ജനനം .
======
പാതി ഉടലിന്‍റെ വഞ്ചനയിലാകാം, ചിലപ്പോള്‍ -
പകുത്ത ഉടലിന്‍റെ നെറികേടിലുമാകാം.
കൂടപ്പിറപ്പിന്‍റെ കുരുട്ടുബുദ്ധിയിലൂടെയും
കൊടും പഠനത്തിനൊടുവിലുമാകാം
ഒരു ചങ്ങലക്കിലുക്കം ജനിക്കുന്നു....!പ്രവര്‍ത്തി.
=========
എന്‍റെ മാനം കോണകമില്ലാതെ
അഹങ്കാരത്തിന്റെ കല്ലുരുട്ടി
അറിവില്ലായ്മയാല്‍ തെറിപ്പാട്ടുപാടുന്നു.
നിങ്ങള്‍ക്കു വേണമെങ്കില്‍ താളം പിടിക്കാം...!
ചരിത്രം.
=======
കാറ്റില്‍ പറന്നു വന്ന കോണകം രാജാവിന്റെതെന്നു ചിലര്‍. അരികില്‍ കസവ് മൂന്നു വിരല്‍ വലുപ്പത്തില്‍ ; ആയതിനാല്‍ മന്ത്രിയുടെതാകാന്‍ വഴിയില്ല. മണത്തു നോക്കിയപ്പോള്‍ ചന്ദനത്തിന്റെ മണം...! ഇതേതോ യോഗിയുടെതാണ്, സംശയം ഇല്ല..!
ആല്‍മരച്ചുവട്ടില്‍ വിരിച്ച കോണകത്തിനു ചുറ്റും അകില്‍,ചന്ദനത്തിരി ,കര്‍പ്പൂരാദി പുകഞ്ഞു. തൊഴുകയ്യോടെ ജാതിമതഭേദമന്യേ ജനം വൃത്തമായ്. യോഗിവരും , അമാനുഷികന്‍, ആത്മതേജസ്സോടെ...! ജനം നഗരകവാടത്തില്‍ കാത്തിരിപ്പായ്. ചിലര്‍ കോണക സേവനത്തിനായ് തുനിഞ്ഞിറങ്ങി... വല്ല സിദ്ധിയോ മറ്റോ .. ചിലപ്പോള്‍...!
നഗരാതിര്‍ത്തിയിലും , കോണക ചുറ്റുവട്ടത്തും നില്‍ക്കുവാന്‍ ആളുകളെ തെരഞ്ഞെടുക്കുവാന്‍ പാനല്‍ ഉണ്ടായി,പിന്നീട് തെരഞ്ഞെടുപ്പും . ജനങ്ങള്‍ സംസ്കാര സമ്പന്നര്‍ ആയി , കോണകം അവരുടെ സംസ്കാരപ്രതീകവും. ഒരു നാള്‍ അവന്‍ വരും ... അതിര്‍ത്തിയിലെ കാട്ടിനുള്ളില്‍ നിന്നും നഗരകവാടം കടന്ന് .. അവര്‍ ഉറക്കെ വിശ്വസിച്ചു.... എല്ലാ വീടുകളിലും പട്ടുകോണക ഫോട്ടോ തൂങ്ങി.
ഒടുവില്‍ .. കവാടം കടന്ന് വന്ന ഭ്രാന്തന്‍ ഉറക്കെ അലറി: "എന്‍റെ കോണകം കഴുകി നിങ്ങളെന്നെ പ്രസിദ്ധനാക്കി......!"
പ്രണയം.
========
കടല്‍ക്കാറ്റിന്‍റെ നനവാര്‍ന്ന സുഖത്തിലാണവള്‍ അവനോടു ചോദിച്ചത് :
"കല്യാണത്തിന് മുന്‍പേ നീയാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ?"
കരയില്‍ പതഞ്ഞമരുവാന്‍ ഉയര്‍ന്നു വരുന്ന ഒരു തിരയെ നോക്കി അവന്‍ മറുപടി പറഞ്ഞു : "പിന്നെ , ഒരുപാടൊരുപാട് !"
പ്രതീക്ഷ വാടിയ പിടയുന്ന കണ്ണുകളില്‍ നോക്കി അവന്‍ തുടര്‍ന്നു:
" അക്ഷരങ്ങളെ, കഥകളെ, കവിതകളെ, അവയുള്ള പുസ്തകങ്ങളെ ,അതെഴുതുന്നവരുടെ കഴിവിനെ ... ഇവയെയെല്ലാം ഞാന്‍ പ്രണയിച്ചു. ഒരുപാടൊരുപാട്. ഇപ്പോള്‍ ദേ, ഈ സുന്ദരിയെ അതിനേക്കാളെല്ലാം ഉപരി പ്രണയിക്കുന്നു."
വിടരുന്ന കണ്ണിണകളില്‍ മുത്തമിടുമ്പോള്‍ അവന്‍ ഉള്ളില്‍ ചിരിച്ചു.
അവനു പിറകില്‍ ഭ്രാന്തന്‍ ഉറക്കെ ചിരിച്ചു:
" ഇതേ ചോദ്യം നീ തിരിച്ചു ചോദിച്ചിരുന്നുവെങ്കില്‍ എനിക്കൊരു കൂട്ടായേനെ , ഹ ഹ ഹ ഹ ..! "
=========
നെറികെട്ട ലോകത്തിനു ഇപ്പോള്‍ 'ക്ലിപ്പുകളോടാണ്" താല്‍പ്പര്യം.
വിളയെ തിന്നുന്ന വേലിചാടിയ ഒരു പശുവിന്‍റെ ക്ലിപ്പ്,
'കൂട്ട്പഠിപ്പില്‍' രതി വിളമ്പുന്ന ഒരു യൂണിഫോം ക്ലിപ്പ്,
വെള്ളിത്തിരയില്‍ മിന്നിയ മിന്നല്‍ മുഖം മിന്നുന്ന ക്ലിപ്പ്,
ഹാ.... ഇപ്പൊ പ്രസവത്തിന്റെ വല്യ ക്ലിപ്പ് ....
അടച്ചിട്ട മുറിയില്‍ നിന്നും അരങ്ങത്തേക്ക്....
ഇതൊക്കെ ഭ്രാന്തല്ലെങ്കില്‍ ഞങ്ങളെയെന്തിനു ചങ്ങലക്കിടുന്നു...?

