊപ്പം ഒരു കാര്യംകൂടി ഉണര്‍ത്തിക്കുന്നു.....

   അതായത്., ജീവിക്കാനും, കുടുംബം പുലര്‍ത്താനും വേണ്ടി സ്കൂള്‍ മാഷുടെ പണി എടുക്കേണ്ടിവന്ന ഒരു തനി ലോക്കലിനെ കേറി ഗുരുവേ എന്നൊക്കെ വിളിച്ച് സംബോധന ചെയ്യുകയും അവര്‍ക്ക് ഗുരുവന്ദനം പറയുകയും ചെയ്താല്‍ ഗുരുപാരമ്പര്യ നിയമപ്രകാരം തല്‍പ്പരകക്ഷിയെ ഇംപീച്ച് ചെയ്യാവുന്നതാണ്. കൂടാതെ വിളിയുടെ കാഠിന്യമനുസരിച്ച് അവര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനും, തദ്വാര സ്ക്രൂട്ടിനൈസ് ചെയ്യാനും നിയമത്തില്‍ വകുപ്പുണ്ട്......

   Delete
  4. നേര്‍വഴികാട്ടുക എന്നതാണ് ഗുരുധര്‍മ്മം. അതാര് ചെയ്താലും അവര്‍ ഗുരുവാണ്. മാഷിനെ മാഷേ എന്ന് നീട്ടിവിളിക്കുമ്പോള്‍ ആ ഗുരുസ്നേഹവും ബഹുമാനവും എല്ലാം അടങ്ങിയിരുക്കുന്നു മാഷേ ....!

   Delete
  5. മാഷേ അല്ലാതെ ആരെയ ഞങ്ങള്‍ ഗുരുവേ എന്ന് വിളിയ്ക്കുക ഗുരുവേ

   Delete
 9. കുഴിച്ചുമൂടിയാലും ചിലയിടങ്ങളില്‍ ആര്‍ത്തുതളിര്‍ക്കുമല്ലോ
  ശുഭാപ്തിവിശ്വാസിയാകൂ മകനേ

  ReplyDelete
  Replies
  1. ആ വിശ്വാസം ആണ് കുഴിച്ചു മൂടുവാന്‍ പ്രേരിപ്പിച്ചത് അജിത്തേട്ടാ ! നന്ദി

   Delete
 10. "നല്ല മലയാളം മരിക്കില്ലോരിക്കലും നമ്മള്‍ മക്കളുള്ള കാലം" എന്നു നമുക്കോരോരുത്തര്‍ക്കും നമ്മുടെ ബ്ലോഗിലൂടെയെങ്കിലും ഉറക്കെ പറയാം.....

  ReplyDelete
  Replies
  1. പറയണം ... അങ്ങിനെ ഉറക്കെ പറയിക്കണം ... അതാണ്‌ ഈയുള്ളവന്റെയും ആഗ്രഹം വിനോ ...! നന്ദി സുഹൃത്തേ .

   Delete
 11. നല്ല കഥ.ഭാഷയുടെ മരണം സംഭവിച്ചു കഴിഞ്ഞു.അത് കാണാതിരുന്നിട്ട് കാര്യമില്ല.സുന്ദരമായ ആഖ്യാനം

  ReplyDelete
  Replies
  1. മരണവിശ്വാസികളെ ഇതിലെ ഇതിലെ ... ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും അവിശ്വസിക്കരുത് !

   Delete
 12. ആശയം പുതുതല്ലെങ്കിലും അത് കഥയാക്കാന്‍ കാണിച്ച ആര്‍ജവം ,രചനാ ശൈലി എല്ലാം ഇഷ്ടപ്പെട്ടു.. നല്ല കഥ തന്നെ..

  ബാക്കി എനിക്ക് പറയാന്‍ തോന്നിയതെല്ലാം പ്രദീപ്‌ മാഷ് വളരെ വിശദമായി പറഞ്ഞു കഴിഞ്ഞു.. ഭാഷയെ അകമഴിഞ്ഞ് സ്നേഹിക്കുന്നവര്‍ റിയാലിറ്റി ഷോകളിലെ ഭാഷാപ്രയോഗങ്ങള്‍ കണ്ടു വ്യാകുലപ്പെടുന്നതില്‍ അര്‍ത്ഥമില്ലാ എന്നാണ് എനിക്ക് പറയാനുള്ളത്..

  ഭാഷയേ ചുമക്കൂ.. അതിനു മൂടിയില്ലാതെ തന്നെ.. അത് നമ്മുടെ കടമയാണ്.. പക്ഷെ കുഴിച്ചുമൂടാന്‍ വരട്ടെ..

  ReplyDelete
 13. പുതുമയോടെ വ്യത്യസ്തയോടെ അവതരിപ്പിച്ചു..ആശംസകള്‍

  ReplyDelete
 14. ഇഷ്ടപ്പെട്ടു പുതുമയുള്ള ഈ അവതരണം.

  ReplyDelete
 15. ഭാഷ ജനകീയമാകുന്നതും അത് നിലനില്‍ക്കുന്നതും ആ ഭാഷ കൈകാര്യം ചെയ്യുന്ന സമൂഹത്തിന്റെ 'അതിജീവനം' ആ ഭാഷയില്‍ തന്നെ സാധ്യമാകുമ്പോഴും അതുള്‍ക്കൊള്ളുന്ന ജനതയുടെ 'ചലനാത്മകത'യ്ക്ക് ആക്കം കൂട്ടുമ്പോഴാണ്.

  നമുക്കറിയാം ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 'വാക്കുകളാണ്'. അവ സത്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലാ എങ്കില്‍ തീര്‍ച്ച, സമൂഹം പരാജയത്തില്‍ തന്നെ..!

  നമ്മുടെ, മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ കേള്‍ക്കപ്പെടുന്ന വാചക കസര്‍ത്തുകളില്‍ എന്താത്മാവിനെയാണ് കാണാന്‍ സാധിക്കുന്നത്..? സമസ്ത മേഖലയിലും മലയാളവും മലയാളിയും ആത്മാവ് നഷ്ടപ്പെടുത്തിയിരിക്കുന്നു.

  നമുക്ക് വേണ്ടത് സത്യമാണ്. സത്യമായ സ്നേഹമാണ്. 'ഭാഷയോട് മാത്രമല്ല ഭാഷയിലും വേണം ആ സ്നേഹം'. ജീവിപ്പിക്കുന്ന ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സ്നേഹം.

  സ്വന്തം ഭാഷയില്‍ അതിജീവനം സാധ്യമാകുമ്പോള്‍ അത് സ്വാഭാവികമായി വന്നുചേരും. എങ്കില്‍ ഇപ്പോഴുള്ള {അപൂര്‍ണ്ണമായ} ഭാഷയില്‍ നിന്നുകൊണ്ട് അതിജീവനത്തിനു വേണ്ടി ശ്രമിക്കുകയും സ്വന്തം ഭാഷയെ കണ്ടെത്തുകയോ വീണ്ടെടുക്കുകയോ വേണം. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യത്തെ വാക്കാണ്‌ പുഞ്ചിരി. അങ്ങനെ പുഞ്ചിരിക്കുന്ന സ്നേഹമായി ഭാഷ പ്രയോഗിക്കുവാനും ഭാഷയെ അഭിമുഖീകരിക്കാനും സാധിക്കേണ്ടതുണ്ട്‌.


  ReplyDelete
  Replies
  1. നാമുവേ .... വല്ലാത്ത വായന സ്പഷ്ടമായ അഭിപ്രായം .. സ്നേഹം സഖേ !

   Delete
 16. 'ചിലര്‍ ഒളിഞ്ഞാഘോഷിക്കുകയും , ചിലര്‍ ശപിക്കുകയും , മറ്റു ചിലര്‍ വിശ്രമിക്കുകയും ചെയ്ത ഒരു ഹര്‍ത്താല്‍ നാള്‍ കഴിഞ്ഞാണ് അയാള്‍ അവ ഒരു കുട്ടയില്‍ അടുക്കി പുറപ്പെട്ടത്. പുറത്തേക്ക് തള്ളിത്തെറിക്കുന്ന ചില 'ചില്ലുകളെ' ആ വട്ടക്കുട്ടയില്‍ ഒതുക്കുവാന്‍ ചില്ലറ പാടല്ല പെട്ടത് !'

  അംജതിക്കാ ഇത്തരം വേറിട്ട അവതരണങ്ങൾ, പുതുമയുള്ള വിഷയങ്ങൾ അവ ഇവിടെ അമാവാസിയിൽ വായിക്കാനാവുന്നത് സന്തോഷം തന്നെ. മറ്റു പല നല്ല വായനാശീലമുള്ളവർക്കും മറ്റെവിടെയെങ്കിലും ഈ വിഷയാവതരണം വായിച്ച് മടുപ്പ് തോന്നിയേക്കാം, പക്ഷെ എനിക്കങ്ങനെയല്ല. ആ 'ഭാഷ മരിക്കുന്നു' സാധാരണ കേൾക്കാറുള്ള കഴുതരോദനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം. ആദ്യ പാരഗ്രാഫ് വായിച്ചപ്പോൾ എന്നിൽ ചെറുതായൊരു സംശയം വന്നെങ്കിലും രണ്ട് മൂന്ന് പാരഗ്രാഫ് കൂടി കഴിയേണ്ടി വന്നു അത് 'ഭാഷയുടെ മരണമാ'ണെന്ന്' തിരിച്ചറിയാൻ.! വളരെ നല്ല അവതരണം.
  പിന്നെ മലയാള ഭാഷയുടെ സഞ്ചയനത്തിനിടയിലും എനിക്കൊരു മലയാള വാക്ക് പുതുതായി പഠിക്കാനൊത്തു, 'രതികൂജനങ്ങൾ'.

  പിന്നെ എന്റേതു മാത്രമായ ദൃഷ്ടിയിലൂന്നിയ അഭിപ്രായമാണെങ്കിൽ, ഒരു ഭാവിശുഭ പ്രതീക്ഷയില്ലാത്ത ഈ കഥാവതരണം എന്റെ മനസ്സിന് ഇഷ്ടമായില്ല. ഞാൻ ഏതവസാനത്തിലും ഒരു തുടർച്ച പ്രതീക്ഷിക്കുന്നവനാണ്.('.' ഒരു ഫുൾസ്റ്റോപ്പും, '...' തുടർച്ചയുമാണ്).
  എന്തായാലും വളരെ സത്യസന്ധമായ അവതരണം.
  ആശംസകൾ.

  ReplyDelete
  Replies
  1. മന്വെ മറുപടി കമന്റ്‌ കലക്കീട്ടാ !

   Delete
 17. അംജതിക്കാ ...

  കാച്ചിക്കുറുക്കിയെടുത്ത വാക്കുകളും പ്രയോഗങ്ങളും മനോഹരം . ഹൃദ്യമായ വായനാനുഭവം.

  ഇത് ശരിയാണെങ്കില്‍ ബാകിയുള്ളവയെല്ലാം തെറ്റാണെന്ന് വിശ്വസിക്കാനാഗ്രഹിക്കാത്ത ഒരു വായനക്കാരന്‍റെ പ്രതിഷേധമാണ് ഇനിയുള്ള വരികളെന്നു ഓര്‍മ്മപ്പെടുത്തട്ടെ .

  എഴുത്തച്ഛന്‍ എഴുതിയ മലയാളമാണോ നമ്മളിന്നുപയോഗിക്കുന്നത് ?? ഭാഷയുടെ വകഭേദങ്ങള്‍ ശരിക്കും ഭാഷയെ സമ്പന്നമാക്കുകയല്ലേ ചെയ്യുന്നത് . ഒരു രഞ്ജിനി പറയുന്നത് യഥാര്‍ത്ഥ മലയാളമല്ലെന്നു പറയാന്‍ നമുക്കെന്തവകാശം ? നമ്മളുപയോഗിക്കുന്നത് യഥാര്‍ത്ഥ മലയാളമാണോ ?
  അല്ല . ഒന്നുമില്ലെങ്കിലും നമ്മളെപ്പോലെ ഞാനുപയോഗിക്കുന്നത് യഥാര്‍ത്ഥ മലയാളമാണെന്ന് പറഞ്ഞു വിലപിക്കുന്നില്ലല്ലോ അവര്‍ .

  കുഴിച്ചു മൂടിയതോക്കെയും തന്നത്താന്‍ പൊട്ടി മുളയ്ക്കുന്നുണ്ടോ ?? ഭാഷയെ കുഴിച്ചുമൂടുന്നതായി ചിത്രീകരിച്ചു . കഥാകൃത്ത്‌ കുഴിച്ചു മൂടിയത് പൊട്ടിമുളയ്ക്കാനാണെന്ന് പറഞ്ഞ് കയ്യും കഴുകി . എഴുത്തില്‍ ആ പ്രതീക്ഷ എവിടെയും കണ്ടില്ല .
  ( ഇത്രയുമെഴുതി പ്രതിഷേധിക്കുന്ന എന്നെയോ അറിയില്ലെന്ന് വയ്ക്കാം :D . ഇത്ര നന്നായെഴുതിയ നിങ്ങളെയെങ്കിലും സങ്കല്‍പ്പിച്ചു കൂടായിരുന്നോ )

  ഇതൊന്നുമറിയാതെ കൂടയില്‍ ചുമന്നു നടന്ന അയാളൊരു വിഡ്ഢിയാണ് . മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്ന വിഡ്ഢി . ചിതലരിക്കുന്ന ഭാഷയെ മിനുക്കിയെടുക്കാന്‍ അയാളെന്തു ചെയ്തു ? കുഴിച്ചു മൂടുന്നതിനു പകരം അയാള്‍ക്കത് വീതം വയ്ക്കാമായിരുന്നില്ലേ? പകര്‍ന്നു കൊടുക്കാമായിരുന്നില്ലേ ? എന്തു കൊണ്ടു ചെയ്തില്ല .

  ഇന്നത്തെ തെറ്റ് ചിലപ്പോള്‍ നാളെ ശരിയായിരിക്കാം . നാളത്തേത് മറ്റന്നാളും . അതുപോലെ ഇന്നത്തെ ശരി ഇന്നലത്തെ തെറ്റായിരിക്കാം . പറഞ്ഞു മനസ്സിലാക്കി കൊടുക്ക്‌ ആ വിഡ്ഢിക്ക്.

  ഭാഷ മരിക്കില്ല . ജീവിക്കും നമ്മളിലൂടെ. നമ്മുടെ വഴികളിലൂടെ .

  ReplyDelete
  Replies
  1. ഓരോരുത്തരുടേയും ചെയ്തികള്‍ എന്നും അവരവരുടെ കണ്ണുകളില്‍ ശരിയാണ് രജീഷ്. :)

   Delete
 18. നല്ല രീതിയൽ പറഞ്ഞു. അഭിനന്ദനങ്ങൾ..
  ശവക്കോട്ടയിൽ കുഴിച്ചിട്ടത് പിന്നീട് തിരിച്ചു വരില്ല എന്ന സാധാരണ പ്രയോഗം കൊണ്ടാണ് ഭാഷ മരിച്ചു, കുഴിച്ചിട്ടു ഇനി അവിടെ ഒരു പ്രതീക്ഷക്ക് വക ഇല്ല എന്ന് തോന്നിപ്പോകുന്നതും. (എന്റെ ഒരു തോന്നൽ)

  ReplyDelete
  Replies
  1. തീയില്‍ നിന്നും ഉയിര്‍കൊണ്ട് തിരിച്ചു വരുന്നു എന്നപ്രയോഗം പ്രായോഗികമായി എത്ര ശരിയാണ് ജെഫുവേ ! :)

   Delete
 19. അവതരണം കൊള്ളാം - ബാക്കി മറ്റുള്ളവരെ ശ്രദ്ധിക്കുന്നു.
  രണ്ടും കേൾക്കുന്നു.
  ബാക്ക് ഗ്രൌണ്ട് കളര ബുദ്ധിമുട്ടാക്കുന്നു.

  ReplyDelete
  Replies
  1. അതങ്ങാട് മാറ്റി . ഇനി വായിച്ചാളീ ശിഹാബൂ ! :)

   Delete
 20. "അ , ആ , ഇ , ഈ , ...................................................................... അ : ഇതൊക്കെ ഒരുമാതിരി എല്ലാ ഭാഷയിലും ഉണ്ട് അത് കൊണ്ട് മരിച്ചതോ കുഴിചിട്ടതോ എന്തായാലും മലയാളം ആവില്ല ഏതോ അന്യ സംസ്ഥാന ഭാഷ ആയിരിക്കും എന്ന് പറഞ്ഞാൽ പോലും കുറച്ചു ക്രൂരത ആയി പോകും
  എന്തായാലും അത് വിത്ത് കൊണ്ട് ഹര്ത്തൽ ഇല്ലാത്ത ഒരു ശ്മശാനത്തിൽ കിളിച്ചു മരം പോലെ പടരാൻ കുഴിച്ചിട്ടു അത്ര അതന്നെ
  ഒരു കഥ എന്നാൽ അതിലെ ശരിയോ തെറ്റോ അല്ലല്ലോ നോക്കേണ്ടത് അത് പകരുന്ന ചിന്ത ഒരു പാട് ചിന്തകളിൽ കൂടികടന്നു വരുന്നുണ്ട് ഈ കഥ
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ബൈജു. നല്ലൊരു വായനയ്ക്ക്

   Delete
 21. വായനയുടെ അന്തിമവിശകലനത്തില്‍ എനിക്കും പ്രദീപ്‌ മാഷിനോടൊപ്പം നില്‍ക്കാനാണിഷ്ടം. ഗോത്ര/ വര്‍ഗ്ഗ / പ്രാദേശികവ്യവഹാരങ്ങളിലെ വാമൊഴിവഴക്കങ്ങളില്‍ നിലനിന്നിരുന്ന തനത് ശൈലിയും ഇമ്പവും ചോര്‍ന്ന്‍ പോയിട്ടുണ്ടാവാമെങ്കിലും സഹ്യനും കടന്ന് ദൂരം തേടിയ മലയാളിയിലൂടെ മലയാളത്തിന് കൈവന്ന സാര്‍വ്വലൌകികമാനം നാം കാണാതിരുന്നു കൂടാ... മുമ്പ് ചെന്തമിഴോ, മറ്റ് ദ്രാവിഡീയ വാഗ്ചേരുവകളോ മലയാളത്തിന്റെ പാചകക്കൂട്ട് ആയിയിരുന്നത് പോലെ ഇംഗ്ലീഷിലൂടെ മലയാളം പഠിച്ചവര്‍ വാക്കുകളെ ആംഗ്ലിക്കന്‍ രീതിയില്‍ ക്രമപ്പെടുത്തുന്നത് വലിയ തെറ്റൊന്നുമല്ല. പട്ടന്മാര്‍ തമിഴ് ചേര്‍ത്തും, മലപ്പുറം മാപ്പിളമാര്‍ അറബിയും മതസംജ്ഞകളും കൂട്ടിയിണക്കിയും ഉത്തരകേരളത്തിന്റെ സൌത്ത് കാനറ സ്വാധീനവും കേള്‍ക്കുമ്പോള്‍ തോന്നാത്ത ചെടിപ്പ് പുതിയ കുട്ടികള്‍ അവര്‍ 'അരിഞ്ഞ മലയാലം' കേള്‍ക്കുമ്പോള്‍ തോന്നുന്നത് ഭാഷാമൌലികവാദമാണ്. എല്ലാ ഭാഷയും എന്ന പോലെ മലയാളവും പൂര്‍ത്തീകരണം തേടുകയാണ്. ചില വാക്കുകള്‍ അടക്കേണ്ടി വന്നേക്കാം. വിഢിമാന്‍ പറഞ്ഞത് പോലെ അര്‍ഹതയുള്ളത് അതിജീവിക്കുക തന്നെ ചെയ്യും. ( ഹോ ! ചുമ്മാ തെറ്റിദ്ധരിച്ചു, മ്മടെ രഞ്ജിനിയെ...)
  അവസാനത്തെ ഒരു വരി ഇല്ലായിരുന്നെങ്കില്‍ കഥയ്ക്ക് കുറേക്കൂടി വിശാലമായ ഒരു വായനാസാധ്യത ലഭ്യമായേനെ...
  അവതരണമികവിന് നൂറ് പൂക്കള്‍...
  അഭിനന്ദനങ്ങള്‍ അംജത്....

  ReplyDelete
  Replies
  1. ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ 'അണ്ണാച്ചി' പെര്‍ഫോമന്‍സ് അവലോകനം ചെയ്തു മാര്‍ക്കിടുന്നത്‌ പോലെയായിപ്പോയി ഉസ്മാന്‍ ഇക്കാ ! ഹഹഹ ... നന്ദി .

   Delete
 22. കുഴിച്ചു മൂടിയതിനാൽ അവിടവിട ഇടയ്ക്കു അല്പം ജലം പകരാൻ ആളുണ്ടായാൽ കിളുർത് കിളുർത്തു അതൊരു വന്മരം ആകാനുള്ള സാദ്ധ്യത തള്ളിക്കളയാനും കഴിയില്ലല്ലോ ! അപ്പോൾ ആശക്ക്‌ വഴി ഇനിയും ബാക്കി ഉണ്ട്

  ReplyDelete
  Replies
  1. ആശയില്ലാത്ത വായനയ്ക്കിടയില്‍ ആശങ്കയില്ലാതെ ഏരിയല്‍ സര്‍. നന്ദി .

   Delete
 23. വര ഗംഭീരം - അങ്ങനെ തുടങ്ങാം അല്ലെ?
  കഥ - അതോ ഇപ്പോഴത്തെ ഒരു ചിന്തയോ? - എന്തായാലും അമ്ജതിനെ പോലെ മനോഹരമായി ഭാഷ വളര്‍ത്തുന്ന ഒരാള്‍ എഴുതുന്നത് ആലോചിക്കുമ്പോള്‍, നമ്മള്‍ അറിഞ്ഞു കൊണ്ട് അടിയറ വെക്കുകയാണോ? അതോ -ഇനിയില്ലിവിടെയൊരു ജനിമൃതി കൂടി എന്ന് സ്വയം വിചാരിച്ചു -നശ്വരം എന്ന് നമ്മള്‍ വിശ്വസിച്ച, ആഗ്രഹിച്ച, സ്നേഹിച്ച എന്തിനെയോ നിഷ്കരുണം തള്ളിക്കളയുകയോ??
  എനിക്ക് ഈ കഥയുടെ അന്ത്യത്തില്‍ തീരെ യോജിപ്പില്ല , കാരണം അതങ്ങനെ സംഭവിക്കില്ല എന്നുറപ്പ് ഉള്ളത് കൊണ്ട് തന്നെ :)

  ആ കുഴിയിലെ വിത്തുകള്‍ മുളച്ചു ഉണ്ടാകുന്ന ഭാഷാ ചെടി വളര്‍ന്നു വലുതായി അക്ഷരങ്ങളാകുന്ന നല്ല ഫലങ്ങള്‍ ഉണ്ടാകട്ടെ .

  ReplyDelete
  Replies
  1. അതെ രക്ഷകനെ തേടി കാത്തുകിടക്കുന്നൊരു വിത്ത് ! ആര്‍ഷ. നന്ദി !

   Delete
 24. വായിച്ചു, വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 25. എന്തും ഏതും മാറ്റത്തിന് വിധേയമാണ്. ഭാഷയും അതിനു ഒരു അപവാദം അല്ല. മാറുന്ന കാലത്തിനു ആനുസരിച്ചു പുതിയ പദങ്ങള്‍, കഠിനമായ പദങ്ങളെ ലളിതവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ ഒക്കെ ചെയ്യാതെ ഭാഷയെ കുഴിച്ചിട്ടത് എന്തോകൊണ്ടാണ്? കുട്ടിയെ പട്ടിണിക്കിട്ട് കൊന്നിട്ട് കൊച്ചു ചത്ത്‌ പോയി എന്ന് വിലപിക്കുന്നതില്‍ കാര്യമുണ്ടോ?

  ReplyDelete
 26. കുഴിയില്‍ നിന്നും വീണ്ടും തളിര്‍ത്ത് ഇലകള്‍ പൊട്ടി വടവൃക്ഷമായി വളര്‍ന്ന്‍ പന്തലിക്കട്ടേയെന്ന്‍ ആഗ്രഹിച്ചുകൊണ്ട്...

  ReplyDelete
 27. ചിലരുടെ ഭാഷ കേൾക്കുമ്പോൾ ചിലപ്പോളൊക്കെ ഒന്ന് കുഴിച്ചു മൂടുവാൻ എനിക്കും തോന്നാറുണ്ട്, മ ണ്ണടിയുവാനല്ല, പൂര്വ്വാധികം ശക്തിയോടെ മൂന്നാം നാൾ ഉയിര്ത്തെണീക്കുവാൻ

  ReplyDelete
 28. അവതരണം ഗംഭീരം . ബാക്കി തോന്നിയതെല്ലാം മുകളില്‍ അഭിപ്രായങ്ങളായി വന്നു കഴിഞ്ഞു . .

  ആര്‍ത്തിപെരുത്ത രാക്ഷസന്മാരെപ്പോലെ ഭൂമിയില്‍ നിന്നും നെടുനീളെ വാനിലേക്കുയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍ക്കിടയില്‍ക്കൂടി അയാള്‍ നടന്നു.... ഇവിടെ എന്തോ ഒരു പന്തികേട് തോന്നുന്നുവോ?

  ഭൂമിയില്‍ നിന്നും നെടുനീളെ വാനിലേക്കുയര്‍ന്ന കെട്ടിടങ്ങള്‍കിടയിലൂടെങ്ങള്‍ക്കിടയിലൂടെ അയാള്‍ നടന്നു എന്നതാവുമോ കുറച്ചു കൂടി നല്ലത്. ഫ്ലാറ്റുകളെ ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ ഓരോ നിലകളില്‍ ഉള്‍ക്കൊണ്ട്‌ നില്‍ക്കയാണല്ലോ. മികച്ച ഒരു ക്രാഫ്റ്റ്‌ ഈ കഥക്കുണ്ട്. ആയതിനാല്‍ മനസ്സില്‍ തോന്നിയത് പറഞ്ഞു പോകുന്നു എന്ന് മാത്രം .. ആശംസകള്‍ അംജത്‌

  ReplyDelete
  Replies
  1. അതെ ശരിയാണ് വേണുചേട്ടാ ഫ്ലാറ്റിനു പകരം കെട്ടിടങ്ങള്‍ എന്നാ വാക്കാണ്‌ അവിടെ ചേരുക. നന്ദി ചേട്ടാ ഈ സൂക്ഷ്മ വായനയ്ക്ക്.

   Delete
 29. ആരൊക്കെ എങ്ങിനെയൊക്കെ കുഴിച്ചുമൂടിയാലും ,
  ഇന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി
  നൂറ് മേനി വിളയുന്ന വിത്തിട്ട പോലെ അനേകം നാമ്പുകളായി
  തളിർത്ത് പന്തലിച്ച് വരികയാണ് കേട്ടൊ ഭായ്

  ReplyDelete
 30. വളരെ നന്നായിട്ടുണ്ട്.... :)

  ReplyDelete
 31. ആദ്യമായിട്ടാണ് ഇവിടെ. കുട്ടയില്‍ എന്താവും എന്ന ആകാംക്ഷ അവസാനം വരെ പിടിച്ച് വലിച്ച് മുന്നോട്ട് കൊണ്ടുപോയി. അവതരണ ശൈലിയും ഇഷ്ടപ്പെട്ടു. കഥാന്ത്യം ഒട്ടും തന്നെ ഇഷ്ടമായില്ല. അ കുഴിച്ചുമൂടല്‍ അതിശയോക്തി തന്നെ..

  ReplyDelete
 32. തട്ടും പുറത്തിരിക്കുന്ന ആ പഴയ വസ്തുവിനെ അങ്ങിനെ ഇടാതെ തേച്ചുമിനുക്കുന്നത് നല്ലതാണ്.
  എല്ലാവരും പറഞ്ഞു. ഇനി ഞാനെന്തു പറയാനാണ്.

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......