Thursday, 14 May 2015

മുത്തശ്ശിക്കഥ.

''പണ്ട് പണ്ട് പണ്ട് .... പണ്ടെന്നു  പറഞ്ഞാല്‍ വളരെ  പണ്ട് ...............  "


Sunday, 15 December 2013

ചിത്രപ്പേച്ചുകള്‍.
                                             ചിത്രം കടപ്പാട് : ഗൂഗിള്‍.


വെറുക്കപ്പെടുന്ന ദിനങ്ങളുടെ ആരോഹണക്രമം അവളെ ആശങ്കപ്പെടുത്തിയില്ലാ എന്ന് തന്നെ പറയാം,  തികച്ചും !

തികച്ചും യാദൃച്ഛികമായാണ്  ആഴ്ചപ്പതിപ്പിലെ കവിതാ ശകലത്തോടൊപ്പമുള്ള ആ ഫോട്ടോ അവള്‍ ശ്രദ്ധിച്ചത് തന്നെ.
നീണ്ട കൈവിരലുകളുള്ള ആ കൈപ്പത്തിയിലെ ചെറുവിരലിലെ നഖമറുക് അത് പോലെ !

അതുപോലെയുള്ള മറുകുകള്‍ ഉള്ള കൈവിരല്‍ സാദ്ധ്യതകളെയോര്‍ത്തു സമധാനിച്ചുകൊണ്ട് കവിതയിലെ അവസാനവരികള്‍ക്കടിയില്‍  ചുവന്ന മഷിയാല്‍ വരച്ചു.

'ചെറുവിരല്‍ പോലെ മുന്നില്‍ എന്നാലും എന്നും പിന്നിലല്ലോ !'

പിന്നാലെയാണ് അടുത്ത ലക്കത്തിലും അതെ സ്ഥാനത്ത് ചുണ്ടിന്‍റെ ചിത്രത്തിലെ ഇടതുവശത്തെ മറുക് ! ഉറപ്പിക്കുവാന്‍ കണ്ണാടിയില്‍ നോക്കി. ഇടതു വശത്തെ മറുക് കൂടുതല്‍ തെളിഞ്ഞത് പോലെ. കവിത വായിക്കാതെ പുസ്തകം വലിച്ചെറിഞ്ഞു.

വലിച്ചെറിയപ്പെടുന്ന പുസ്തക ചിത്രങ്ങളിലെ അവയവ സാദൃശ്യം അവളെ വെറുപ്പിക്കുകയും വിറപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.നാളുകളുടെ ആരോഹണക്രമത്തിനനുസൃതമായി അവളുടെ മനസ്സില്‍ തീരുമാനങ്ങളുടെ  ഏകദേശചിത്രവും രൂപപ്പെടുകയായിരുന്നു.


രൂപപ്പെടുത്തിയ കയര്‍കുരുക്ക് കഴുത്തില്‍ മുറുക്കുമ്പോള്‍ നഗ്നശരീരത്തില്‍ തുണിതുണ്ടുകള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ലാ എന്ന് അവള്‍ ഒന്നുകൂടി കണ്ണുകളാല്‍ പരിശോധിച്ചു ബോധ്യപ്പെട്ടു. അകലെയിരുന്നു അവയവവെളിപാടുകള്‍ നല്‍കുന്നവര്‍ക്ക് ഇനി അധികമൊന്നും വെളിപ്പെടുത്തുവാന്‍ കഴിയുകയില്ലെന്ന ആശ്വാസം പ്രതികാരാനന്തരഫലമെന്നോര്‍ത്തു അവള്‍ പൊട്ടിച്ചിരിച്ചു.

പൊട്ടിച്ചിരികേട്ട് ഞെട്ടി ഉണര്‍ന്ന് ചിലര്‍ പുതുയാത്രക്ക് തയ്യാറെടുക്കുകയായിരുന്നു. അകലെ... !

അകലെ ചില സ്ക്രീനുകള്‍ പുകഞ്ഞുകൊണ്ടേയിരുന്നു.


മുന്നറിയിപ്പ് :
------------------

സംഭവിച്ചതോ , സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുമായോ, ആളുകളുമായോ സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികമല്ല, എല്ലാം മനപ്പൂര്‍വ്വം മാത്രം.

Saturday, 5 October 2013

ലോപം

ചിലര്‍ ഒളിഞ്ഞാഘോഷിക്കുകയും , ചിലര്‍ ശപിക്കുകയും , മറ്റു ചിലര്‍ വിശ്രമിക്കുകയും ചെയ്ത ഒരു ഹര്‍ത്താല്‍ നാള്‍ കഴിഞ്ഞാണ് അയാള്‍ അവ ഒരു കുട്ടയില്‍ അടുക്കി  പുറപ്പെട്ടത്. പുറത്തേക്ക് തള്ളിത്തെറിക്കുന്ന ചില 'ചില്ലുകളെ' ആ വട്ടക്കുട്ടയില്‍ ഒതുക്കുവാന്‍ ചില്ലറ പാടല്ല പെട്ടത് ! 


പഴമുറക്കാര്‍ എന്നും തേച്ചു തുടച്ച് വൃത്തിയാക്കി മിനുക്ക്‌ കൂട്ടിവെച്ചിരുന്നവ ഇന്ന്  മച്ചിനു മുകളില്‍ പൊടിപിടിച്ചു കറുത്ത് തുടങ്ങിയിരുന്നു. ചിലവ വക്കുകളില്‍ ദ്രവിച്ചു പകുതിയായും , ചിലവ എങ്ങോ പോയൊളിഞ്ഞെന്നപോല്‍ കാണാതെയുമായത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് അതങ്ങ് കളയാം എന്ന് തീരുമാനിച്ചതും. തലമുറ തലമുറ കൈമാറി കിട്ടിയ ' പൊരുള്‍ ' ആയിരുന്നല്ലോ . നിധിയെന്നവണ്ണം സൂക്ഷിക്കേണ്ടവ. അതിങ്ങിനെ നശിക്കുന്നത് കാണുവാന്‍ വയ്യാഞ്ഞിട്ടാ !വര : ഇസഹാക്ക് .വി.പി.
പുതുമക്കാര്‍ പലകുറി മച്ചിനു മുകളില്‍ കയറിയിറങ്ങിയെങ്കിലും പുതുകോപ്രായങ്ങളുടെയിടയില്‍ ഇവയെ കാണാനോ പൊടിതട്ടി തൂത്തൊന്ന് ബഹുമാനിക്കുവാനോ കഴിഞ്ഞില്ലാ ! പിന്നെ  ചിലര്‍ ചിലതൊക്കെ പരിഷ്ക്കരിച്ചൊരുക്കി രൂപമാറ്റം വരുത്തി അവരുടെ അന്തസ്സിന്റെ കണ്ണാടിക്കൂടില്‍ വെച്ചിട്ടുണ്ട്. സ്വന്തമായി ഉപയോഗിക്കുവാനല്ല , വിരുന്നുകാരുടെ മുന്നില്‍ വീമ്പിളക്കുവാന്‍! അനാവശ്യമായി പുറംകാലാല്‍ തട്ടിത്തെറിപ്പിച്ച് പുതിയതിനെ തേടിയവരെക്കാള്‍ ഇവര്‍ ഭേദം തന്നെ .

ആര്‍ത്തിപെരുത്ത രാക്ഷസന്മാരെപ്പോലെ ഭൂമിയില്‍ നിന്നും നെടുനീളെ വാനിലേക്കുയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ക്കൂടി  അയാള്‍ നടന്നു. ഫ്ലാറ്റുകളില്‍ ഘടിപ്പിച്ച ശീതീകരണികളില്‍ നിന്നും പുറത്തേക്ക് തള്ളുന്ന വായു അന്തരീക്ഷത്തെ വല്ലാതെ ചൂടാക്കിയിരുന്നു. രാത്രിഞ്ചരന്‍മാരുടെ ശ്വാസോച്ഛ്വാസം പോലെ !

ഏതോ ഒരു ഫ്ലാറ്റിലെ തുറന്ന ജനാലയില്‍ക്കൂടി, ഏതോ ദൃശ്യാവതാരിക ഭാഷയെ കൊല്ലുന്ന വികൃതമായ കൊഞ്ചല്‍ ! കിടപ്പറകളിലെ അവസാന രതികൂജനങ്ങള്‍ പോലെ ആരോഹണാവരോഹണങ്ങളിലൂടെ ശ്രോതാവിന്റെ കേള്‍വിയെക്കാള്‍ മറ്റിന്ദ്രിയങ്ങള്‍ക്ക് പരമസുഖം നല്‍കുന്ന മാന്ത്രികതയായി മാറുന്ന ഭാഷാപ്രക്ഷേപണത്തിനു നേരെയെന്നപോല്‍ അയാളൊന്നു കാര്‍ക്കിച്ചു തുപ്പി. 


കല്‍ക്കൂറ്റന്മാര്‍ അവസാനിക്കുന്നിടത്തെ കളിസ്ഥലം താണ്ടി നടക്കുമ്പോള്‍ മണ്ണിന്‍റെപൊടിപറ്റിക്കളിച്ചു നടന്നൊരു കുട്ടിക്കാലം അയാളില്‍ മിന്നിമറഞ്ഞു ! തെല്ലു നേരം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെയും അവരുടെ 'ഹൌസാറ്റ് ' 'ഷിറ്റ്' ഔട്ട്‌ വിളികളും ശ്രദ്ധിച്ചു നിന്നശേഷം വീണ്ടും നടന്നു.

'കാതോരത്തൊരോണത്തുമ്പിയും കണ്ണോരത്തൊരോണത്തുമ്പയും കടംകഥയായീ മാറിയ കാലം ..."

'നാവിന്‍തുമ്പിലെ നറുതേന്‍ ഭാഷയോ നാറും ആംഗലമായിട്ടൊരുവക നാണോം മാനോം മറന്നൊരു കാലം '

അയാള്‍ നീട്ടിപ്പാടിക്കൊണ്ട് കുട്ടയും ചുമന്നു ആവുന്ന വേഗതയില്‍ വലിഞ്ഞു നടന്നു.

നഗരാതിര്‍ത്തി അവസാനിക്കുന്ന ശവക്കോട്ടമൈതാനിയോടു ചേര്‍ന്നുള്ള കൂറ്റന്‍ മതിലിനു സമീപം എത്തുമ്പോഴേക്കും അയാള്‍ ക്ഷീണിച്ചിരുന്നു. ശവക്കോട്ടയുടെ പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള പടുകൂറ്റന്‍ മരത്തിന്‍റെ വേരില്‍ അയാള്‍ കുട്ടയിറക്കി. തലയില്‍ ചുറ്റിയ തോര്‍ത്തഴിച്ചൊന്നു കുടഞ്ഞു വീശി ശരീരമാറ്റി.

ശവക്കോട്ടമതിലിനോട് ചേര്‍ന്നൊഴുകുന്ന അഴുക്കുചാലിനരുകില്‍ കുടില്‍കെട്ടിപ്പാര്‍ക്കുന്ന നാടോടികളുടെ കുട്ടികള്‍ നാളെയുടെ ആകുലതകളില്ലാതെ അഴുക്കു മണ്ണിലും വെള്ളത്തിലും കളിക്കുന്നതും  നോക്കി അയാള്‍ നിന്നു. പ്ലാസ്റ്റിക് പടുതകളാല്‍ വലിച്ചു കെട്ടിയ ആ താല്‍ക്കാലിക കൂരയ്ക്കുള്ളില്‍ നിന്നും ഒരു പെണ്‍ശബ്ദം കുട്ടിയെ ഉറക്കുവാന്‍ താരാട്ടിന്‍റെ ഈണമൊപ്പിക്കുവാനെന്നവണ്ണം നീട്ടിപ്പാടിക്കൊണ്ടിരുന്നു.

'ആരാരോ ആരാരോ യാരടിച്ചാ നീ  അഴറെ എന്‍ അഞ്ചനക്കണ്ണ്‍മൈക്കഴറെ
യാരടിച്ചാ നീ അഴറെ കണ്ണേ എന്‍ കണ്ണുറങ്ക്" കുട്ട വീണ്ടും തലയില്‍ താങ്ങി അയാള്‍ ശവക്കോട്ട വാതിലും കടന്ന് അകത്തേക്ക് നടന്നു.വിജനമായ ശവക്കോട്ടയങ്ങിനെ അഹങ്കാരത്തോടുകൂടിയ നിശബ്ദത മുഴക്കി  നീണ്ടു കിടന്നു. അഹങ്കാരികളായ മനുഷ്യരെ നിശബ്ദരാക്കി ഞെരുക്കുന്ന ആ ചെമ്മണ്ണ്‍നിറഞ്ഞ ഭൂമിയുടെ അഹങ്കാരത്തിന് നീതിയുണ്ടെന്നോര്‍ത്തു അയാള്‍  നിറഞ്ഞു ചിരിച്ചു. 

ഇരുവശവും എരിഞ്ഞും പുതഞ്ഞും കിടക്കുന്ന ശേഷിപ്പുകളുടെ ഇടയില്‍ക്കൂടി വീണ്ടുമയാള്‍ ആ വട്ടകുട്ടയും തലയിലേറ്റി വലിഞ്ഞു നടന്നു.  കൂര്‍ത്ത ചരല്‍കഷ്ണങ്ങള്‍ നിറഞ്ഞ നടവഴിവിട്ട് കോട്ടയുടെ ഒത്തനടുക്ക് അയാള്‍ തലച്ചുമടിറക്കി. ഒരു കിളിയൊച്ച പോലും കൂട്ടിനില്ലാത്ത വരണ്ട  കാറ്റ് പൊടിപടര്‍ത്തി പറന്നകന്നു. ഉപയോഗം കഴിഞ്ഞ് ആരോ ഉപേക്ഷിച്ചു പോയ ഒരു ലോഹ കഷ്ണം തേടിപ്പിടിച്ച് അയാള്‍  കുഴിയെടുക്കുവാന്‍ തുടങ്ങി.കുഴിയുടെ പണി പൂര്‍ത്തിയാക്കി നിവര്‍ന്ന്, നെഞ്ചിലെ നരച്ച രോമങ്ങളിലൂടെ ചാലിട്ട വിയര്‍പ്പിനെ അയാള്‍ തുടച്ചു  കുടഞ്ഞു. കുഴിയുടെ വലുപ്പത്തില്‍ തൃപ്തനെന്നമട്ടില്‍ തനിയെ ഒന്ന് തലയാട്ടിക്കൊണ്ട് കുട്ട മൂടിയിരുന്ന ചുമപ്പും പച്ചയും വെള്ളയും ഇടകലര്‍ന്ന തുണിഅഴിച്ചു മാറ്റി.


കുഴിയിലേക്കിറക്കുമ്പോള്‍ നിരയും നിലയും ഒപ്പിച്ചുതന്നെ വേണം എന്ന് അയാള്‍ മനസ്സിലോര്‍ത്തു. ഓര്‍മ്മയില്‍ നിന്നും അയാള്‍ ഓരോന്നായി നിരയൊപ്പിച്ചു പേരുച്ചരിച്ചു കുഴിയിലേക്കു വെച്ചു :

"അ , ആ , ഇ , ഈ , ...................................................................... അ : !

Monday, 29 July 2013

ഒരു ഓണ്‍ലൈന്‍ പൈങ്കിളിക്കഥ.


സന്ദീപ്‌: പപ്പേട്ടന്‍ ലോലയോട് പറഞ്ഞത് പോലും പറയാന്‍ അനുവദിക്കാതെ ആ പ്രണയവും തകര്‍ന്നു അരവിന്ദ്‌. ""golden memories and silver tears “


സന്ദീപിന്‍റെ മെസ്സേജിനുള്ള മറുപടി ടൈപ്പ് ചെയ്തു.


അരവിന്ദ്‌ : “ആത്മാക്കള്‍ക്ക് മരണമില്ല. പ്രേതാത്മാക്കള്‍ക്കല്ല , പ്രേമാത്മാക്കള്‍ക്ക്. അടുത്ത പുലരിയില്‍ പുതു പൂവ് വിരിയട്ടെ.”


മുഖപുസ്തകപൂമുഖത്തു നിന്നും അരവിന്ദന്‍റെ മറ്റൊരു ദിവസവും തുടങ്ങുകയായി. ഓഫീസ് ജോലികളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചര്‍ച്ചകളും വെടിവട്ടങ്ങളുമായി ഒരു ആധുനികയുഗക്കൂട്ടം.


ഗ്രൂപ്പില്‍ സിയാഫിന്റെ കഥയെ ബിനു വലിച്ചു കീറുന്നു. പ്രദീപ്‌ മാഷിന്റെയും വിഡ്ഢിമാന്റെയും കൂട്ടത്തില്‍ കൂടാം. ബിനു റിയലിസവും സര്‍റിയലിസവും ഒക്കെ കൂട്ടുപിടിച്ച് കത്തിക്കയറുന്നു.മണ്ടൂസന്‍റെ തമാശകള്‍ ഇടയ്ക്കു പുട്ടിനു പീര ഇടും പോലെ.


മുഖപുസ്തക മഹിമ, മുഖ്യധാരക്കാരുടെ കക്കൂസ് സാഹിത്യത്തിന്‍റെ മറ്റൊരു മുഖം. പ്രദീപ്‌ മാഷിന്‍റെ വാക്കുകളില്‍ ഇ-ലോകത്തെ ഓരോ വായനക്കാരനും ഒരു എഡിറ്ററാണെന്നത് എത്ര സത്യം !


അപരിചിത: നീയെന്നെ പണ്ടെപ്പോലെ ശ്രദ്ധിക്കുന്നില്ല മടുത്തോ എന്നെ ?

മെസ്സേജ് വിന്‍ഡോയില്‍ പുതിയ മെസ്സേജ്.

അരവിന്ദ്‌: : ഓരോ തിരക്കുകള്‍. അല്ലാതെ ശ്രദ്ധിക്കാത്തതു കൊണ്ടല്ല.

അപരിചിത: വേണ്ടാ ഓരോ ന്യായങ്ങള്‍.. ഞാന്‍ ഫേക്ക് അല്ലാ എന്ന് മനസ്സിലായില്ലേ ? എന്‍റെ ശബ്ദം നീ ഫോണില്‍ കേട്ടില്ലേ ? എന്‍റെ മാത്രമല്ല കുടുംബഫോട്ടോ വരെ നീ കണ്ടതല്ലേ. എല്ലാം കഴിഞ്ഞു ഒഴിവാക്കുവാന്‍ നോക്കുകയാണോ ?

അരവിന്ദ്‌: നിനക്കെന്താ ഭ്രാന്തായോ ?

അപരിചിത: അതെ , ഭ്രാന്താണ് ഇപ്പോള്‍ നീയെന്ന ഭ്രാന്ത്‌ . ഭര്‍ത്താവിനെയും കുട്ടിയേയും പോലും ഇപ്പോള്‍ ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല.

അവള്‍ക്കുള്ള മറുപടി ടൈപ്പ് ചെയ്യുമ്പോള്‍ ആരോ മെന്‍ഷന്‍ ചെയ്തു എന്നുള്ള നോട്ടിഫിക്കേഷന്‍ കണ്ടു. ഗ്രൂപ്പില്‍ ഒരു അടിക്കുള്ള വകയുണ്ട്. വിഷയത്തിലേക്ക് നല്ല ചൂടന്‍ കമന്റുകള്‍ക്ക് ടൈപ്പ് ചെയ്തു. അവളുടെ തുടരെ തുടരെയുള്ള മെസ്സേജ് അവഗണിച്ചു.


പക്ഷേ, മുന്നിലെ കമ്പ്യൂട്ടര്‍സ്ക്രീനിനുമപ്പുറം,  വൈദ്യുത തരംഗദൈര്‍ഘ്യാവൃത്തികള്‍ക്കുമകലെ ഒരു തലച്ചോറിലെ തരംഗങ്ങള്‍ക്ക് താളം തെറ്റുന്നതിനെയോ , മിഴിത്തുമ്പിലൂറിക്കൂടുന്ന മഴക്കോളിനെയോ പറ്റി തെല്ലും വേവലാതിയില്ല. സൈബര്‍ നടപ്പുരീതികളില്‍ മുന്നില്‍ മിന്നിമറിയുന്ന മായക്കാഴ്ച്ചകള്‍ക്ക് നിമിഷായുസ്സാണ്. കഴിവുള്ളവന്‍ വലകള്‍ നെയ്തുകൊണ്ടേയിരിക്കും. മാനസികാവസ്ഥകളെ കുത്തുകളിലും കോമകളിലും പ്രകടിപ്പിക്കുന്ന ആധുനിക പാവക്കൂത്ത്... !

മാനസീകാരോഗ്യകേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ നാട്ടില്‍ നല്ല ഡിമാന്‍ഡ് ആണെന്നും അതിന്‍റെ വരും കാല സ്കോപ്പിനെകുറിച്ചൊരു ലേഖനം എഴുതണമെന്നും പുതിയ കൂട്ടുകാരിയും കവയത്രിയുമായ ‘യുവ ജേര്‍ണലിസ്റ്റു സുന്ദരി’ പറഞ്ഞത് ഓര്‍ക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ അല്ല,  ‘സൈക്കോ കണ്‍സള്‍ട്ടന്റ്’ എന്നൊരു പദം മറ്റോ ആണ് അവള്‍ ഉപയോഗിച്ചത് എന്നൊരു ഓര്‍മ്മ.... !


          **************************************************


പുതിയ ദിവസത്തേക്കുള്ള സ്റ്റാറ്റസ് ആലോചിക്കുകയായിരുന്നു. ‘ഭിക്ഷക്കാരന്റെ’ വീക്ഷണം മാറ്റിപ്പിടിക്കണം ആളുകള്‍ക്ക് മടുത്തു തുടങ്ങി എന്നാണു നിസാര്‍ പറഞ്ഞത്. അവന്‍റെ പുതിയ ബ്ലോഗ്‌ പോസ്റ്റിനെക്കുറിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. അവനെപ്പോലെ തന്നെ അവന്‍റെ ഭാഷയും സുന്ദരമാണ്. ചില്ലറ അസൂയ ഇല്ലാതെയില്ല. ചെക്കന്‍ പെട്ടെന്ന് പ്രശസ്തനായിരിക്കുന്നു. പുതിയ പോസ്റ്റ്‌ ഗംഭീരമാണ്.

അപരിചിത:നമ്മള്‍ പരിചയപ്പെട്ടു ഇപ്പോള്‍ ഒരുവര്‍ഷം കഴിയുന്നു. എന്നെ നീ ഇപ്പോള്‍ വല്ലാതെ  അവഗണിക്കുന്നു.. എനിക്ക് ഒരു മറുപടിയും തന്നില്ല. നിന്‍റെ കവിതകളെ ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ നിന്നെയും ഞാന്‍ ഇഷ്ടപ്പെടുന്നു. എന്‍റെ ഏകാന്തതയില്‍ നീയും നിന്‍റെ കവിതകളുമായിരുന്നു എന്‍റെ കൂട്ട്. നിനക്കെല്ലാം അറിയാമല്ലോ !

അരവിന്ദ്‌:: എനിക്ക് അറിയാം എല്ലാം. എന്നാല്‍ നീ എന്നെ എന്തെ മനസ്സിലാക്കുന്നില്ല. എനിക്ക് ഒരുപാടു ജോലിത്തിരക്കുകള്‍ ഉണ്ട്. ഈ വര്‍ഷത്തെ സേല്‍സ് ഫോര്‍ക്കാസ്റ്റ് ഇതുവരെ കമ്പനിക്ക്‌ അയച്ചു കൊടുത്തിട്ടില്ല. ആനുവല്‍ മീറ്റിംഗ് വിളിച്ചു കൂട്ടണം.


അപരിചിത:ഉവ്വ്, ഞാന്‍ കാണുന്നുണ്ട് നിന്‍റെ തിരക്കുകള്‍. ആ പുതിയ കുട്ടിയുടെ കവിതകള്‍ക്ക്‌ ലൈക്കടിക്കലും കമെന്റും പുകഴ്ത്തലും അല്ലെ? 

അരവിന്ദ്‌ : അത് നിന്‍റെ വിഷയമല്ല..


അപരിചിത: അവിടെ നീയാണ് എങ്കില്‍ അത് എന്‍റെ വിഷയം തന്നെയാണ്.


അരവിന്ദ്‌: എനിക്ക് അതൊന്നും ആസ്വദിക്കുവാന്‍ പാടില്ലാ എന്നാണോ ?


അപരിചിത: ആസ്വദിക്കാം പക്ഷെ, അത് എന്നെ അവഗണിച്ചു കൊണ്ടാകണമോ ? നോക്ക് അരവിന്ദ്‌. നീ എന്‍റെ ജീവനാണ്. ഒരു പക്ഷെ, എന്‍റെ ഭര്‍ത്താവിനേക്കാള്‍ എന്‍റെ കുട്ടിയേക്കാള്‍ !  ഇവിടെ ഈ സൈബര്‍ലോകത്ത്‌. നിന്‍റെ കവിതകള്‍ എന്നില്‍ ഉറങ്ങിക്കിടന്ന പ്രേമത്തെ ഉണര്‍ത്തി. ഇപ്പോള്‍ എന്‍റെ ശരീരരക്തം മുഴുവന്‍ നിന്‍റെ കവിത കലര്‍ന്നിരിക്കുന്നു. ഇനി നീയില്ലാതെ നിന്‍റെ സ്നേഹമില്ലാതെ ഞാന്‍ എങ്ങിനെ...?


അരവിന്ദ്‌: നിനക്ക് ഭ്രാന്താണ്.


“അരവിന്ദ്‌ സേല്‍സ് ഫോര്‍ക്കാസ്റ്റ് ചോദിച്ചു മെയില്‍ ഉണ്ട്. പെട്ടെന്ന് വേണം” മാനേജരുടെ ശബ്ദത്തിന്‍റെ ഗൌരവം മനസ്സിലാക്കി പെട്ടെന്ന് സൈന്‍ ഔട്ട്‌ ചെയ്തു.


                     ***********************


സേല്‍സ് ഫോര്‍ക്കാസ്റ്റിംഗ്, മീറ്റിംഗ് ഇവ കാരണം രണ്ടാഴ്ച്ചയായി മുഖപുസ്തകംപൂമുഖം തുറന്നിട്ട്‌. മുഖപുസ്തകം വല്ലാതെ കീഴടക്കിയിരിക്കുന്നു മനസിനെയും ശരീരത്തെയും. രാവിലെ എക്സര്‍സൈസ് ഇപ്പോള്‍ ഇല്ല. കൊളസ്ട്രോള്‍ ലെവല്‍ ചെക്ക് ചെയ്യണം എന്ന് തോന്നുന്നു. വല്ലാത്ത വേദന സന്ധികളില്‍.

“ഞാനിന്നു സ്വതന്ത്രയാകുന്നു.” എന്ന് അപരിചിതയുടെ സ്റ്റാറ്റസ് ടാഗ് ചെയ്തിട്ടുണ്ട് മൂന്നു ദിവസം മുന്‍പ്‌. 'നാശം' എന്ന് പറഞ്ഞു ടാഗ് റിമൂവ് ചെയ്തു.


മനോരാജിന്റെ പുസ്തപരിചയത്തില്‍ ‘ലീല’ എന്ന കഥയുടെ ആസ്വാദനം കണ്ടു. കഥ വായിച്ചിട്ടില്ലാ. എന്നിരുന്നാലും കഥയെ വല്ലാതെ സ്പര്‍ശിക്കുന്ന അവലോകനം. കുറച്ചു നേരം സ്തബ്ധനായി ഇരുന്നു പോയി.


“അരവിന്ദ്‌ , നിന്നെ അന്വേഷിച്ചു പോലീസ്‌.”... മാനേജരുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.


“നിന്‍റെ കവിതകളില്‍ എന്‍റെ നിശബ്ദസമയം ഒഴുകി നീങ്ങുന്നു. നിന്‍റെ ഓരോ കവിതയും എന്‍റെ ഓരോ നിശ്വാസങ്ങള്‍ ആണ്. പാതി തുറന്ന ജാലകത്തിലൂടെ പാറിവരുന്ന ഒരു വീര്‍പ്പു നറുംകാറ്റുപോലെ.....”

അവളുടെ ആദ്യ ഇന്‍ബോക്സ് മെസ്സേജ് .


------------------------------------------------------------------------------------------------------------

*കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അയ ബ്ലോഗറ്മാരുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല മനപ്പൂര്‍വ്വം മാത്രം.

Saturday, 27 July 2013

തീവ്ര - ഭ്രാന്ത്.
"ഇത് നോക്കൂ .... ഇവിടെ നോക്കാന്‍ .... " നീട്ടിപ്പിടിച്ച കൈകളുമായി അവള്‍ അയാളോട് ആക്രോശിച്ചു..... !

ചോരവാര്‍ന്നു വിളറിയ അവളുടെ മുഖം ജ്വലിക്കുന്നതായിതോന്നി...!

പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും അകന്നു മാറി  അലറി ഓടുമ്പോള്‍ അവസാന ഓര്‍മ്മത്തുമ്പില്‍ അയാള്‍ അറിഞ്ഞു,    പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്നുപറയുന്ന  കൊടുംതീവ്രവാദി പെണ്‍കുട്ടിയുടെ കൈകള്‍ ഒരായുധത്തഴമ്പുപോലുമില്ലാതെ , ചതഞ്ഞ പൂവിതള്‍ പോലെ മൃദുലമായിരുന്നു ..... !

കീറക്കോണകം ചുറ്റി ഇന്നുമയാള്‍ തെരുവില്‍ തിരയുന്നു തീവ്ര - ഭ്രാന്തിന്‍റെ പൂവിതള്‍ മൃദുലത ... !