Saturday, 27 July 2013

തീവ്ര - ഭ്രാന്ത്.




"ഇത് നോക്കൂ .... ഇവിടെ നോക്കാന്‍ .... " നീട്ടിപ്പിടിച്ച കൈകളുമായി അവള്‍ അയാളോട് ആക്രോശിച്ചു..... !

ചോരവാര്‍ന്നു വിളറിയ അവളുടെ മുഖം ജ്വലിക്കുന്നതായിതോന്നി...!

പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും അകന്നു മാറി  അലറി ഓടുമ്പോള്‍ അവസാന ഓര്‍മ്മത്തുമ്പില്‍ അയാള്‍ അറിഞ്ഞു,    പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്നുപറയുന്ന  കൊടുംതീവ്രവാദി പെണ്‍കുട്ടിയുടെ കൈകള്‍ ഒരായുധത്തഴമ്പുപോലുമില്ലാതെ , ചതഞ്ഞ പൂവിതള്‍ പോലെ മൃദുലമായിരുന്നു ..... !

കീറക്കോണകം ചുറ്റി ഇന്നുമയാള്‍ തെരുവില്‍ തിരയുന്നു തീവ്ര - ഭ്രാന്തിന്‍റെ പൂവിതള്‍ മൃദുലത ... !


Sunday, 2 June 2013

കറുപ്പഴകി.



വ്യര്‍ത്ഥസ്ഖലിതങ്ങള്‍ ഉറഞ്ഞ സിന്തറ്റിക് ഉറകള്‍ കുമിഞ്ഞു കൂടിയ മൂലയില്‍കൂടി കെട്ടിടങ്ങളുടെ ഇരുള്‍ നിഴല്‍പറ്റി പെരുച്ചാഴികള്‍ക്കൊപ്പംചാടിനടന്നു നീങ്ങുമ്പോള്‍ മനസ്സു തികച്ചും ശാന്തമായിരുന്നു. മരണം മനുഷ്യ ജീവിതത്തിന്‍റെ അനിവാര്യതയും ചിലപ്പോള്‍ അനുഗ്രഹവുമാണ്. അമ്മയ്ക്ക് അതിപ്പോള്‍ അനുഗ്രഹമായിരിക്കുന്നു.

അകലെ, ഈ ഇരുണ്ടു  നാറുന്ന കല്‍ക്കെട്ടുകള്‍ക്കപ്പുറം നഗരത്തിന്‍റെ സുന്ദരപ്രകാശിതമുഖത്തിന്‍റെ ശബ്ദഘോഷങ്ങള്‍ മുഴങ്ങിക്കേള്‍ക്കാം.

താരാബായ്‌ ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും.വളവു തിരിഞ്ഞ്, നഗരമാലിന്യം കറുത്ത്കുറുകിയൊഴുകുന്ന ഓടയുടെ അരികിലൂടെ റെയില്‍പ്പാളം മുറിച്ചുകടന്നാല്‍ താരാബായിയുടെ ഹമം* കാണാം. ഇടിഞ്ഞു പൊളിഞ്ഞ ലോകോഷെഡിന്‍റെയും കുറച്ചപ്പുറത്ത്.

ഹമമില്‍ എത്തും മുന്നേ ഇട്ടിരിക്കുന്ന ചുരിദാര്‍ മാറ്റി
സാരിയുടുക്കണം.അതാണ്‌ നിയമം.


                                                                               ചിത്രം : അംബരീഷ് ഹരിദാസ്‌.
                             

"ചേച്ചീ, ചേച്ചീടെ ഈ പട്ടുപ്പാവാട ഞാന്‍ ഇന്ന് ഉടുത്തോട്ടെ ?"

"അയ്യേ, നിനക്കെന്താ വട്ടുണ്ടോ രാധേ ?"

ചേച്ചിയുടെ കളിയാക്കലായിരുന്നു ആദ്യ ആഗ്രഹത്തിനെതിരെങ്കിലും, അന്ന് രാത്രി ചേച്ചി ഉറക്കം പിടിച്ചതിനുശേഷം ആ പട്ടുപ്പാവാടയുടെ സ്നിഗ്ദ്ധതയില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ , പ്രായപൂര്‍ത്തിയായവളുടെ പരിപൂര്‍ണ്ണതയായിരുന്നു മനസ്സില്‍ .!

"രാധേ, നിനക്കറിയ്മോ ബൃഹന്നളയെപ്പറ്റി ? ഉര്‍വശിയുടെ ശാപം അത്രയ്ക്ക് സുന്ദരിയാക്കിയിരുന്നുവത്രേ അര്‍ജുനനെ ! മീശപോലും മുളയ്ക്കാത്ത രാജകുമാരന്മാര്‍ ബൃഹന്നളയുടെ നിതംബവടിവോര്‍ത്താണത്രേ വിരാടരാജ്യത്ത് വിരസയാമങ്ങള്‍ തള്ളിനീക്കിയിരുന്നത് ! "

താരാബായിയുടെ അടുത്തു വന്ന ആദ്യ നാളുകളില്‍ കുസുമം തന്‍റെ പിന്‍ഭാഗം കാണുമ്പോഴെല്ലാം ഇങ്ങിനെ പറഞ്ഞിരുന്നു.


"അതിനും മുന്നേ, ഇരുണ്ട ഇരുപതാം നൂറ്റാണ്ടില്‍ അങ്ങു 'ലാഗാഷില്‍'* അന്തപ്പുരക്കാവലിനായി ഇരുണ്ട നിറമുള്ള കരുത്തരായ ബൃഹന്നളമാരെ സൃഷ്ടിച്ചിരുന്നുവെന്നു അന്ന് നമ്മുടെ 'ഹമമില്‍' വന്നിരുന്ന ആ സാര്‍ പറഞ്ഞിരുന്നല്ലോ കുസും."

കുസുമത്തിന്റെ വാക്കുകള്‍ക്കു ചരിത്രത്തിലൂടെയുള്ള തിരുത്തലുകളുമായി ശ്വേതയുമുണ്ടാകും എന്നും.

ദായമ്മ* പറഞ്ഞുകൊടുത്ത പുരാണകഥകളാണ് കുസുമമെന്ന നാട്ടിന്‍പുറംകാരിക്ക് പ്രിയം. എന്നാല്‍ ശ്വേത വിദ്യാഭ്യാസമുള്ളവളാണ്. എന്നാലും ....!


നോട്ടുപുസ്തകത്തിനുള്ളില്‍ കുടഞ്ഞിട്ട് ഒളിപ്പിച്ചുകൊണ്ടുവന്ന പൌഡര്‍ , ഉച്ചഭക്ഷണശേഷം മുഖത്തിട്ട്. ചോറ്റുപാത്രത്തില്‍ പ്രതിബിംബംനോക്കി രസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശേഖരന്‍ മാഷ് കാണുന്നത്.നാണിച്ചു ചൂളി നില്‍ക്കുമ്പോള്‍ , പിന്‍കഴുത്തില്‍ ചൂടുള്ള ശ്വാസം ..!

ജനലിനപ്പുറം ഉച്ചവെയില്‍ ആളിപ്പടര്‍ന്നു വാടിത്തളര്‍ത്തിയ വാഴയിലയില്‍ വന്നിരുന്ന ഒരു കറുമ്പന്‍ കാക്ക കുസൃതിക്കണ്ണ്‍കളോടെ തലചെരിച്ചു നോക്കുന്നത് പതിയടയുന്ന കണ്ണുകളില്‍ കണ്ട അവസാന കാഴ്ച്ച, ആദ്യ അനുഭവം !

ആദ്യസ്പര്‍ശനത്തിന്‍റെ കൌതുകം പിന്നീട് ആവശ്യമായ അനുഭൂതിയായി പരിണമിക്കുമ്പോള്‍ വര്‍ഗ്ഗവ്യത്യാസത്തിന്റെ അതിര്‍വരമ്പുകളെപ്പറ്റി മാഷ്‌ ഒരിക്കലും വാചാലനായില്ല. പക്ഷേ ...... !

ലിപ്സ്റ്റിക്കും പൌഡറും തുടങ്ങി കൂടുതല്‍ ഇഷ്ടങ്ങളിലേക്ക് വഴുതിയ മനസ്സിനെ ഉടലോട് കൂടി ഉടപ്പിറപ്പുകള്‍ പടിഇറക്കുമ്പോള്‍ ശേഖരന്‍ മാഷ്‌ മാന്യതയുടെ മൗനവാല്മീകങ്ങള്‍ക്കുള്ളിലായത് ഒരു പക്ഷേ , സമൂഹത്തെ ഭയന്നാകാം.അന്നും അമ്മ മാത്രമേ കരഞ്ഞിരുന്നുള്ളൂ. പാവം .. !


അടക്കിവെച്ചിട്ടും വെളിവാക്കപ്പെടുന്ന സ്ത്രൈണഭാവങ്ങളുടെ കാരണഭൂതന്‍ താനല്ല , അന്തര്‍ഗ്രന്ഥിസ്രാവമാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുവാന്‍ പരാജയപ്പെട്ടപ്പോഴാണ് പലായനം വേണ്ടി വന്നത്.


അല്ലെങ്കില്‍ തന്നെയും താന്പോരിമയെന്ന  ഉന്നതമാനസികനിലയിലുള്ള ഒരു ജനസമൂഹത്തിന് മുന്നില്‍ രണ്ടു വര്‍ഗ്ഗമേയുണ്ടാകുന്നുള്ളൂ - സ്ത്രീയും , പുരുഷനും. അതിനിടക്കൊരു വര്‍ഗ്ഗത്തിനുള്ള സ്ഥാനം അനര്‍ഹമെന്ന് അവര്‍ തീരുമാനിക്കുന്നു , നടപ്പാക്കുന്നു... !

"രാധേ, അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെയും 'ഹരിഹരസുതനെയും' അംഗീകരിക്കുന്ന ഈ ജനത. നിന്നെപ്പോലുള്ള ജന്മങ്ങള്‍ക്ക് ഒരിക്കലും ഇടം നല്‍കില്ല. കാരണം അവര്‍ വെളിച്ചത്തില്‍ വെള്ളക്കുപ്പായമണിഞ്ഞു നടക്കുകയും ഇരുളില്‍ അവര്‍ എതിര്‍ക്കുന്നതിനേയും വെറുക്കുന്നതിനെയും ആസ്വദിക്കുകയും ചെയ്യുന്നു. മുഖംമൂടികളുമണിഞ്ഞാണ് മുക്കാല്‍ പങ്കും ജനത ജീവിക്കുന്നത്. എല്ലാം അഭിനയമാണ്."

സുരതാലസ്യത്തിന്‍റെ ഉച്ചിയില്‍ നിന്നും ഉറക്കത്തിലേക്ക് കൂപ്പുകുത്തുന്ന ആ  നേരിയ ഇടവേളയിലും ശരവണന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.

പ്രയാണാരംഭത്തിലാണ് ശരവണനെ കണ്ടുമുട്ടുന്നത്. പ്രേമം പങ്കുവെക്കാന്‍ ദൈവം തന്ന അനുഗ്രഹീത വഴിയായ വേഴ്ചയെന്നത് ധനാഗമമാര്‍ഗ്ഗം കൂടിയാണ് എന്ന് ബോധ്യപ്പെടുത്തിയത് അവനാണ്.

"നിന്നിലുള്ള നാരീഗുണം പുറമേക്ക് പ്രകടമാകുന്നു എന്നതാണ് നിന്നിലെ മോശമെന്ന് തീരുമാനിക്കുന്ന ഈ ജനത നിനക്ക് സുരക്ഷിതത്വം തരുകയില്ല. നീ ഇവിടം വിട്ടു ബംഗ്ലൂര്‍ക്ക് പോകൂ. അവിടെ നിന്നെപ്പോലുള്ളവര്‍ ജീവിക്കുന്നുണ്ട്. ഒരു ബദല്‍ സമൂഹം തന്നെയവര്‍ക്കുണ്ട്. അംഗീകരിച്ചില്ലെങ്കിലും പുച്ഛഭാവമില്ലാത്ത, ഉപദ്രവിക്കാത്ത ഒരു ജനതയും."

അവന്‍ കയ്യിലേക്ക് വെച്ച് നീട്ടിയ കടലാസുകഷണങ്ങളില്‍ പ്രതീക്ഷയുടെ തിളക്കം...!

ഈ നഗരത്തിന്‍റെ പ്രൌഡിയുടെയും സൌന്ദര്യത്തിന്റെയും പിറകിലായി ഇരുളില്‍ ഒരു മൂലയില്‍ ഒരു സമൂഹം ഉണ്ടെന്നറിഞ്ഞു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ഒരു കൂട്ടര്‍. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, എന്തിനു ജീവിതരീതിപോലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍..

"രാധാ, നിന്നെ ഞാന്‍ ദത്തെടുക്കുന്നു. ഇന്നുമുതല്‍ ഞാനാണ് നിന്റെ "ഗുരുബായി"* ഗുരുബായി എന്നാല്‍ വെറും ഗുരു മാത്രമല്ല. ഗര്‍ഭപാത്രമില്ലാത്ത അമ്മയും കൂടിയാണ് ഓരോ ഗുരുബായിയും കുഞ്ഞേ ..! ഈ ഹമംഇനി നിന്റെതാണ്. വെറുതെ ഇനി അവിടെ ഇവിടെ അലയേണ്ട. ഇതാ ഈ സാരി ഉടുത്തുകൊള്ളൂ. ഇതാണ് ഞങ്ങളുടെ സാധാരണ ആചാരം.നീ ഈ സാരി ഉടുത്തു കഴിഞ്ഞാല്‍ പിന്നെ നീ ഞങ്ങളില്‍ ഒരാളാകുന്നു. നമ്മളെ അംഗീകരിക്കാത്ത ഈ സമൂഹത്തില്‍ നമുക്ക് തലയുയര്‍ത്തി തന്നെ നടക്കണം. നമ്മളെ കാണുമ്പോള്‍ പരിഹസിച്ചു ചിരിക്കുന്ന മാന്യമുഖങ്ങള്‍ക്ക് നേരെ തുണിപൊക്കി കാണിക്കുവാനുള്ള ആര്‍ജ്ജവം വേണം. ഇവന്മാര്‍ ഒക്കെ രാത്രിയുടെ ഇരുളില്‍ നമ്മുടെ തുടയിടുക്കുകളെ ആശ്രയിച്ചു വരും. അപ്പോള്‍ അവന്മാര്‍ക്ക് നമ്മള്‍ സ്വര്‍ഗ്ഗം കാട്ടിക്കൊടുത്തു പ്രതികാരം ചെയ്യണം .. മധുരമായ പ്രതികാരം . "

ഇതും പറഞ്ഞു താരാബായി കുലുങ്ങി ചിരിച്ചപ്പോള്‍ അവരുടെ സിലിക്കോണ്‍ കുന്നുകളില്‍ ഭൂചലനം.തടിച്ച ചുണ്ടുകള്‍ അവര്‍ക്കൊരിക്കലും അഭംഗിയല്ല എന്ന് തോന്നി. ഒരു പക്ഷേ ആ ചുണ്ടുകളാകാം അവരെ ഈ ഹമം ഗുരുബായി സ്ഥാനത്തേക്ക് കൊണ്ട് വന്നിരിക്കുക... !

"അടീ, രാധ , ഉന്നപ്പാക്ക എപ്പടിയിറുക്ക് തെരിയുമാ , സെരിയാന കറുപ്പഴകീടീ നീയ്‌.........,,,! ഇങ്ക ഇരുക്കിറ മത്ത് *ചേലൈകള്‍****** * എല്ലാം വെസ്റ്റ്‌ ഡീ . നീ  ഒരു കലക്ക് കലക്കപ്പോറേ ഇങ്ക..! ഇല്ലേ ണാ പാരെ....!"

ദായമ്മ അങ്ങിനെ പറഞ്ഞത് സത്യമായി ഭവിച്ചത് ഒരു പക്ഷേ , ഈശ്വരന്‍ ഈ വികടജീവിതത്തില്‍ തന്ന ഒരു അനുഗ്രഹമാകാം. "കറുപ്പഴകി" അങ്ങിനെ പ്രശസ്തയായി...!


താരാബായിയുടെ ഹമമില്‍ കറുപ്പഴകിന്റെ ചൂടും ചൂരും അറിയാന്‍ ഒഴുകിയെത്തിയതില്‍ കൂടുതലും പ്രമുഖര്‍ ആയിരുന്നത്രേ. ഹമം പ്രശസ്തി നേടി.കൂടെ കറുപ്പഴകിയും.


വര്‍ഷങ്ങള്‍ക്കു ശേഷം വീടും നാടും കാണണമെന്ന മോഹത്തിന് ഗുരു എതിരൊന്നും പറഞ്ഞില്ല. വേഗം തിരിച്ചു വരണമെന്ന് മാത്രം ഒരു ഉപദേശം.

"അമ്മേ കാണാനേ നേരെ അരണാട്ടുകരക്ക് പൊക്കോ. അവിടെ ശവപ്പറമ്പിലിണ്ടാവും." യ്യൊന്ന് ഒഴിഞ്ഞു പോയാല്‍ കൊള്ളാം.ആളോള് കണ്ടാല്‍ ഇനി ഓരോന്നിനു ഉത്തരം കൊടുക്കേണ്ടി വരും."

തിരിഞ്ഞു നടക്കുമ്പോള്‍ കൂടപ്പിറപ്പിനോട് ദേഷ്യമല്ല സഹതാപമാണ് തോന്നിയത്.


റെയില്‍പ്പാളം തണുത്തുമരവിച്ച് നിശബ്ദമായി നീണ്ടുകിടക്കുന്നു.മുകളില്‍ നീണ്ടുപോകുന്ന വൈദ്യുതിക്കമ്പിയില്‍ അങ്ങിങ്ങ് തലകീഴായി തൂങ്ങിക്കിടക്കുന്ന വാവലുകളെപ്പോലെ കെട്ടിടങ്ങളില്‍നിന്നും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്‌ കൂടകള്‍ ചെറുകാറ്റില്‍ ഇളകിയാടുന്നു.സിഗ്നല്‍ ലൈറ്റിന്‍റെ ചുവന്ന പ്രതിഫലനം പാളങ്ങളില്‍ ! സ്വയം തൊട്ടുരുമ്മാന്‍ വിധിക്കപ്പെട്ടിട്ടില്ലാത്ത ഇണക്കുരുവികള്‍.... !!


കാനയുടെ സ്ലാബിനോട് ചേര്‍ന്ന് ഇരുട്ടില്‍ കല്ലിനു മുകളില്‍ ബാഗ് വെച്ച് സാരി പുറത്തെടുത്തു. ചുരിദാറിന്റെ ടോപ്പ് ഊരി തിരികെ ബാഗില്‍ വെക്കുമ്പോഴാണ് കുറച്ചു മാറി എതിര്‍വശത്ത് പൊളിഞ്ഞു കിടക്കുന്ന ലോകോഷെഡിനു പുറകില്‍ നിന്നും ഒരു രൂപം എന്തോ താങ്ങിയെടുത്തു കൊണ്ട് സിഗ്നല്‍ ലൈറ്റിനടുത്തേക്ക് വരുന്നത് കണ്ടത്.

ആരാണ് ഈ സമയത്ത് ഇവിടെ ? ചില പോക്കറ്റടിക്കാരുടെ കേന്ദ്രമാണ് ഇവിടം. വളഞ്ഞ വഴിയായ ഇതിലെ വന്നത് തന്നെ സാരി മാറ്റി ഉടുക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ്... ഇവിടെയും ....!


ഇരുണ്ട രൂപം സിഗ്നല്‍ ലൈറ്റിനു താഴെ വന്ന് , കയ്യിലിരുന്ന ഭാരത്തെ താഴെ കിടന്നിരുന്ന കരിങ്കല്‍ സ്ലാബിനു മുകളില്‍ വെച്ചു.

ചുവന്ന വെളിച്ചത്തില്‍ കാഴ്ച്ച തെളിഞ്ഞപ്പോള്‍ ഉള്ളിലെ നടുക്കം ഒരു എങ്ങലായി.

നാലോ അഞ്ചോ വയസ്സ് മാത്രം തോന്നുന്ന ഒരു പിഞ്ചു കുഞ്ഞ് ...!


അവന്‍ ആ കുഞ്ഞിന്‍റെ കിന്നരിവെച്ച ഫ്രോക്ക് വലിച്ചൂരുന്നത് കണ്ടപ്പോള്‍ , അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുകയാണെന്നോര്‍ക്കാതെ വേഗം പാളം മുറിച്ചു കടന്നു.

"അയ്യോ , ദുഷ്ടാ , വേണ്ടാ "

ശബ്ദം കേട്ട് തിരിഞ്ഞ അവന്‍ ആദ്യമൊന്ന് പകച്ചെങ്കിലും അടിവസ്ത്രം ധരിച്ച സ്ത്രീരൂപം കണ്ടു കുറച്ചു ആശ്വസിച്ചു എന്ന് തോന്നി.

"പോടീ , പോടീ .....  " അവന്‍റെ പല്ലുകള്‍ പുറത്തേക്കുന്തിയ മുഖം വക്രിച്ചു.


"നീ ആ പിഞ്ചുകുഞ്ഞിനെ വിട്... നിനക്ക് വേണ്ടത് ഞാന്‍ തരാമെടാ ദുഷ്ടാ ... "

അവന്‍ കുറച്ചു നേരം ആലോചിക്കുന്നപോലെ നിന്നു.

മാറിടത്തിന്റെ മുഴുപ്പു കാണിക്കുവാനെന്നവണ്ണം ശ്വാസം അകത്തേക്ക് വലിച്ചെടുത്തു. ഓടയിലെ ദുര്‍ഗന്ധം ...!

പെട്ടെന്ന് ചുകന്ന പ്രകാശം പച്ചക്ക് വഴിമാറി.

അവന്‍ വീണ്ടും കുഞ്ഞിനെ നോക്കി. കുഞ്ഞു മയങ്ങുകയാണ്.

ഒറ്റവലിയില്‍ ബ്രേസിയറിന്‍റെ ഹൂക്കുകള്‍ പൊട്ടിത്തെറിച്ചു. പച്ച പ്രകാശത്തില്‍ സിലിക്കോണ്‍  മുഴുപ്പുകള്‍ തിളങ്ങി. ഇരുണ്ട മുലഞെട്ടുകള്‍ കനിവ് കിനിയേണമേ എന്ന് അറിയാതെ പ്രാര്‍ത്ഥിച്ചു... ഒരു പിഞ്ചു കുഞ്ഞ് ...!


അവന്‍റെ കൈ കടന്നു പിടിച്ചു സര്‍വ്വശക്തിയുമെടുത്തു തന്നിലേക്ക് അണച്ചു പിടിച്ചു. മാംസളതയുടെ ഇടയില്‍ അവന്‍റെ മുഖം പൂഴ്ത്തിയിറക്കി...! വൃത്തികെട്ട വിയര്‍പ്പ് മണം അവന്‍റെ തലയില്‍ ..... മുടിയില്‍ .....!

കണ്ണിറുക്കിയടച്ചു അവനെ മാറോട് ചേര്‍ത്തമര്‍ത്തി...!

അകലെ ചൂളം വിളിയോടുകൂടി  ഒറ്റക്കണ്ണ്‍ തെളിയിന്നു.


അവന്‍റെ കൈകള്‍ ചുരിദാറിന്റെ ചരട്  അഴിക്കുന്നതറിയുമ്പോള്‍ ചൂളം വിളി യുടെ തരംഗാവൃത്തി മനസ്സില്‍ കണക്ക് കൂട്ടുകയായിരുന്നു.


"നീ പെണ്ണല്ലേ ? "

"ആണുമല്ലടാ " എന്നലറിക്കൊണ്ട് സര്‍വ്വശക്തിയുമെടുത്തു അവനെയും കൊണ്ട് പാളത്തിലേക്ക് കുതിച്ചു . വ്യര്‍ത്ഥജീവിതത്തിനും ചില അര്‍ത്ഥങ്ങള്‍ എന്നോര്‍ത്തപ്പോഴുണ്ടായ ചിരി ചുണ്ടില്‍ തന്നെ തട്ടിയുടയാതെ തങ്ങി നില്‍ക്കട്ടെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

                                                    -------------------------

ഹമം* - ഹിജഡകളുടെ താമസസ്ഥലം.

ലാഗാഷ്‌ * - യൂഫ്രട്ടീസ്‌ - ടൈഗ്രീസ് നദീതടത്തിലെ ഒരു പുരാതന നഗരം. ഇവിടെയാണ്‌ ആദ്യമായി ഹിജഡകളുടെ സമൂഹം ഉണ്ടായതെന്ന് ചരിത്രം.

ഗുരുബായി* - ഒരു ഹമമിന്‍റെ നാഥ. ഇവര്‍ ആയിരിക്കും ഈ ഹമാമിന്റെയും അവിടെയുള്ള ഹിജഡകളുടെയും അധികാരി.


ചേലകള്‍ * - സാരി നല്‍കി സ്വീകരിക്കപ്പെട്ട ശിഷ്യകള്‍.

ദായമ്മ* - ഹിജഡകളില്‍ വയസ്സ് ചെന്നവര്‍., അവരാണ് യുവ ഹിജഡകളുടെ വഴികാട്ടി. ഗുരുബായി കഴിഞ്ഞാല്‍ ഒരു ഹമമില്‍ ബഹുമാന്യര്‍.




Saturday, 27 April 2013

നിധി


കൊടും കാടിന്‍റെ നടുക്ക് ഈ മലമുകളില്‍ , പുരാണങ്ങളിലെ താളിയോല ഗ്രന്ഥങ്ങളില്‍ പറഞ്ഞിരുന്ന അപൂര്വ്വമായ ഒരു നിധിയെടുക്കുവാന്‍ തിരിച്ചതായിരുന്നു അവര്‍. അവര്‍ എന്നാല്‍ മല്ലനും മാതേവനും എന്ന രണ്ടു നഗരവാസികളും നാല് കാട്ടുവാസികളും.
കാട്ടുമക്കളുടെ ഊരില്‍ നിന്നും അവര്‍ പുറപ്പെടുമ്പോള്‍ നിശ്ചിതലക്ഷ്യംഅവര്‍ക്കുണ്ടായിരുന്നു. പട്ടണവാസികള്ക്ക് തങ്ങള്‍ തേടിപ്പോകുന്ന നിധിയുടെ തിളക്കം. കൂടെയുള്ള കാട്ടുവാസികള്ക്ക് പട്ടണവാസികളില്‍ നിന്നും ലഭിക്കുന്ന ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ആഹാരസാധങ്ങളുടെ രുചിയും നഗരമദ്യത്തിന്റെ സുഖമൂറും ലഹരിയും. അല്ലെങ്കില്‍ തന്നെയും അതില്‍ കൂടുതല്‍ ആഗ്രഹിക്കുവാനും പ്രതീക്ഷിക്കുവാനുമുള്ള മാനസിക ശേഷി അവര്‍ക്കില്ലായിരുന്നു എന്ന് വേണം കരുതുവാന്‍..


പക്ഷെ , ലക്ഷ്യത്തിലെത്തും മുന്നേ ഈ പുല്ത്തകിടിയില്‍, ആ അരുവി നീന്തിക്കടക്കുവാന്‍ തുടങ്ങും മുന്പേ വിശ്രമിക്കുവാന്‍ ഇരിക്കും നേരമാണ് മല്ലനു അന്ന് മദ്യത്തിന് പകരം ചായകുടിക്കുവാന്‍ തോന്നിയത്. ആ യാത്രയില്‍ അപ്പോഴാണ്‌ അയാള്ക്ക് തേയിലപൊടിയുടെ കാര്യം ഓര്‍മ്മ വന്നതുതന്നെ.
മെലിഞ്ഞ മാതേവന്‍ ചായ കൂട്ടി. കാട്ടുവാസികള്ക്കും കൊടുത്തു. മദ്യം വലിച്ചു മോന്തി മിണ്ടാതെ നടന്നിരുന്ന അവര്, പുതിയ പാനീയത്തിന്റെ രസം വല്ലാതെ ആസ്വദിച്ചു. ആ രസത്തിന്റെ രഹസ്യം അറിയുവാന്‍ അവരെ പ്രേരിപ്പിച്ചത് ഒരു പക്ഷെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു ഊളിയിടുവാനുള്ള മനുഷ്യവാസനയാകാം.

നീ ചോയിക്ക് ഒരുവന്‍ മുരണ്ടു.

എന്താണ് കാര്യം ? “ അയാള്‍ അന്വേഷിച്ചു.

ഈ പൊടി എന്താണ് ? “

അതൊരു തരം ഇലയാണ്

യെലയാ?”

അതെ ഇല

യെലയെങ്ങനെ പൊട്യായി ? “

ഉണക്കിപ്പൊടിച്ചു

ഇല കയ്ക്കൂല്ലേ

ചോദ്യങ്ങള്‍ നീണ്ടു ഉത്തരങ്ങളും ......

ങ്ങള് കള്യാക്കാ ?”

കൂട്ടത്തിലെ യുവാവിന് അല്പം നീരസം.

പോത്തുകളോട് പറഞ്ഞിട്ട് കാര്യമില്ല

നഗരവാസിയുടെ പുച്ഛം.

തെരിയും പോത്ത്ന്നാ വിള്ച്ചേല്ലേ

കാട്ടുമൃഗത്തിന്റെ പേരില്‍ കാട്ടുവാസികള്ക്ക് നുരപൊന്തി.

എല്ലോരും എങ്ങളെ പറ്റിയ്ക്കെ, നരകപ്പിസാസ്‌

കൂട്ടത്തില്‍ ബലവാന്‍ കല്ലെടുത്ത് ഓങ്ങി.

ഇലയിലെ പൊടി വിശദീകരിക്കാന്‍ കഴിയാത്ത തലയ്ക്കു പിറകില്‍ വളര്ന്നു നിന്ന കാട്ടു ചെമ്പരത്തിചിതറി. കൊഴുത്ത രക്തം....

ജീവന്‍ പോകും മുന്നേ അയാള്‍ ഒന്നുകൂടി ഞരങ്ങി , ശരീരം ഒന്ന് വിറച്ച് നിശ്ചലമായി. അയാളുടെ തുറിച്ച കണ്ണുകള്‍ കെട്ടഴിഞ്ഞു താഴെ ചിതറിയ ആ കടുംനിറത്തിലെ പൊടിയിലേക്ക് തന്നെ തുറിച്ചു നോക്കും പോലെ. ഉടഞ്ഞു ചിതറിയ തലച്ചോറിനു പിന്നില്‍ ചീറ്റിത്തെറിച്ച രക്തം പുല്ലുകള്ക്കിടയില്ക്കൂടി താഴേക്കു ഒഴുകി, അരുവിയുടെ തെളിനീരിനു നിറം മാറ്റം. പുല്ലിലെ ചുടുരക്തത്തിനു ചുറ്റും ഉറുമ്പുകള്‍ എത്രവേഗമാണ് എത്തിയത്. രക്ത ദാഹിയായ ഉറുമ്പുകളോ !

മെലിഞ്ഞവന്‍ അരുവി നീന്തി ഓടുമ്പോള്‍ അകലെ ഒരു ഒറ്റയാന്റെ ചിന്നംവിളി.
നിധി അപ്പോഴും ഭദ്രമെന്ന് കാട്ടുവാസികളും അറിഞ്ഞില്ല . അവര് ആ കടുംനിറത്തിലെ പൊടി കൈവശപ്പെടുത്തി സംതൃപ്തരായി തിരിഞ്ഞു നടക്കുമ്പോള്‍ ഉറുമ്പുകള്‍ക്ക് പിറകെ ഒരു മൂഷികനും അപ്പോള്‍ ചോരയുടെ മണം പിടിച്ച് ആ പുല്‍ത്തകിടിയിലേക്ക് എത്തിയിരുന്നു

Tuesday, 12 March 2013

കഥനം


“നിനക്ക് ഞാന്‍ ഒരു മൊബൈല്‍ വാങ്ങിച്ചു തരാം.തല്‍ക്കാലം അത് വെച്ച് നീ രണ്ടു കസ്റ്റമറേ ഉണ്ടാക്ക്. കമ്മീഷന്‍ ഞാന്‍ വാങ്ങിച്ചു തരാം “
ചന്ദ്രു ചിരിച്ചുകൊണ്ട് അങ്ങിനെ പറയുമ്പോള്‍ അവന്‍റെ അണപ്പല്ല് അടിച്ചു പൊട്ടിക്കുവാനാണ് തോന്നിയത്.
വര: ഇസഹാക്ക്‌ നിലമ്പൂര്‍.


“എന്താ നിനക്ക് ദേഷ്യം വരുന്നോ ? ഇക്കഡ നോഡി* , ഇപ്പൊ പഴയ മുതലാളി അല്ല , വല്ലതും തിന്നെണ്ടേ , ബേക്കൂദ്രെ മാടപ്പാ* ..... നിങ്ങള്‍ പഴയ ചില ബന്ധങ്ങള്‍ പൊടിതട്ടിയെടുക്ക് എന്നിട്ട് എന്നെ പരിചയപ്പെടുത്തൂ. കമ്മീഷന്‍ ഫിഫ്ടി ഫിഫ്ടി .. ഏന് ഹേള്‍ത്തിരാ* ?
അവന്‍റെ കന്നഡ കലര്‍ന്ന മലയാളത്തിനു മുന്നില്‍. ഒരു കടല്‍ മലയാളം തൊണ്ടയില്‍ വറ്റി കുറുങ്ങി കഫത്തോടൊപ്പം ഒരു വികൃതശബ്ദമായി പുറത്തേക്കു തുപ്പി.
കേരളത്തില്‍ നിന്നും ഒരു ട്രക്ക് പ്ലൈവുഡ് ഈ മഹാനഗരത്തില്‍ ഇറങ്ങുമ്പോള്‍ ലക്ഷങ്ങള്‍ പോക്കറ്റില്‍ വീണിരുന്ന ആ പഴയ അരുണ്‍ അല്ല താനെന്നു ഒരായിരം വട്ടം വീണ്ടും മനസ്സിനെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചു. കാലിചായ കൊണ്ട് വിശക്കും വയറിനെ ഒതുക്കി ഒതുക്കി പരിധി കടന്നിരിക്കുന്നു.വിശപ്പ്‌ ചിലപ്പോള്‍ അഭിമാനബോധത്തെ തോല്പിക്കുവാന്‍ സാധ്യതയുണ്ട്..
റോഡരികിലെ കടയില്‍ നിന്നും ചായയും മുളക് ബജ്ജിയും വാങ്ങി വന്നു അവന്‍ അരികിലെ കല്ല്‌ ബഞ്ചില്‍ ഇരുന്നു. ഉദ്യാന നഗരി എന്ന പേര് അന്വര്‍ത്ഥമാക്കുവാനായ് അവിടവിടായ്‌ ചെറിയ വിശ്രമഉദ്യാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് നന്ദി പറയണം. രണ്ടു ദിവസമായി ഇവിടെയാണ് ഉറക്കം.
രാജാജിനഗര്‍ ഉദ്യാനം. അതിരാവിലെ വ്യായാമത്തിനെത്തുന്നവരെ കണ്ടു ഉണരുന്നു. പകലില്‍, പാര്‍ക്കിലെ ഒഴിഞ്ഞ കോണുകളില്‍ ഒതുങ്ങുന്ന കമിതാക്കളുടെ ചേഷ്ടകളാലും ക്ലാസ്സില്‍ കയറാതെ കളിച്ചു മറിയുവാന്‍ വരുന്ന സ്കൂള്‍കുട്ടികളുടെ ബഹളങ്ങളെയും ചേര്‍ത്തുപിടിച്ചു വിരസതയില്ലാതെ സന്ധ്യയിലേക്ക് ഒഴുകിയിറങ്ങുന്നു. വൈകുന്നേര സവാരിക്കിറങ്ങുന്നവരുടെ സമയംകൊല്ലിയായ കടലമാവിന്റെ അവസ്ഥാന്തരങ്ങളായ ബജ്ജിയും , ബോണ്ടയും വില്‍ക്കുന്ന കുടിയേറ്റതമിഴന്മാരും കൂടിച്ചേര്‍ന്നു സന്ധ്യ മങ്ങിയോടുങ്ങുംവരെ അല്ലലില്ലാത്ത പാര്‍ക്ക് ജീവിതം ഇരുട്ടി തുടങ്ങുമ്പോള്‍ പാര്‍ക്ക് കാവല്‍ക്കാരന്റെ മാളത്തിനടുത്തേക്കു ചുരുക്കേണ്ടി വരും. ഇല്ലെങ്കില്‍ പാറാവ് പോലീസുകാര്‍ പത്തുരൂപ ചോദിക്കും. വെറുതെയല്ല മലയാളികള്‍ കര്‍ണ്ണാടകപോലീസിന് “പത്തുരൂപാ പോലീസ്‌” എന്ന് പേരിട്ടത്..!
ചന്ദ്രുവിനെപ്പോലുള്ളവരുടെ ഓഫീസ്‌ കൂടിയാണ് ഈ പാര്‍ക്ക്. ഈ നഗരത്തിലെ അറിയപ്പെടുന്ന പിമ്പാണ് ചന്ദ്രു... !
                വര: ഇസഹാക്ക്‌ നിലമ്പൂര്‍.

“വേണ്ട, വേണ്ട, കേരളത്തില്‍ നിന്നും തല്‍ക്കാലം ആരെയും വേണ്ട. കേരളാ “പുതപ്പിന്” ഡിമാന്‍ഡ് ഉണ്ട് എന്നുള്ളത് നേരുതന്നെ. പക്ഷെ, അതുകഴിഞ്ഞ് എപ്പോഴെന്കിലും പിടിക്കപ്പെട്ടാല്‍ അവളുമാര് പിന്നെ ഈ തിന്നതും കുടിച്ചതും അര്‍മാദിച്ചതും ഒക്കെ മറക്കും. പിന്നെ പീഡനം കേസ്.,പരേഡ്‌. ബേഡാ ഭായ്. നാനു സ്വസ്തവാകി ഹോഗ്തായിതിനി.* വെറുതെ വേണ്ട. ശരി, അതുവേണേല്‍ ചെയ്തു തരാം. കസ്റ്റമര്‍ ഇദ്രെ കളിസ്തിനി*. സരി സരി.”
ഫോണ്‍ സംസാരം നിര്‍ത്തി ചന്ദ്രു പുച്ഛത്തോടെ ചിരിച്ചു.
“എന്താണെടോ ഇപ്പോള്‍ കേരളത്തില്‍. രക്ഷകര്‍ത്താക്കള്‍ മക്കളുമായി ഇറങ്ങിയിരിക്കുന്നു. കൊള്ളാം നല്ല വിദ്യാഭ്യാസ ലക്ഷണം തന്നെ.”
അവനുള്ള മറുപടി നക്കിന്‍തുമ്പില്‍ തെറിയായി ഊറിയെങ്കിലും വയറിന്റെ കാളല്‍ ...!
ചന്ദ്രുവിന്‍റെ  മുഖത്തേക്ക് നോക്കാതെ ബെഞ്ചിന്റെ അങ്ങേത്തലക്കല്‍ തോട്ടം കാവല്‍ക്കാരന്റെ വീടിനു മുന്നില്‍ അവന്‍റെ കൊച്ചുകുട്ടി കളിക്കുന്നത് ശ്രദ്ധിച്ചു.
“അരുണ്‍, ഇതെയുള്ളൂ നിനക്ക് വഴി. മേലനങ്ങിപ്പണിയെടുത്തു ശീലമില്ല. എപ്പോഴും വായനയും എഴുത്തും പിന്നെ നിന്റെ ചിന്തകളുടെ ഒരു ലോകവും. അതുകാരണം ഉണ്ടായിരുന്ന ബിസിനെസ്സും നശിച്ചു. നിനക്ക് ഓര്‍മ്മയുണ്ടല്ലോ, വേശ്യയെക്കുറിച്ച് കഥയെഴുതാന്‍ “പ്രാക്ടിക്കല്‍ സോഴ്സ്” തേടിയാണ് നീ എന്‍റെ അടുത്ത് ആദ്യമായി വരുന്നത്. പിന്നെ കഥയുണ്ടായില്ലെങ്കിലും പലര്‍ക്കും പല പുരോഗതിയുണ്ടായി  എന്നെനിക്കറിയാം. കാശ് തീര്‍ന്നപ്പോള്‍ എല്ലാം തീര്‍ന്നു.”
“നീ വെറുതെ എന്നെ ഉപദേശിക്കേണ്ടാ. എനിക്ക് പറ്റിയ പണിയുണ്ടോ അതുമാത്രം പറയ്‌. കൂട്ടിക്കൊടുപ്പിന്‍റെ ഹരിശ്രീ നീയെനിക്ക് പഠിപ്പിച്ചു താ. നോക്കട്ടെ അതുവെച്ച് നന്നാകുവാന്‍ പറ്റുമോ എന്ന്.”
“ എന്നാല്‍ ആ വാന്‍ എടുത്തോ, അതില്‍ ഒരു പുതപ്പുണ്ട്. ആന്ധ്രയില്‍ നിന്നും വന്നതേയുള്ളൂ. ഡോബിഗാട്ട് അത്രെന്ത്‌* ഒരാള്‍ വരും. അയാളുമായി എം.ജി. റോഡ്‌ ഒരു റൗണ്ട് ചുറ്റിവാ.”
ചന്ദ്രുവിന്‍റെ കയ്യില്‍ നിന്നും വാനിന്റെ കീയും മൊബൈലും വാങ്ങുമ്പോള്‍ ഒരു പുതിയ കഥ എഴുതുവാന്‍ പേന വാങ്ങുന്നു എന്ന് മനസ്സില്‍ കരുതി. കൂളിംഗ് ഫിലിം ഒട്ടിച്ച വാന്‍ ഡോര്‍ തുറന്നു കയറുമ്പോള്‍ പിന്നിലേക്ക്‌ നോക്കിയില്ല. എന്നാല്‍ ഒരു വല്ലാത്ത വാസന അങ്ങിനെ പരന്നിരുന്നു. ഒരു പേരറിയാ സുഗന്ധം.
“ഡേയ്, ഒരു റൗണ്ട് മതി. ഒരു അറുപതു സ്പീഡില്‍. അത്രക്കുള്ള രൂപയെ  അയാള്‍ തന്നിട്ടുള്ളൂ”
അവന്‍ പറയുന്നത് ശ്രദ്ധിക്കാതെ വാന്‍ മുന്നോട്ടു കുതിച്ചു.
ഡോബിഗാട്ടില്‍ കാത്തുനിന്നതില്‍ ഒരാള്‍ ചന്ദ്രുവിന്‍റെ സുഹൃത്ത്‌ ആയിരുന്നു. പലപ്പോഴും അവനെ പാര്‍ക്കില്‍ കണ്ടിട്ടുള്ളതാണ്. ഒരു മധ്യവയസ്കനെ വാനിന്റെ പിന്നില്‍ കയറ്റി എന്തോ ശബ്ദം താഴ്ത്തിപറഞ്ഞുകൊണ്ട് അവന്‍ ഡോര്‍ വലിച്ച് നടന്നകന്നു.
“ഏന്‍ റീ , മിററില്‍ യാവതും കാണുത്തായില്ലവാല്ല.”*
“ഇതിപ്പോ എന്നാ മൈരു കാണാനാ”
മനസ്സില്‍ പറഞ്ഞത് കുറച്ചു ഉറക്കെയായിപ്പോയി.
“ആഹാ, നിങ്ങള് മലയാളിയാ. ഹോ ആശ്വാസമായി.”
പിറകിലെ മദ്ധ്യവയസ്ക്കന്‍ മലയാളിയാണെന്നറിഞ്ഞപ്പോള്‍ വല്ലാത്ത ജാള്യംതോന്നി.
“ഇത്തരം കേസുകളില്‍ ഭയങ്കര തട്ടിപ്പാണ് എന്നാ കേട്ടതേ. നമ്മള്‍ ഇത്തരം വണ്ടിയില്‍ കാര്യത്തിന് വേണ്ടി കയറും. അതിലുള്ളവര്‍ കാശും മറ്റും തട്ടിയെടുത്തു നമ്മളെ എവിടയെങ്കിലും ഇറക്കിവിടും എന്നൊക്കെ. ഇപ്പോഴാണ് ആശ്വാസമായത്”
തിരിച്ചൊന്നും പറയുവാന്‍ തോന്നിയില്ല. പറഞ്ഞാല്‍ ഇനിയും വായില്‍ വരിക തെറിയാകും എന്നുറപ്പുള്ള ഭയം. മുന്നോട്ടു നോക്കി വാന്‍ പതുക്കെ ഓടിച്ചു.
“എടിയേ, ഞാനൊരു മീറ്റിങ്ങിനു കയറുവാ, മൊബൈല്‍ ഓഫ്‌ ചെയ്യുമേ. ങാ ഉച്ചക്ക് വരും. വാളന്‍പുളി കിട്ടിയോ. എന്നാല്‍ മീഞ്ചാര്‍ ഒന്ന് പറ്റിച്ചു വെച്ചോ. ങാ ബോസ്സ് വന്നു ഞാന്‍ വെക്കുന്നു.”
ഭാര്യയോടാവും.
“എന്നാല്‍ ഞാന്‍ തുടങ്ങുകയാണ് കേട്ടോ “ അയാളുടെ ശൃംഗാരചുവയുള്ള ആ മുന്നറിയിപ്പില്‍ പല്ലുഞെരിച്ചുകൊണ്ട്‌ സ്റ്റിയറിംഗില്‍ അമര്‍ത്തിപ്പിടിച്ചു.
പിറകിലെ അമര്‍ത്തിയ ചെറു ശബ്ദങ്ങള്‍ക്ക് ചെവികൊട്ടിയടച്ചു. ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധിച്ചു.എം,ജി. റോഡിലേക്ക്‌ കയറി ഓരം ചേര്‍ത്ത് പതുക്കെ വാനോടിച്ചു.പ്രകൃതി ഋതുമതിയായതുപോലെ വാകപ്പൂക്കള്‍ പൊഴിഞ്ഞുകിടന്നിരുന്നു.
അടിവേരുകള്‍ മണ്ണിലേക്ക് ആഴത്തിലിറങ്ങുവാന്‍ കഴിയാതെ കോണ്‍ക്രീറ്റില്‍ വീര്‍പ്പുമുട്ടി ഒരു വാകമരം ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിനു മുകളിലേക്ക് വീണത്‌ കഴിഞ്ഞ ആഴ്ച്ചയായിരുന്നു. പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയുള്ള നിശബ്ദപ്രതികരണം ..!
“ഹാ, ഇത് ശരിയാകില്ല. ഈ കുട്ടിയെന്താ ഇങ്ങിനെ “
അയാളുടെ ഉച്ചത്തിലുള്ള ശബ്ദം.
അമര്‍ത്തിയ പെണ്‍ശബ്ദം വ്യക്തമല്ല.
“എടോ, താന്‍ വണ്ടി നിരത്ത്. ഇതാ ഞാന്‍ അവനോടു പറഞ്ഞത്. ഏതെന്കിലും ഹോട്ടല്‍ റൂം മതിയെന്ന്”
ആളുകള്‍ കുറവായ സ്ഥലം നോക്കി വണ്ടിയൊതുക്കിയപ്പോള്‍ അയാള്‍ മുന്നിലെ ഡോര്‍ തുറന്നു കയറിയിരുന്നു.
“അവള്‍ ടോപ്‌ ഊരുന്നില്ല. അവിടെ തൊടാനും സമ്മതിക്കുന്നില്ല. ഇതിനാണോ ഞാന്‍ കാശ് കൊടുത്തത്.” അയാള്‍ വീണ്ടും ഒച്ചവെക്കുകയാണ്.
പതുങ്ങിയിരുന്ന അമര്‍ഷം പുറത്തേക്കു നീട്ടിത്തുപ്പി. പിറകിലെ ഡോര്‍ തുറന്നു അകത്തുകയറി അവളുടെ കരണത്ത് ആഞ്ഞ് ഒരടി കൊടുത്ത ശേഷമാണ് അവളുടെ മുഖം ശരിക്ക് ശ്രദ്ധിച്ചത് തന്നെ. ഇരുനിറമുള്ള ഒരു നാട്ടിന്‍പുറംകാരി.
അടികൊണ്ട കവിള്‍ ചുവന്നു കയറുമ്പോള്‍, അവള്‍ ചുരിദാര്‍ ടോപ്‌ തലയ്ക്കു മുകളിലൂടെ ഊരിയെടുത്തു. അയാള്‍ തരിച്ചിരുന്നുപോയീ.... മുലക്കണ്ണിലൂടെ കിനിഞ്ഞിറങ്ങുന്ന മുലപാല്‍ സീറ്റിലേക്ക് ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു. ഒരു കഥയുടെ ഇളംചുണ്ട് വിതുമ്പുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു.

------------------------------------------------------------------------------------------------------------

*ഇക്കഡ നോഡീ – ഇങ്ങോട്ട് നോക്കൂ.
*ബെക്കൂദ്രെ മാടപ്പാ – വേണമെങ്കില്‍ ചെയ്യൂ.
*ഏന്‍ ഹേള്‍ത്തിരാ – എന്ത് പറയുന്നു ?
* നാനു സ്വസ്തവാകി ഹോഗ്തായിതിനി – എനിപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ പോകുന്നു.
*കസ്റ്റമര്‍ ഇദ്രെ കളിസ്തിനി – കസ്റ്റമര്‍ ഉണ്ടെങ്കില്‍ അയക്കാം.
* ഡോബിഗാട്ട് അത്രെന്ത്‌ - ഡോബിഗാട്ടിനടുത്ത് നിന്ന്
* ഏന്‍ റീ , മിററില്‍ യാവതും കാണുത്തായില്ലവാല്ല.- മിററില്‍ ഒന്നും കാണില്ലല്ലോ അല്ലെ ,

Sunday, 3 March 2013

തീവ്രവാദി.


തീവ്രവാദി .. ! അതെ, തീവ്രവാദി തന്നെ ! നമ്മുടെ ഈ ഗ്രാമത്തില്‍ !
വാര്‍ത്ത കാറ്റിനൊപ്പം തെന്നിത്തെറിച്ചു പറക്കുന്നു.

ഒരു തീവ്രവാദി ഒളിച്ചിരിക്കുന്നു നമ്മുടെ ഗ്രാമത്തില്‍. കേട്ടവര്‍ കേട്ടവര്‍ ഓടുകയാണ് . തീവ്രവാദിയെന്നു വാര്‍ത്തകളിലും മറ്റും കേട്ടതല്ലാതെ നേരിട്ട് കണ്ടിട്ടില്ല.ആശ്ചര്യത്തെക്കാളുപരി ഉല്‍സുകതയാണ് എല്ലാവര്‍ക്കും.

ഗാന്ധിജയന്തി ആയതിനാല്‍ സ്കൂള്‍മുറ്റത്തെ ഗാന്ധിപ്രതിമയിലെ കാക്കക്കാഷ്ടവും മറ്റും കഴുകി വൃത്തിയാക്കുവാനായി ഏണിയില്‍ കയറിയ കൂനന്‍ ശങ്കരന്‍ ആണ് ആദ്യം കണ്ടത്.



വര്‍ഷത്തിലൊരിക്കല്‍ ആ ദിനം മാത്രമാണ് ഗാന്ധിപ്രതിമ വൃത്തിയാക്കുന്നത്. അത് ആരും പറയാതെ തന്നെ കൂനന്‍ ശങ്കരന്‍ ചെയ്യും. അവന്റെ അപ്പൂപ്പന്‍ മഹാത്മാവിനെ നേരിട്ട് കണ്ടിട്ടുണ്ടത്രേ !

സ്കൂള്‍മതില്‍ക്കെട്ടിനപ്പുറത്തു കാടുപിടിച്ചു കിടക്കുന്ന പറമ്പിന്‍റെ മൂലയിലുള്ള പഴകിപ്പൊളിഞ്ഞു നിലംപതിക്കാറായ ആ പഴയ വീടിന്‍റെ ഉമ്മറത്ത്‌ നില്‍ക്കുന്നു ഒരു താടിക്കാരന്‍...!.

അന്നൊരിക്കല്‍ ശിവകാമി പറഞ്ഞ കഥയിലെ* ഒരു അമ്മയായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. ഭ്രാന്തനായി നാടുവിട്ടുപോയ പോയ മകന്‍റെ തിരിച്ചു വരും കാത്ത് തളര്‍ന്നു കിടന്നു തീര്‍ന്നു പോയ ഒരമ്മയുടെ വീട്.ആയമ്മയുടെ മരണശേഷം , മാതൃദു:ഖത്തിന്‍റെ തിരുശേഷിപ്പുപോലെ അതങ്ങനെ തുരുമ്പിച്ചു തുരുമ്പിച്ചു തീര്‍ന്നു കൊണ്ടേയിരുന്നു.


“ന്‍റെ മാത്തുവേ, താടീം മുടീം നീട്ടീട്ട് ഒരാളെ , ന്‍റെ മോത്തെക്ക് ഒന്നേ നോക്കീള്ളൂ. പിശാചിനെപ്പോലെ തുറിച്ചൊരുനോട്ടം. ന്നിട്ട്, അകത്തേക്ക് ഒറ്റ പോക്കാ..”

ആരുടേയും ശ്രദ്ധയില്‍പ്പെടാതെ അരിച്ചരിച്ചു ജീവിച്ചിരുന്ന കൂനന്‍ ശങ്കരന്‍ ഇപ്പോള്‍ ആളുകളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. അവനെ പുച്ഛത്തോടെ നോക്കിയിരുന്നവര്‍ ഇന്നവന്റെ വിവരണത്തിന് ശ്രദ്ധയോടെ കാതോര്‍ക്കുന്നു.

‘’അവനെന്താണ്ട്രാ ഇട്ടിരുന്നത് ?”

ചായകടക്കാരന്‍ തങ്കപ്പന്‍ചേട്ടന് ആകാംക്ഷ അടക്കുവാന്‍ വയ്യ.

“ന്‍റെ കയ്യും കാലും വിറച്ചിട്ട് പാടില്ലാ, ദേ ഇപ്പോഴും നോക്ക്യേ..”

ശങ്കരന്‍ തങ്കപ്പന്‍ ചേട്ടന്റെ ചോദ്യം കേട്ടില്ലാ എന്നാ മട്ടില്‍ തുടര്‍ന്നു. അവന്‍ ചായക്കാശ് കടം പറഞ്ഞപ്പോള്‍ തന്തക്കു വിളിച്ചവനാണ് കിഴവന്‍ ...!

“പോലീസിനെ അറിയിച്ചോ ? “ ആള്‍ക്കൂട്ടത്തില്‍ ആരോ ചോദിച്ചു.
“ഉവ്വ് പഞ്ചായത്ത് മെമ്പറു പോയിട്ടുണ്ട്...!”

പോലീസുവരുംവരെ ആരും പറമ്പിനടുത്തേക്ക് പോകേണ്ടാ എന്നാണു തീരുമാനം. എല്ലാവരും സ്കൂള്‍ മൈതാനത്തില്‍ പാതി കഴുകിയ ഗാന്ധിപ്രതിമക്ക് താഴെ ഒത്തുകൂടി.

മുന്നില്‍ പായുന്ന പോലീസ്‌ജീപ്പിനു പിന്നില്‍ ജീപ്പിനെ പിന്തുടരുന്ന കാറിനുള്ളിലിരുന്ന് മെമ്പര്‍ ഒന്നുംകൂടി കണക്കുകള്‍ ഹരിച്ചും ഗുണിച്ചും ശിഷ്ടം നോക്കി.

ഇലക്ഷന്‍ അടുക്കുകയാണ്. ഓരോരോ പ്രശന്ങ്ങളില്‍പ്പെട്ട് ആടിയുലയുന്ന പാര്‍ട്ടിയുടെ ജനസമ്മിതി തിരിച്ചുപിടിക്കുവാനുള്ള രാഷ്ട്രീയവഴിക്കണക്കുകള്‍ക്ക് ഉത്തരം തേടുകയായിരുന്നു ഉമ്മറത്തിരുന്ന്. അപ്പോഴാണ്‌ കൂനന്‍ ശങ്കരനും കൂട്ടരും വരുന്നത്. ആദ്യം കരുതി ഗാന്ധിജയന്തിവാക്ധോരണിക്കാകും എന്ന്. ആളൊഴിഞ്ഞ വീട്ടില്‍ ആളെക്കണ്ട വിവരം കേട്ടപ്പോള്‍ വല്ല വഴിപ്പോക്കനുമാകും എന്ന് അവരെ സമാധാനിപ്പിച്ചുവെങ്കിലും, ശങ്കരന്‍റെ വിവരണത്തിനിടയില്‍ അജ്ഞാതന്‍ പുതച്ചിരുന്ന പുതപ്പിന്റെ നിറം ‘പച്ചപോലെ’ എന്ന് കേട്ടപ്പോള്‍ അടുത്ത ഇലക്ഷനിലേക്കുള്ള ഉത്തരം കിട്ടി. വഴിക്കണക്കിനി വഴിക്ക് വന്നുകൊള്ളും കണക്കിന് തന്നെ .അതാണ്‌ തീവ്രവാദം.

“കൂട്ടരേ, അവനൊരു തീവ്രവാദിയാണെന്നാണ് തോന്നണേ. പച്ചേല്ലേ പുതച്ചേക്കണെ. ശങ്കരാ, നീ ആളോളീം കൂട്ടി സ്കൂളിലേക്ക് പോക്കോ, ഞാന്‍ സ്റ്റേഷനില്‍ വിവരമറിയിച്ചേക്കാം. സൂക്ഷിക്കണേ , തീവ്രവാദ്യോള്‍ടെ കയ്യില് മാരകായുധങ്ങള്‍ കാണും.”

മുന്നറിയിപ്പും നല്‍കി അവരെ പറഞ്ഞയച്ചിട്ടു, മൊബൈല്‍ഫോണില്‍ പാര്‍ട്ടി അദ്ധ്യക്ഷനെ വിളിച്ചു വിവരം അറിയിച്ചു. രാഷ്ട്രീയവഴിക്കണക്കുകളില്‍ പൈത്തഗോറിയന്‍ സിദ്ധാന്തങ്ങളുടെ സ്വാധീനം നന്നായറിയാവുന്ന അദ്ധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ്‌സ്റ്റേഷനിലേക്ക് നേരിട്ട് പുറപ്പെട്ടു. ഏരിയകമ്മിറ്റിമെമ്പറെ വിളിച്ച് സ്കൂള്‍വളപ്പില്‍ ആവശ്യത്തിന് പാര്‍ട്ടിപ്രവര്‍ത്തകരെ എത്തിക്കുവാനുള്ളഏര്‍പ്പാട്ചെയ്തു. മനക്കണക്കിന്റെ വഴിക്കണക്കുകളില്‍ വഴിവെട്ടുകാര്‍ ആവശ്യത്തിനില്ലെങ്കില്‍ കണക്കില്‍ പിഴക്കാം. വോട്ടെന്ന സ്വസ്തിക ചിഹ്നം തിളങ്ങി..!

“നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് തെച്ചിപ്പൂ ഗ്രാമത്തിലെ ഗവര്‍മെന്റ് സ്കൂളിന് മുന്നിലാണ്. നിങ്ങളിപ്പോള്‍ കാണുന്ന ഗാന്ധിപ്രതിമ വൃത്തിയാക്കുവാന്‍ കയറിയ കൂനന്‍ ശങ്കരന്‍ എന്ന ശങ്കര്‍ ആണ് മതിലിനപ്പുറമുള്ള പറമ്പിലെ ഒഴിഞ്ഞ വീട്ടില്‍ തീവ്രവാദിയെ ആദ്യം കാണുന്നത്. മിസ്റ്റര്‍ ശങ്കര്‍ താങ്കള്‍ ഞങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ വേണ്ടി അതൊന്നു വിവരിക്കാമോ ? “

ചാനല്‍സുന്ദരിയുടെ മുന്നില്‍ ശങ്കരന്‍ നാണത്താല്‍ ചൂളി. എന്നാലും പറയുവാന്‍ തുടങ്ങി.

“ഈ ബൊമ്മ കഴുകാന്‍ കേറിയതാണ്. അപ്പോഴാ കണ്ടത്. ഒരു പച്ചപ്പുതപ്പും പുതച്ച് താടീം മുടീം നീട്ടിയ ഒരു രൂപം. ന്നെ ഒന്ന് തുറിച്ചു നോക്കീട്ട് ഒറ്റപ്പോക്കാ അകത്തീക്ക്.”

ശങ്കരന്‍ സംസാരിക്കുമ്പോള്‍ ശങ്കരനൊപ്പം നില്‍ക്കാന്‍ തങ്കപ്പന്‍ ചേട്ടനും മറ്റുള്ളവരും മത്സരിക്കുകയായിരുന്നു. ചാനല്‍ കാമറയുടെ കണ്ണില്‍പ്പെടുക പുണ്യമത്രേ..!

അപ്പൂപ്പന്‍ മഹാത്മാവിനെ കണ്ട ചരിത്രം ശങ്കരന്‍ ചാനല്‍ സുന്ദരിയോടു വിവരിക്കുവാന്‍ തുടങ്ങുമ്പോഴേക്കും സ്കൂള്‍കവാടം കടന്ന് പോലീസ്‌ജീപ്പ് ഇരമ്പിയെത്തി. ചരിത്രം പാതിയാക്കി സുന്ദരിയും കാമറയും ശങ്കരനെ ഉപേക്ഷിച്ച് ജീപ്പിനടുത്തെക്ക് കുതിച്ചു.

ജീപ്പില്‍ നിന്നുമിറങ്ങിയ ഇന്‍സ്പെക്ടര്‍ ആളുകളെ ഒരു ഭാഗത്തേക്ക്‌ ഒതുക്കി നിയന്ത്രിക്കുവാന്‍ പോലീസുകാര്‍ക്ക്‌ നിര്‍ദേശം നല്‍കി. 

സൌമ്യമായിരുന്ന ഗ്രാമാന്തരീക്ഷം എത്രപ്പെട്ടെന്നാണ് കലുഷിതമായതെന്നു അയാള്‍ ഓര്‍ത്തു. ഡോക്ടര്‍ കുറിച്ചു തന്നതിന്‍ പ്രകാരം ഭാര്യയുടെ പ്രസവത്തീയതി ഇന്നായിരുന്നു. സ്റ്റേഷനിലെത്തിഔപചാരികമായി തലകാണിച്ച് ആശുപത്രിയിലേക്ക് പോകാനിറങ്ങുമ്പോഴാണ് പഞ്ചായത്ത് മെമ്പര്‍ വരുന്നത്. തീവ്രവാദവിഷയത്തിന്‍റെ തീവ്രത മനസ്സിലാക്കി , മേലുദ്യോഗസ്ഥനോട് ഫോണില്‍ വിളിച്ച് സായുധസേനയുടെ സഹായമഭ്യര്‍ത്ഥിച്ച് സ്കൂളിലേക്ക് പുറപ്പെട്ടതാണ്. ചാനലുകാര്‍പോലും എത്തിക്കഴിഞ്ഞു. ആധുനികയുഗ ശവം തീനികള്‍ ... അയാള്‍ പിറുപിറുത്തു.


“ സര്‍, തീവ്രവാദിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ? ആ ഒറ്റപെട്ടവീട് അവര്‍ തെരഞ്ഞെടുക്കുവാന്‍ കാരണം ? ഒരാള്‍ മാത്രമായിരിക്കുമോ ഉള്ളില്‍ അതോ അവര്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമോ ?”

നീട്ടിയ ചാനല്‍ മൈക്ക്‌ ഒരു മൂര്‍ഖനെപ്പോലെ ഇന്‍സ്പെക്ടറുടെ നേരെ ഫണമുയര്‍ത്തി’ചീറ്റി.

“കാണിപ്പയ്യൂരില്‍ പോയ ആള്‍ വന്നാല്‍ എല്ലാത്തിനും ഉത്തരം തരാം”

പുച്ഛത്തോടെ ചിരിച്ചു അയാള്‍ ഗന്ധിപ്രതിമയുടെ അടുത്തേക്ക് നടന്നു.

“കൂടുതല്‍ വിവരങ്ങളുമായി വീണ്ടും എത്തുന്നതാണ്. സംഭവസ്ഥലത്തു നിന്നും കാമറാമാന്‍ കിരണിനോടൊപ്പം നിഷ ദിലീപ്‌ ഏഷ്യവിഷന്‍.”
സുന്ദരി കാമറയില്‍ നോക്കി സൈന്‍ ഓഫ്‌ പറഞ്ഞു.

“നിഷേച്ചീ, സംഗതി പാളീട്ടാ. എക്സ്ക്ലുസീവ് ആയി എന്തെങ്കിലും വേണംന്നാണ് ബോസ്സിന്റെ ഓര്‍ഡര്‍. പറ്റുമെങ്കില്‍ ആ വീടിന്‍റെ ഒരു ക്ലോസ് അപ്പ്‌ എങ്കിലും. ഞാനാ മതിലിനു മുകളില്‍ ഒന്ന് ട്രൈ ചെയ്യട്ടെ?”

“കിരണേ , സംഗതി തീവ്രവാദിയാണ്. നീ മതിലിനു മുകളില്‍ കയറി റിസ്ക്‌ എടുത്താല്‍ , ചിലപ്പോള്‍ നീയാകും നമ്മുടെ ചാനല്‍ എക്സ്ക്ലുസീവ് സൂക്ഷിച്ചോ മോനെ”. ചാനല്‍ സുന്ദരി വെളുക്കെ ചിരിച്ച് വേവലാതിയകറ്റി.

ആള്‍ക്കൂട്ടത്തിന് കനമേറിക്കൊണ്ടെയിരുന്നു. പാര്‍ട്ടിക്കാരും പറഞ്ഞറിഞ്ഞവരും എല്ലാവരും ഒത്തുകൂടി ആ ഗാന്ധിപ്രതിമക്ക് ചോട്ടില്‍. എന്നാല്‍ ചില ആളുകള്‍ മാത്രം ഒന്നും ശ്രദ്ധിക്കാതെ അവരവരുടെ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. അന്നം തേടിയെത്തിയ അന്യദേശതൊഴിലാളികള്‍.അവരെ ഈ പ്രശ്നങ്ങള്‍ ഒന്നും ബാധിച്ചതായി തോന്നിയതേയില്ല.

ആള്‍ക്കൂട്ടത്തിന് ദാഹമകറ്റാന്‍ തങ്കപ്പന്‍ ചേട്ടന്‍ ഒരു താല്‍ക്കാലിക തട്ടുകട തുറന്നു. ചായയും ബോണ്ടയും ബോഞ്ചി വെള്ളവും എല്ലാം ടൌണില്‍ നിന്നും അദ്ദേഹം ജീപ്പില്‍ വരുത്തി ആവശ്യത്തിന് സ്റ്റോക്ക്‌ ചെയ്തു. എം.ബി.എ.ക്കാരന്‍റെ ബുദ്ധിപോലും തോറ്റുപോകും, എന്തൊരു ദീര്‍ഘവീക്ഷണം...!

ചില കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ആക്കുവാന്‍ പറ്റിയ ഫോട്ടോക്കായി വെമ്പല്‍ പൂണ്ടു കാമറാ മൊബൈല്‍ ഓണ്‍ ചെയ്തു അക്ഷമരായി.

സായുധപൊലീസ് എത്തിയതോടുകൂടി രംഗം വീണ്ടും ഉഷാര്‍ ആയി. വാഹങ്ങളില്‍ നിന്നും ഇറങ്ങിയ അവര്‍ മതില്‍ ചുറ്റി വലയം തീര്‍ത്തു. ചില വിദഗ്ദ്ധര്‍ മതില്‍ ചാടി ഒളിയിടങ്ങളില്‍ പതുങ്ങി തോക്കിന്‍ മുന ഒഴിഞ്ഞ വീടിനെ ലക്‌ഷ്യം വെച്ച് തയ്യാറായി.

ഗാന്ധിപ്രതിമയില്‍ ചാരിവെച്ച ഏണിയില്‍ കയറി ഹാന്‍ഡ്‌ സ്പീക്കറില്‍ കൂടി ഇന്‍സ്പെക്ടര്‍ പല ഭാഷകളിലും തീവ്രവാദി പുറത്തേക്കു വരുവാനായ് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഭീഷണിസ്വരത്തിന്‍റെ താളം മുറുകിയപ്പോള്‍ കൈബലത്തിന് പിടിച്ചിരുന്ന പ്രതിമയിലെ കണ്ണാടിക്കാല്‍ ഇളകിവീണു.മഹാത്മാവിന്റെ മുഖത്ത് ഒറ്റക്കാല്‍ കണ്ണട ചെരിഞ്ഞു തൂങ്ങി.

പഞ്ചായത്ത് മെമ്പര്‍ പ്രതിമക്ക് താഴെ വന്ന് ഇന്‍സ്പെക്ടറിനെ കൈവീശി താഴേക്കു വിളിച്ച് മൊബൈല്‍ ഫോണ്‍ കയ്യില്‍ കൊടുത്തു പറഞ്ഞു “സി.എം ആണ്.”

സംസാരിച്ചു കഴിഞ്ഞു ഫോണ്‍ തിരിച്ചു നല്‍കിയ ഇന്‍സ്പെക്ടറുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.

“ഇനീ വെറുതെ വേദമോതുവാന്‍ നില്‍ക്കേണ്ട. അവസരം ഉപയോഗിക്കൂ. ഐ.ജിയും മറ്റും ഇപ്പോള്‍ എത്തും. ഒരു പ്രമോഷന്‍ ഉറപ്പായും ഉണ്ടാകും.അനുകൂലിക്കുന്നവര്‍ കൂട്ടം കൂടുവാന്‍ തുടങ്ങുന്നുണ്ട് എതിര്‍ചേരിയില്‍. അവര്‍ക്കും ഇതൊരു പാഠമാകട്ടെ. അത് മാത്രമല്ല. മന്ത്രിസഭയിലെ സ്ത്രീപീഡനാരോപണ മന്ത്രിമാരുടെ കഥകള്‍ക്ക് തല്‍ക്കാലം ഇതിനാല്‍ ഒരു വിരാമം ഇടുവാന്‍ സാധിച്ചാല്‍ താങ്കള്‍ക്കും അഭിമാനിക്കാം.”

മെമ്പര്‍ ഒരു വെടലച്ചിരി ചിരിച്ചു. ആ ചിരിയുടെ തുടര്‍ച്ചപോലെ ഇന്‍സ്പെക്ടറുടെ ഫോണും ശബ്ദിച്ചു.

ഫോണ്‍ ചെവിയോടു ചേര്‍ത്ത് അയാള്‍ “യെസ്, സര്‍, യെസ് സര്‍. എന്ന് ഒരു മന്ത്രം പോലെ ഉരുവിട്ടു.

“കലക്ടര്‍ ആയിരിക്കും അല്ലേ ? ഇനി നിയമപ്പഴുതുകള്‍ പേടിക്കേണ്ടല്ലോ ?”

“മീഡിയാ ഉണ്ട് അവര്‍....” ഇന്‍സ്പെക്ടര്‍ പാതി തളര്‍ന്ന ശബ്ദത്തില്‍ മുഴുമിച്ചില്ല.

“എന്ത് മീഡിയ....! അവര്‍ക്ക് കോടികളുടെ പരസ്യം നല്‍കുന്ന കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടി അംഗത്വം ഉള്ളവരാണ് സര്‍. മാദ്ധ്യമധര്‍മ്മം അവരാണ് ഇപ്പോള്‍ നിശ്ചയിക്കുന്നത്. സാറ് പേടിക്കേണ്ടാ..!”

മതിലിനരികിലേക്ക് നടക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ്‌ വാചകങ്ങള്‍ ഇന്‍സ്പെക്ടറുടെ മനസ്സില്‍ പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങി.

‘ ആളൊഴിഞ്ഞ വീട്ടില്‍ അതിഭയങ്കര സ്ഫോടകവസ്തുക്കളുമായി ഒളിച്ചു താമസിച്ചിരുന്ന കൊടുംതീവ്രവാദിയെ അതിസാഹസികമായ സംഘട്ടനത്തിനു ശേഷം ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ശേഖര്‍ വെടിവെച്ചു കൊന്നു. സംഘട്ടനത്തില്‍ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇന്‍സ്പെക്ടര്‍ പ്രവീണിന്‍റെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ നഗരത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചു.’

“അലെര്‍ട്ട്” ലൌഡ്സ്പീക്കറില്‍ അയാളുടെ ശബ്ദം മുഴങ്ങി.
അലയോടുങ്ങിയപ്പോള്‍ അന്തരീക്ഷം തികച്ചും നിശബ്ദമായി. ഗാന്ധിപ്രതിമയുടെ മുകളില്‍ അറിയാതെയെന്നപോല്‍ പറന്നിറങ്ങിയ കാക്ക നിശബ്ദതയില്‍ ഭയന്ന് വീണ്ടും പറന്നു പൊങ്ങി അകലേക്ക്‌ ചിറകടിച്ചു നീങ്ങി.

തികഞ്ഞ നിശബ്ദതയില്‍ ആരോ ഉറക്കെ ഒന്ന് തുമ്മി.
“ഫയര്‍” എന്ന ശബ്ദത്തോടൊപ്പം അതിഭയങ്കരമായ ശബ്ദത്തോടുകൂടി തോക്കുകള്‍ ഒരുമിച്ചു വെടിയുതിര്‍ത്തു.

ചാനല്‍ കാമറാമാന്‍ മതിലില്‍ വലിഞ്ഞു കയറി അവന്‍റെ ജോലിയിലെ ആത്മാര്‍ഥതതെളിയിച്ചു.. 

അവന്‍റെ കാമറകണ്ണുകള്‍ ആ പഴയവീടിന്റെ ചുമരുകളിലെ സിമന്റുപാളികള്‍ തെറിക്കുന്നതും, പഴമയുടെ അവശേഷിപ്പായി നിന്നിരുന്ന ഓടുകള്‍ വെടിയുണ്ടയേറ്റ് ഇളകിതെറിക്കുന്നതും വ്യക്തമായി ഒപ്പിയെടുത്തു.

വീടിനു മുന്നിലെ പുല്‍ക്കാടുകളില്‍ ഒളിഞ്ഞിരുന്ന ചേരകള്‍ പാതി വിഴുങ്ങിയ പെരുച്ചാഴികളെ പുറത്തേക്കു തുപ്പി വേഗത്തില്‍ ഇഴഞ്ഞു നീങ്ങി രക്ഷപ്പെട്ടു.

ഒരു റൗണ്ട് വെടിയുതിര്‍ത്ത് തോക്കുകള്‍ പുകഞ്ഞു വിശ്രമിച്ചു.

ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ്‌ കൂട്ടം വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി.വളര്‍ന്നു തലയെടുത്തുനിന്ന പുല്ലിന്‍തലപ്പുകള്‍ പോലീസ്‌ ബൂട്ടുകളുടെ ചവിട്ടടിയേറ്റ് ചതഞ്ഞു താഴ്ന്നു മരണ ഗന്ധം പരത്തി.

ആളൊഴിഞ്ഞ മൈതാനത്തില്‍, പ്രതിമയ്ക്ക് മുകളില്‍ കഴുകിയ ഭാഗത്ത് ഒരു കാക്ക പറന്നിറങ്ങി കൃത്യമായി, ഒടിഞ്ഞ കണ്ണടയ്ക്കു മുകളില്‍ കാഷ്ടിച്ചു കരഞ്ഞു കൊണ്ട് പറന്നകന്നു.

വെടിമരുന്നിന്‍റെ ഗന്ധം നിറഞ്ഞ നിശബ്ദതയില്‍ ഒരു നേരിയ ഞരക്കം മാത്രം ആ പഴയ വീട്ടില്‍ നിന്നും ഉയര്‍ന്നു : “ഹേ റാം ..... ഹേ റാം.......! “






*’ശിവകാമിയുടെ കാഴ്ചകള്‍’ എന്ന ബ്ലോഗിലെ ‘ഒരു കാത്തിരുപ്പിന്റെ നോവ്‌’ എന്ന കുറിപ്പിന് കടപ്പാട്.