Thursday 22 March 2012

ശുനകഭോജനം

ഓടുകയായിരുന്നു... 
കാക്കയെ പോലെ ചിറകുണ്ടായിരുന്നുവെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചു പോയി. പുറകിലെ മുരള്‍ച്ചകളും കുതിപ്പുകളും കാതിലേക്കടുക്കുമ്പോള്‍ വീണ്ടും ശക്തിയോടെ മുന്നോട്ടു കുതിച്ചു . അറ്റം വെളുത്ത വാല്‍ പിന്‍കാലുകള്‍ക്കിടയില്‍ തിരുകി മുന്നോട്ടു കുതിച്ചു.

നശിച്ച കൂട്ടങ്ങള്‍ ! 
മനുഷ്യര്‍ വീട്ടില്‍ കൊടുക്കുന്ന ആഹാരവും അഹങ്കാരവും കൂട്ടമായി , ഈ പാവം ഒറ്റയാന്‍ തെരുവു നായോടു കാട്ടാന്‍ വെമ്പുന്ന ശൂരത്വം....! അവരുടെ ബലിഷ്ഠ ശരീരവും കൂര്‍ത്ത ഉളിപ്പല്ലുകളും ഈ സ്ഥൂല ശരീരത്തിന് വേഗത കൂട്ടുന്നു .
സന്ധ്യ മുതല്‍ക്ക്‌ ഓടുകയാണ്. ഉച്ചക്ക്, പതിവുപോലെ കോയാക്കാന്റെ ചായപീടികയുടെ പുറകിലുള്ള എച്ചില്‍ കൂട്ടത്തിലേക്ക് പോയതാണ്. പുതുകൂട്ടം തെണ്ടിപിള്ളേര്‍ അവിടെ തമ്പടിച്ചിരിക്കുന്നു. ഒന്ന് പരുങ്ങി. അവരെ കാണാത്ത മട്ടില്‍ കല്‍ചുമരിനോട് ചേര്‍ന്ന് പിന്നിടംകാല്‍ ഉയര്‍ത്തി, വെറുതെ. എന്തോ ഒന്ന് തലയ്ക്കു മുകളിലൂടെ മൂളിപാറി പ്രതീക്ഷിച്ചത് തന്നെ !

“ദേണ്ട്റാ ഒരു കറുമ്പന്‍ നായ ‘

അഴിഞ്ഞു തുടങ്ങിയ നിക്കര്‍ ഒരു കൈ കൊണ്ട് പിടിച്ചു ചെമ്പന്‍ തലമുടിയുള്ള ഒരുവന്‍ അടുത്ത കല്ലെടുക്കുന്നു .

“കല്ലെട്റാ......ഏറീടാ....അവനെ....”

പിന്‍കാലില്‍ തിരിഞ്ഞു മുന്നോട്ടായും മുന്‍പേ വയറിനു മീതെ പതിഞ്ഞ കല്ലിന്റെ വേദനയില്‍ വിശപ്പ് മോങ്ങലായി പുറത്തേക്കു തെറിച്ചു .

മരപ്പാലത്തിനു കീഴെ കറുത്ത വെള്ളമൊഴുകുന്ന തോടിനരികില്‍ കൂനകൂട്ടിയ ചവറുകള്‍ക്കിടയില്‍ ഒളിക്കുമ്പോള്‍ , എരന്നു തിന്നുന്ന ഇരുകാലി ചെറുക്കന്റെ ഏറിന്റെ ശക്തി വയറില്‍ കനം വച്ചിരുന്നു. വിശപ്പും കിതപ്പും ഒരുപോലെ അടക്കി, വയറമര്‍ത്തി, മുന്‍കാലുകള്‍ നീട്ടി ചവറുകള്‍ക്കിടയില്‍ കിടന്നു. നീണ്ടു വേറിട്ട്‌ വെളുത്ത ഇടം ചെവി മനുഷ്യന്റെ മാലിന്യകൂമ്പാരം നിറഞ്ഞ ഭൂമിയിലേക്ക്‌ അമര്‍ത്തിപിടിച്ചു. ഇനിയും ഇരുകാലി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ ......?

ബാല്യമേ മുതല്‍ ഒറ്റയ്ക്കായിരുന്നു. റോഡരികില്‍ ഏതോ ചായ പീടികയുടെ പിന്നാമ്പുറവരാന്തയില്‍ അനിയന്മാര്‍ക്കൊപ്പം അമ്മയുടെ മുല ചപ്പി വലിച്ചും, തല്ലു കൂടിയും, ഓടിയും നടന്ന കാലം അവ്യക്തമാണ്. മണം പിടിക്കുവാന്‍ പഠിച്ചു തുടങ്ങിയ കാലം, ഏതോ അഴുകിയ മാംസത്തിന്റെ മണത്തിനു പിന്നാലെ കുറെ ദൂരം പോയി , ഒടുവില്‍ ചീഞ്ഞഴുകിയ ഒരു പൊന്തന്‍ എലിയേയും കടിച്ചു തിരിച്ചു വന്നപ്പോള്‍ ........ അമ്മയും അനിയന്മാരും കിടന്ന പീടികതിണ്ണ ശൂന്യം ! തൊട്ടടുത്ത പീടികയില്‍ നിന്നിരുന്ന മനുഷ്യന്‍ പറയുന്നത് കേട്ട് :

“ആഹാ ,പട്ടിപിടുത്തക്കാര് ഈ കറുമ്പനെ ഒഴിവാക്കിയോ?”

അഴുകിയ മാംസം അവിടെയിട്ടുകൊണ്ട് അന്നോടി തുടങ്ങിയതാണ്!

അമര്‍ത്തിയ ഒരു മുരള്‍ച്ച ! ഒന്നല്ല , ഒന്നിലധികം. ഇത് സ്വന്തം ജാതിക്കാര്‍ ! വാലറ്റവും ഒരു കാതും മാത്രം വെളുത്ത ഞാന്‍ ജാരസന്തതി ആണത്രേ ! തെരുവിന്റെ മക്കള്‍ ! ജാരസന്തതികള്‍ ! ഒറ്റപെടുതല്‍ ! ഒഴിവാക്കല്‍ !

പിന്‍കാലുകള്‍ക്കിടയില്‍ വാലു തിരുകി നടുവ് വളച്ചു, തലകുനിച്ചു വിധേയത്വം പ്രകടിപിച്ചു അവറ്റകളില്‍ നിന്നകന്നു മരപാലത്തിനു മുകളിലേക്ക് നിരങ്ങി നീങ്ങി . അവരില്‍ നിന്നും അകന്നപ്പോള്‍ പിന്നെ നടുവ് നിവര്‍ത്തി ഓടി .

വിശപ്പ്‌ വീണ്ടും ക്ഷീണമായി ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒന്നുനിന്നു. ദൂരം കുറെ ഓടിയിരിക്കുന്നു. പുറത്തേക്കിട്ട നീണ്ട നാവില്‍ ഉറഞ്ഞു കൂടാന്‍ ഇനി ഉമിനീരോട്ടും ശരീരത്തില്‍ ബാകിയില്ല ! സന്ധ്യയോടടുക്കുന്നു. പരിചയമില്ലാത്ത, ആള്‍പ്പാര്‍പ്പുള്ള സ്ഥലമാണ്. മണം പിടിച്ചു... ഉവ്വ് ! ഞങ്ങളിലെ ഉന്നതകുലജാതര്‍ . വീട്ടുനായ്ക്കള്‍ ! മൂത്രത്താല്‍ അതിര്‍ നിര്‍ണയിച്ചു പരസ്പരം കലഹമില്ലായെന്ന് കാപട്യം കാട്ടി, അസൂയ മൂത്ത് ജീവിക്കുന്ന, കഴുത്തില്‍ വാറിട്ട ഒരുകൂട്ടം ജന്തുക്കള്‍ ! ഹുങ്കാരവും കലര്‍ന്ന ഒരു മുരള്‍ച്ച പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് വെള്ളം കെട്ടിനിലക്കുന്ന പൈപ്പിന്റെ ചുവട്ടിലേക്ക് പോയത്‌ ...പക്ഷെ, പെട്ടെന്നുള്ള ആക്രമണം ....! മനുഷ്യ സഹവാസം ഇവരുടെ വര്‍ഗ്ഗ നിയമങ്ങളും മാറ്റിമറിച്ചുവോ ?

കൂര്‍ത്ത പല്ലുകളില്‍ നിന്നും രക്ഷ നേടാന്‍ പിന്നെ കുതിക്കുകയായിരുന്നു. ഓടുന്ന അയത്തില്‍ തന്നെ തൊട്ടടുത്ത്‌ കണ്ട ഉയരം കുറഞ്ഞ മതില്‍കെട്ടിനകത്തേക്കു കുതിക്കുമ്പോള്‍ ഓര്‍ത്തു, ഇനിയിതിനുള്ളിലും കാണുമോ കഴുത്തില്‍ വാറിട്ട കൂര്‍ത്ത പല്ലുകളും !

വീടിനു പുറകിലുള്ള ചായ്പ്പിനുള്ളിലെ വിറകുകൂനയ്ക്കിടയിലൊതുങ്ങുമ്പോള്‍ ഓടിയതിനേക്കാള്‍ പാടുപെട്ടു കിതപ്പടക്കാന്‍ . ചെവി കൂര്‍പ്പിച്ചു... മുരള്‍ച്ചകള്‍ .... നിരാശയുടെ മുറുമുറുപ്പുകള്‍ ...! അത് ഒന്നൊന്നായി കുറഞ്ഞ്, പിന്നെ തീര്‍ത്തും നിശബ്ദം...! ആശ്വാസം....... വിശപ്പ്‌....,.... ക്ഷീണം...... കണ്ണുകള്‍ അടഞ്ഞടഞ്ഞു വന്നു .

ഭൂമിയില്‍ ചേര്‍ത്തു വച്ച കാതില്‍ ആരോ നിരങ്ങി നീങ്ങുന്ന ഇന്ദ്രീയാറിവ്. പേടിച്ചു തലയുയര്‍ത്തി. ഒരു ചുണ്ടെലി വിറകിന്‍ കൂട്ടില്‍ നിന്നും പുറത്തേക്കു ചാടി. മനസ്സിനെ സമാധാനിപ്പിക്കാന്‍ തല രണ്ടു വശത്തേക്കും ആട്ടി, നീണ്ട കാതുകള്‍ കവിളിലടിച്ചു ശബ്ദമുണ്ടാക്കുകയാണ് പതിവ്‌ .പക്ഷെ, അതിപ്പോള്‍ സമാധാനക്കേടാകുമോയെന്ന് ഭയക്കുന്നു. മുന്‍കാലുകള്‍ പൊക്കി ചെള്ള് കടിച്ച കഴുത്തിടം ചൊറിയണമെന്നുണ്ട്. ഇനി അതും .....?

പരിസരം അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഓടുമേഞ്ഞ വീടിനു പുറകിലെ ചെറിയ ചായ്പ്പ്. നീല പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയ മേലാപ്പിനു കീഴെ വിറകുകള്‍ക്കും തേങ്ങാമടലുകള്‍ക്കും ഇടയിലാണ് കിടപ്പ്. വീടിനു പിന്‍ഭാഗത്ത്‌ അടുക്കളവാതിലിനു എതിരിലായി കുറച്ചകലത്തില്‍ കിണറിന്റെ ഒരു ഭാഗം കാണാം. സമയം നിശ്ചയം ഇല്ല.. നല്ല നിലാവുണ്ട്. രാത്രി കുറെയേറെ ആയികാണുമോ? ആവോ ? ചെവി കൂര്‍പ്പിച്ചു.... അമര്‍ത്തിയ തേങ്ങല്‍ പോലെ ഒരു ശബ്ദം ! വീണ്ടും സൂക്ഷ്മം കാതു വട്ടം പിടിച്ചു ! അതെ വീട്ടിനുള്ളില്‍ നിന്നാണ് .ഒരു മനുഷ്യ സ്ത്രീ അമര്‍ത്തി കരയുന്നത് പോലെ ! മുഖം കല്‍ചുമരിനോട് ചേര്‍ത്ത് വെച്ച്, ചെവി ഒന്ന് കൂടി നിവര്‍ത്തി കൂര്‍പ്പിച്ചു. ഒരു സ്ത്രീ ശബ്ദമടക്കി തേങ്ങുന്നതു പോലെ. നേരത്തേ കേട്ട ശബ്ദം അല്‍പ്പം ഉയര്‍ന്നിരിക്കുന്നു. ആരോ അമര്‍ത്തിയ ശബ്ദത്തില്‍ പിറുപിറുക്കുന്നുമുണ്ട് .

അവര്‍ പുറത്തേക്കു വരുമോ..? ഒന്ന് സംശയിച്ചു കൊണ്ട് ചെവി ഒന്നുകൂടി മതിലിലേക്കു ചേര്‍ത്തു വച്ചു.

"ദയവു ചെയ്തു ശബ്ദം ഉണ്ടാക്കല്ലേ മോളെ" - പിറുപിറുക്കുന്നതും ഒരു സ്ത്രീ ശബ്ദം ആണ് .

“ക്ക് വയ്യമ്മേ...” – കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയില്‍ നിന്നെന്ന പോലെ നേര്‍ത്ത് വിറയാര്‍ന്ന്‍ ....

പിന്നീടുള്ള പിറുപിറുക്കല്‍ വ്യക്തമാകുന്നില്ല. പെട്ടെന്ന്‍ !

ഒരു വല്ലാത്ത ശബ്ദം ! ഒരു നിലവിളി പാതിയില്‍ മുറിഞ്ഞ പോലെ, അല്ല ! 
നിലവിളിക്കുമ്പോള്‍ വായ് പൊത്തിയതു പോലെ ....! നിശ്ശബ്ദം ....!

കുറച്ചുനേരം ശ്രദ്ധിച്ചു. ഇല്ല ! നിഴല്‍ പോലെ നിശബ്ദം. ആശ്വാസം... അവര്‍ ഉറങ്ങിക്കാണും.. ഇല്ല ! വസ്ത്രമുലയുന്ന ശബ്ദം കേള്‍ക്കുന്നു. മഞ്ഞരാശിയില്‍ പ്രകാശം പരന്നപ്പോള്‍ വിറകിന്‍ കൂനയുടെ പുറകിലേക്ക് നിരങ്ങിയിറങ്ങി. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഓടുവാന്‍ തയ്യാറായി. വാതില്‍ തുറന്നു പുറത്തേക്കു വന്ന മധ്യവയസ്ക്കയായ മെലിഞ്ഞുണങ്ങിയ സ്ത്രീ കിണറ്റിനരികിലേക്ക് പോയി. മഞ്ഞളിച്ച വെളിച്ചത്തില്‍ അവരുടെ കയ്യില്‍ ഒരു തുണിക്കെട്ടു കണ്ടു. മറ്റൊരു രൂപം വാതിലിനരികില്‍ വെളിച്ചത്തിനു കീഴില്‍ നിന്നിരുന്നു. അവളുടെ കവിളില്‍ ചാലു കീറിയ കണ്ണീര്‍പ്പാട് മഞ്ഞ വെളിച്ചത്തില്‍ തിളങ്ങി .

മണ്ണില്‍ കുഴിക്കുന്ന ശബ്ദം കിണറിനപ്പുറത്തു കേട്ടു. അല്‍പ്പം കഴിഞ്ഞ് കിണറ്റിന്‍ കരയില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോള്‍ വാതിയ്ക്കലെ രൂപം വാ പൊത്തിയമര്‍ത്തി ഉള്ളിലേക്കോടിപ്പോയി. തൊട്ടു പിറകെ, മെലിഞ്ഞ രൂപം അകത്തേക്ക് ധൃതിയില്‍ കടന്നു വാതിലടച്ചു. മഞ്ഞ വെളിച്ചം അണഞ്ഞു. ഒച്ചയടഞ്ഞൊരു ഏങ്ങലിന്‍ അവശതാളം... ശ്മശാനമൂകത !

എന്ത് നടക്കുന്നുവെന്നറിയാത്ത അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍ അഴിഞ്ഞു വീണപ്പോള്‍ , സുരക്ഷിതബോധം തിരികെ വന്നപ്പോള്‍ വിശപ്പിന്റെ ബോധവും കലര്‍ന്നിരുന്നു. പുറത്തു വന്നു ശരീരം ആകെയൊന്നു അകത്തേക്ക് വളച്ചു, ഒന്ന് കുടഞ്ഞു. ഇരുന്നു പിന്‍കാലുയര്‍ത്തി താടി ചൊറിഞ്ഞു. തല ഇരുവശത്തേക്കും ശക്തിയായി ആട്ടികൊണ്ട് കാതുകള്‍ കവിളില്‍ അടിപ്പിച്ചു ഒന്ന് ശബ്ദമുണ്ടാക്കി. ഇല്ല, എവിടെ നിന്നും പ്രതികരണമില്ല .

കുടലുരുക്കിയ വിശപ്പ്‌ മണം പിടിക്കാന്‍ പ്രേരിപ്പിച്ചു. ചോരയുടെ ഗന്ധം ! കിണറ്റിനപ്പുത്തു നിന്നാണ്. ഇളകിയ ഈറന്‍ മണ്ണിനടുത്ത് “തൂമ്പ” ഇരിക്കുന്നത് കണ്ടു. കുഴിച്ചിട്ടത് കോഴിക്കഷ്ണമാകുമോ ? ഇത്രയും കഷ്ടപ്പെടുത്തിയതിന് ഈശ്വരന്‍റെ സമ്മാനം ? മുന്‍കാലുകളാല്‍ മണ്ണിളക്കി മാന്തിയെടുത്തു. കുറച്ചു താഴ്ന്നപ്പോള്‍ രക്തത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലടിച്ചു, ആര്‍ത്തിയോടെ തുണിക്കെട്ട് പല്ലുകളില്‍ കോര്‍ത്ത്‌ പുറത്തേക്കു വലിച്ചു. തെറിച്ചുവീണ തുണിതുണ്ടിനുള്ളില്‍ നിന്നും ഒരു മാംസക്കഷ്ണം.! അല്ല ! 
ഇത്..... ഇതൊരു മനുഷ്യകുഞ്ഞല്ലോ..... 
ചോരക്കുഞ്ഞ് ......
ഈശ്വരാ..........

87 comments:

 1. കുടലുരുക്കിയ വിശപ്പ്‌ മണം പിടിക്കാന്‍ പ്രേരിപ്പിച്ചു.
  ചോരയുടെ ഗന്ധം !

  ReplyDelete
 2. മികച്ച ഒരു രചനയോടെയാണ് അരങ്ങേറ്റം.... കഥ ഒരുപാട് ഇഷ്ടപ്പെട്ടു....

  ഒരു ബ്ലോഗു തുടങ്ങേണ്ടത് ആവശ്യമായിരുന്നു അംജത്.... സന്തോഷം. അംജത്ിന്റെ നല്ല എഴുത്തുകള്‍ ശേഖരിച്ചു വെക്കാനും മറ്റുള്ളവര്ക്ക് അവ വായിക്കാനും അഭിപ്രായമറിയിക്കാനുമുള്ള ഒരു വേദി ആവശ്യമായിരുന്നു...അംജതിലെ ജിജ്ഞാസുവായ നല്ല എഴുത്തുകാരന്റെ രചനകള്‍ കൊണ്ട് സമുമ്പുഷ്ടമാവട്ടെ ഇവിടം....

  ReplyDelete
  Replies
  1. നന്ദി പ്രദീപ്ജി. മാഷിന്റെയും ,സന്ദീപിന്റെയും സഹവാസം ആണ് ഈ ബ്ലോഗിനുള്ള പ്രചോദനം . സാറിന്റെ പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ മടിക്കരുതേ മാഷെ.

   Delete
 3. വളരെ വളരെ ഇഷ്ടമായി. ഒരിടത്ത് മാത്രം വിയോജിപ്പ് തോന്നുന്നു.
  "തെറിച്ചുവീണ തുണിതുണ്ടിനുള്ളില്‍ നിന്നും ഒരു മാംസക്കഷ്ണം.! അല്ല !
  ഇത്..... ഇതൊരു മനുഷ്യകുഞ്ഞല്ലോ.....
  ചോരക്കുഞ്ഞ് ......
  ഈശ്വരാ.........."

  തെരുവുനായുടെ സാമാന്യ ബുദ്ധിയിലൂടെയുള്ള വീക്ഷണമാണ് കഥയുടെ മറ്റുഭാഗങ്ങളില്‍., ഇങ്ങനെ ഒരു വിവേകത്തില്‍ നിന്ന് ഈ ആത്മഗതം പുറപ്പെട്ടത്‌ അല്പം അവിശ്വസനീയമായി തോന്നി. (വായനയുടെ കുഴപ്പമാണോ)

  ഒരു കാര്യം സമ്മതിക്കുന്നു, സൈബര്‍ എഴുത്തിടങ്ങളില്‍ കണ്ട വളരെ മികച്ച കഥകളില്‍ ഒന്ന്. നല്ല ചിന്ത, മനോഹരമായ എഴുത്ത്!!!!

  ReplyDelete
  Replies
  1. നന്ദി , യഥാര്‍ത്ഥ പേര് എനിക്കറിയില്ല , പൊട്ടന്‍ എന്ന് അഭിസംബോധന ചെയ്യാനും എനിക്ക് കഴിയില്ല , പ്രത്യേകിച്ചും നല്ലൊരു അഭിപ്രായം ഈ കഥയ്ക്ക പറഞ്ഞതിനാല്‍ . അവസാനം അങ്ങനെ തോന്നിയോ ? ആ നായയ്ക്ക് മനുഷനോടുള്ള വികാരം എങ്ങനെ എന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു , പിന്നെ മറ്റു നായകളില്‍ നിന്നും ഇതിന്റെ ചിന്താഗതിയും . ആദ്യ കഥയാണ്‌ തീര്‍ച്ചയായും ഒരു തിരുത്തിനു ശ്രമിക്കാം . അഭിപ്രായത്തിനു വളരെ വളരെ നന്ദി ജി .

   Delete
 4. അഭിനന്ദനങ്ങള്‍....
  മൃഗാതിപത്യം വന്നാല്‍ അവര്‍ക്ക് വിളിച്ചു കൂവാന്‍...വെളിപ്പെടുത്തുവാന്‍ എന്തുമാത്രം നേര്‍ക്കാഴ്ച്ചകള്‍ ഉണ്ടായിരിയ്ക്കുമല്ലേ...
  മനുഷ്യന്‍ ഭയക്കേണ്ടിരിയ്ക്കുന്നു....
  ചിലപ്പോഴെങ്കിലും ആഗ്രഹിച്ചു പോവുകയാണ്‍,, മൃഗാതിപത്യം വന്നിരുന്നെങ്കില്‍ എന്ന്...
  വാക്കുകളില്ലാ ട്ടൊ...നന്ദി...!

  ReplyDelete
 5. അഭിനന്ദനങ്ങള്‍ ,നല്ല എഴുത്തുകള്‍ കൂടി വരട്ടെ ,,ബൂലോകവും ആശയപ്രകാശനത്തിന്റെ മഹത്തായ വേദിയാവട്ടെ

  ReplyDelete
 6. അംജത്... വളരെ നന്നായിട്ടുണ്ട്.. ഇനിയും ഉജ്വലമായ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു..
  ഭാവുകങ്ങള്‍..

  ReplyDelete
  Replies
  1. മെഹദ് മഖ്ബൂല്‍ വളരെ നന്ദി .

   Delete
 7. പ്രിയ ചങ്ങാതീ,
  സാധാരണ വായനക്കാണ് എത്തിയതെങ്കിലും വായിച്ചുകഴിഞ്ഞപ്പൊ എന്തൊക്കെയോ എഴുതണമെന്നു തോന്നുന്നു. ഒരുപാടു വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ താങ്കളിൽ നിന്ന് ഒരുപാടു പ്രതീക്ഷിക്കുന്നു. ഇതുപോലെ ചിന്തകൾക്കുത്തേജനം നൽകുന്ന പോസ്റ്റുകൾ താങ്കൾക്ക് എഴുതാൻ കഴിയും.
  പ്രതീക്ഷയോടെ ആശംസകൾ നേരുന്നു...

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് വളരെ വളരെ നന്ദി .

   Delete
 8. ഇതുപോലെ ചിന്തകൾക്കുത്തേജനം നൽകുന്ന പോസ്റ്റുകൾ താങ്കൾക്കിനിയും ധാരാളം എഴുതാൻ കഴിയും. (എന്നു ചേർത്തു വായിക്കൂ..)

  ReplyDelete
  Replies
  1. ഒരു തുടക്കക്കാരന്റെ പരിമിതിയില്‍ ഞാന്‍ ശ്രമിക്കാം . തീര്‍ച്ചയായും.

   Delete
 9. ഒരു അര്‍ദ്ധ രാത്രിയില്‍ 'മാങ്ങാച്ചുനയുമായി ' വന്ന അമ്ജതിനെ ഇങ്ങനെ കണ്ടതില്‍ സന്തോഷം ..
  ആദ്യത്തെ രചന തന്നെ ചിന്താര്‍ഹം .. നല്ല ഒരു ഭാവി ആശംസിക്കുന്നു

  ReplyDelete
  Replies
  1. ഉസ്മാന്‍ ഭായ് നിങ്ങളൊക്കെ ആണ് എന്റെ പ്രചോദനം . നന്ദി.

   Delete
 10. സ്ഥിരം വാക്കുകള്‍ എഴുതി മുഷിപ്പിക്കുന്നില്ല ......എഴുത്ത് തുടരുക ....

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ഈ പ്രോല്‍സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.നന്ദി.

   Delete
 11. അരങ്ങേറ്റം അസ്സലായി... തുടരുക... എല്ലാവിധ ആശംസകളും.

  ReplyDelete
  Replies
  1. സന്തോഷം അജിത്‌ ....

   Delete
 12. നന്നായിരിക്കുന്നു. അവതരണത്തിലാണ് തികച്ചും ഒരു വ്യത്യസ്ഥത അനുഭവപ്പെട്ടത്‌.
  ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി റാംജി. പ്രോല്‍സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു .

   Delete
 13. ഒരു തെരുവ് നായക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്ന ചിന്തയില്‍ നിന്നാവാം ഈ കഥ. കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം അവസാനം വരെ നന്നായി. എങ്കിലും അവസാന ഭാഗത്ത് കഥാകൃത്ത്‌ പുറത്തു കടന്നു. മണം പിടിക്കാന്‍ കഴിവുള്ള നായക്ക് ആ പൊതി അഴിച്ചു നോക്കാതെ തന്നെ അതൊരു മനുഷ്യക്കുഞാണെന്ന് മനസ്സിലാകുന്ന്ടത്തു പറഞ്ഞു നിര്‍ത്തി കഥ ഭദ്രമാക്കാമായിരുന്നു.

  മനസ്സില്‍ തട്ടുന്ന വിഷയങ്ങള്‍ പറയാന്‍ എഴുത്തുകാര്‍ ഓരോ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇവിടെ താങ്കള്‍ വ്യത്യസ്തമായ ഒരു തലത്തിലൂടെ സഞ്ചരിച്ചു ഒരു തെരുവ് നായയുടെ ദൈന്യതകളും, കാഴ്ചകളും കഥയിലൂടെ വരച്ചിട്ടു. കഥയിലെ ആദ്യാവസാന രംഗങ്ങള്‍ വായനക്കാരുടെ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 14. നന്നായിരിക്കുന്നു.
  ആദ്യ പോസ്റ്റില്‍ തന്നെ തഴക്കം വന്ന കഥാകാരന്റെ ഭാഷയും ശൈലിയും ...

  തുടരുക,...
  നന്മകള്‍ നേരുന്നു...

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനും ആശംസകള്‍ക്കും നന്ദി ഖാദു...

   Delete
 15. എന്റെ സഹോതരന്‍ എന്നാ നിലയില്‍ ഞാന്‍ താങ്കളെ ഓര്‍ത്തഭിമാനിക്കുന്നു

  ReplyDelete
 16. കാല്‍ വെന്ത നായെ പോലെ അലയുന്ന ജന്മങ്ങള്‍ക്ക് നേരെ
  ചീറിയടുക്കുന്ന കല്ലെറുകളും
  വിശപ്പാറ്റാന്‍ പോലും സാധിക്കാത്തവന്റെ
  ആത്മരോദനങ്ങളും നന്നായി പകര്‍ത്തി....
  ഈ വാല് വെളുത്ത കറുമ്പന്‍ നായില്‍
  ഞാന്‍ കാണുന്നത് എനിക്ക് ചുറ്റുമുള്ള അനേകം മനുഷ്യരെയാണ്....
  ഒരു തുടക്കക്കാരന്റെ ഒരുവിധ കൈവിറയുമില്ലാതെ എഴുതിയല്ലോ...
  അതെന്നെ അത്ഭുതപ്പെടുത്തുന്നു....
  തുടരുക ഈ എഴുത്ത്....
  എല്ലാ സപ്പോര്‍ട്ടും നേരുന്നു... ആശംസകള്‍ ...

  ReplyDelete
  Replies
  1. സൂക്ഷ്മമായ വിലയിരുത്തലിനു നന്ദി സന്ദീപ്‌. മൃഗങ്ങളും ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ എന്ന് ആലോചിച്ചപ്പോള്‍ എഴുതിയതാ. ഈ പ്രോത്സാഹനവുമായി എന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു .

   Delete
 17. ഭംഗിയുള്ള അവതരണം കൊണ്ട് മികച്ച് നില്‍ക്കുന്നു കഥ...മാതൃഭൂമിയുടെ ഒരു ചെറുകഥ ചിത്രീകരണത്തില്‍ നായയിലൂടെ കഥ പറയുന്നത് കണ്ടിരുന്നു...എന്നാലും ഇത് തികച്ചും വ്യത്യസ്ഥമായ കഥ..ഇഷ്ടായീട്ടൊ..ഇനീം വരാമേ..എഴുത്ത് തുടരൂ..ആശംസകള്‍...

  ReplyDelete
  Replies
  1. ഇഷ്ടത്തിനും ആശംസകള്‍ക്കും നന്ദി ട്ടോ ...

   Delete
 18. മാഷേ .. സാങ്കേതിക വശങ്ങള്‍ അറിയില്ല .. മുകളില്‍ പറഞ്ഞവരുടെ അഭിപ്രായങ്ങള്‍ വീക്ഷിക്കൂ ..
  വ്യത്യസ്തതയുള്ള ഒരു വായന. അത് ഈ കഥയിലൂടെ എനിക്ക് കിട്ടി. ആയതിനാല്‍ തന്നെ ഇനിയും നല്ല രചനകള്‍ താങ്കള്‍ക്കു ബൂലോകത്ത് എത്തിക്കാന്‍ കഴിയും എന്നൊരു തോന്നല്‍ എല്ലാ വായനക്കാരെയയൂം പോലെ എനിക്കുമുണ്ട് ..

  ആശംസകള്‍

  ReplyDelete
  Replies
  1. ഒരു തുടക്കക്കാരനെ പ്രോത്സാഹിപ്പിക്കുന്ന താങ്കള്‍ക്ക് എന്റെ ഒരായിരം നന്ദി ..

   Delete
 19. വ്യത്യസ്തമായ അവതരണം...നല്ല എഴുത്ത് ..ആശംസകള്‍

  ReplyDelete
 20. കഥ നന്നായിരിക്കുന്നു....ആശംസകള്‍

  ReplyDelete
 21. പ്രിയപ്പെട്ട അംജത്‌,
  കഥാവശേഷന്‍ എന്ന ബ്ളോഗിണ്റ്റെ പേരാണ്‌ ഇവിടേയ്ക്ക്‌ എത്തിച്ചത്‌.
  (അതേ പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി എനിയ്ക്കും ഒരു ബ്ളോഗുണ്ട്‌. ശ്രദ്ധിയ്ക്കുമല്ലോ. )
  ശുനകഭോജനം വായിച്ചു.
  ഇനിയും എഴുതുക...
  കൂടുതല്‍ മികച്ച രചനകള്‍ ഉണ്ടാകട്ടെ.

  ReplyDelete
  Replies
  1. ഉവ്വ് സര്‍. പേര് മാറ്റാന്‍ ശ്രമിക്കുന്നു . സിയഫ്ജി പറഞ്ഞിരുന്നു. നന്ദി.

   Delete
 22. നല്ല അവതരണം..ഒരു പുതിയ ബ്ലോഗര്‍ എന്നാ പ്രതീതി ഉളവാക്കിയതെയില്ല എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

  ഇനിയും എഴുതു...വ്യത്യസ്തതയാര്‍ന്ന രചനകള്‍ പിറക്കട്ടെ..


  എല്ലാ ഭാവുകങ്ങളും..

  ReplyDelete
 23. നന്നായിരിക്കുന്നു കഥ.
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ വാക്കുകള്‍ ആണ് സര്‍ ഞങ്ങളെ പൊലുള്ള തുടക്കക്കാരുടെ ഏറ്റവും വലിയ പ്രചോദനം .

   Delete
 24. അംജത്‌, ധാരാളം ചവറുകള്‍ വായിച്ച്‌ കൂട്ടുന്നതിനിടെ ഈ നല്ല കഥ വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ? തുടക്കം മുതല്‍ അവസാനം വരെ വളരെ തന്‍മയത്തത്തോടെ കഥയുടെ ഒഴുക്ക്‌ വായനക്കാരിലേക്ക്‌ എത്തിക്കും വിധം തന്നെ വിവരിച്ചിരിക്കുന്നു.. ശുനക ഭോജനമെന്ന കഥ ഈയിടെ വായിച്ച നല്ല ഒരു കഥ തന്നെ എന്ന് നിസ്സംശയം പറയാം. കഥ മനസ്സില്‍ തട്ടും വിധം തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ കഥാകാരന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിനും ആശംസക്കും നന്ദി മോഹി .

   Delete
 25. ാംജതിക്കാ ഇത് വായിച്ച് കഴിഞ്ഞപ്പോൾ നിങ്ങളോട് എനിക്ക് ആരാധന തോന്നുന്നു,ശരിക്കും. അപാരമായൊരു കഥ. ഞാൻ കയ്യിൽ കരുതി വച്ച,എഴുതാൻ പ്ലാനുണ്ടായിരുന്നതും,അതിൽക്കൂടുതലും മുൻപേ കമന്റിയവർ എഴുതിയിട്ടിട്ടുണ്ട്. അവരൊക്കെ പറയും പോലെ തന്നെ വേറിട്ടൊരു ആശയം, ആവിഷ്കാരം. വളരഏയധികം നന്നായിട്ടുണ്ട്. ആശംസകൾ.

  ReplyDelete
 26. നന്ദി മനേഷ്. ഓരോ ആശംസകളും ഹൃദയത്തിലേക്ക്....

  ReplyDelete
 27. കഥ ആദ്യം മറ്റെന്തൊക്കെയോ ആണെന്ന് കരുതിയെങ്കിലും എനിക്ക് വയ്യമ്മേ എന്ന ആ ദീനരോദനം വന്നപ്പോള്‍ .. കഥയുടെ പേരും കൂട്ടി വായിച്ചപ്പോള്‍ ക്ലൈമാക്സിലേക്ക് എത്താന്‍ കഴിഞ്ഞു. കഥക്കുപയോഗിച്ച തീം കൊള്ളാം. പക്ഷെ അല്പം പരന്നു പോയോ എന്നൊരു സംശയം ഇല്ലാതില്ല. എന്ന് വെച്ച് ഇതിപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ ഇതിലും പരന്നേനേ.. അത് വേറെ കാര്യം. പക്ഷെ ഉപദേശം കൊടുക്കാന്‍ ചെലവില്ലല്ലോ.. മറ്റൊന്ന് അക്ഷരതെറ്റുകള്‍ കുറച്ച് കണ്ടു. അതുപോലെ ചില പ്രയോഗങ്ങളും.. ഒറ്റതാന്‍ തെരുവുനായ അങ്ങിനെ പറയുമോ? കേട്ടിട്ടില്ല. അതുകൊണ്ട് പറയില്ല എന്ന് പറയുന്നുമില്ല. അത്തരം കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ ശ്രദ്ധിക്കുക. ബ്ലോഗല്ലേ. ഓരോ വായനയിലും കണ്ടെത്തപ്പെടുന്ന തെറ്റുകള്‍ നമുക്ക് തിരുത്താനുള്ള ഒപ്ഷനുണ്ടല്ലോ. ഒട്ടേറെ കഥകളുമായി അംജത്തിന്റെ ബ്ലോഗില്‍ ഇനിയും വായനക്ക് വരാം..

  ReplyDelete
  Replies
  1. നന്ദി മനോജ്‌, വാക്കുകള്‍ ഉപദേശങ്ങള്‍ , വഴികാട്ടികള്‍ ആണ്. ഞാന്‍ തിരുത്താം.

   Delete
 28. മനോരാജ് പറഞ്ഞ ചില അക്ഷരത്തെറ്റുകൾ മാറ്റിനിർത്തിയാൽ, ഇത് ഒരെഴുത്തുകാരന്റെ ആദ്യ രചനയാണെന്നു തോന്നുകയില്ല. മൃഗത്തിനും മനുഷ്യനുമിടയിലുള്ള ഈ അഭേദ കൽപ്പന തീർച്ചയായും ഉയർന്ന ചിന്തയെ സൂചിപ്പിക്കുന്നു.

  ReplyDelete
  Replies
  1. ഈ കഥയെപറ്റി "കഥ" ഗ്രൂപ്പില്‍ വന്ന കമന്റ്‌

   Manojkumar Km അംജത് ശുനകഭോജനം വായിച്ചു:
   വരളെ പണ്ട് എന്റെ ജൂനിയര്‍ ആയി പഠിച്ച 'വിജയലക്ഷ്മി' എന്നാ ഒരു പെണ്‍കുട്ടി ഒരു നായയും യജമാനനായ കേണലും തമ്മിലുള്ള ഹൃദയബന്ധത്തെ പറ്റി പറഞ്ഞ 'മോക്ഷം ' എന്നാ മനോഹരമായ ഒരു കഥ വീണ്ടും ഓര്‍ക്കാന്‍ ഇടയായി . തെരുവില്‍ നിന്നും കേണല്‍ നായയെ എടുത്തു വളര്‍ത്തുന്നു . കുറെ നല്ല നാളുകള്‍ . കേണലിന്റെ മരണം നായയെ വീണ്ടും തെരുവിലേക്കെത്തിക്കുന്നു . "വിശാലമായ തണല്‍ തന്നിലേക്ക് ചുരുക്കി കൊണ്ട് ആ വന്‍മരം കട പുഴകി വീണു എന്നാണ് കേണലിന്റെ മരണത്തെ പറ്റി നായ ചിന്തിക്കുന്നത് . ഞാനിതു പറഞ്ഞത് വളര്‍ത്തു മൃഗങ്ങളുടെ ആത്മ ഭാഷണത്തിലൂടെയും മറ്റും ഗഹനമായ ജീവിത ദര്‍ശനങ്ങള്‍ പങ്കു വയ്ക്കാന്‍ നല്ല എഴുത്തുകാരന് കഴിയുന്നു എന്ന് സൂചിപ്പിക്കാനാണ് ".
   ഒരു നായയുടെ ഒറ്റപെട്ട തെരുവ് ജീവിതം, വിശപ്പ്‌ . അതിനു സ്വന്തം വര്‍ഗത്തില്‍ നിന്നും , മനുഷ്യരില്‍ നിന്നും നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങള്‍ . വിശപ്പുണ്ടായിട്ടു കൂടി ദരിദ്രയായ ഒരമ്മയുടെ കുഞ്ഞിനോട് അതിനു തോന്നുന്ന അനുകമ്പ മനസ്സിനെ തൊടുന്ന രീതിയില്‍ അംജത് എഴുതിയിരിക്കുന്നു . ഒരു നിലവിളി പാതിയില്‍ മുറിഞ്ഞ പോലെ ... ചെറിയ വാചകങ്ങള്‍ പ്രത്യേകതയായി തോന്നി.ആശംസകള്‍

   താഴെ പറയുന്ന തിരുത്തുകള്‍ ചെയ്യുമല്ലോ. അക്ഷര തെറ്റ് ഇവിടെയാരും വരുത്തരുതെന്നാണ് എന്റെ ആഗ്രഹം .
   ***ചവരുകള്‍ക്കിടയില്‍
   *** പീടികതിണന
   **** ഒറ്റപെടുതല്‍
   *** ബാകിയില്ല
   **** ഒറ്റതാന്‍ തെരുവു നായോടു(ഒറ്റയാന്‍ തെരുവ് നായയോട് എന്നല്ലേ )
   താത്പര്യമുണ്ടെങ്കില്‍ ഈ കമ്മന്റ് ലിങ്കില്‍ അജിത്‌ തന്നെ പേസ്റ്റ് ചെയ്തോളൂ :-)

   Delete
 29. Nice Read, ിതൊരാളുടെ ആദ്യ രചനയെന്ന് വിശ്വസിക്കാൻ പ്രയാസം

  ReplyDelete
  Replies
  1. സുമേഷ്‌ , നന്ദി കേട്ടോ. പക്ഷെ, അതാണ് സത്യം.

   Delete
 30. രണ്ടുദിവസം മുന്‍പേ മലയാള സമീക്ഷയില്‍ ഈ കഥ വായിച്ചിരുന്നു .അന്നേ എനിക്കിത് ഇഷ്ടമായി .അമ്ജതിന്റെ കഥ ആദ്യമായാണ് ഞാന്‍ വായിക്കുന്നത് .ഇപ്പോളാണ് അറിയുന്നത് ഇതാണ് ആദ്യ കഥയെന്നും .തുടക്കകാരന്റെ പരിചയക്കുറവോന്നും തോന്നിയില്ല വായനയില്‍ .വത്യസ്തമായ ആശയവും അവസാനവും ആയിരുന്നു.ക്ലൈമാക്സ്‌ തന്നെയാണ് കഥയില്‍ മികച്ചു നില്‍കുന്നത്.തുടക്കത്തില്‍ കുറച്ചു ലാഗ് ഉള്ളപോലെ.പോകെ പോകെ വായനാസുഖം കൈവന്നു.ഇനിയുമേറെ എഴുതിതെളിയാന്‍ എന്റെ ആശംസകള്‍.(ഓര്‍മ്മകള്‍ കാണുമല്ലോ അംജത്‌ :)

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ അനാമിക. എന്നാലല്ലേ എഴുത്തുകാരന് പ്രസക്തിയുള്ളൂ. നന്ദി , നല്ല വാക്കിന്.

   Delete
 31. തുടക്കക്കാരന്റെ ബാലാരിഷ്ടതകള്‍ ഒന്നുമില്ലാത്ത കഥ.
  കഥാപാത്രം നായയാണെങ്കിലും അവസാനന ട്വിസ്റ്റില്‍ എത്തുന്നത് വരെ വലിച്ചെറിയപ്പെട്ട തെരുവ്‌ ജീവിതങ്ങളുടെ പ്രതിരൂപമായി തന്നെ നിന്നു.

  ആശംസകള്‍ അംജത്.

  ReplyDelete
  Replies
  1. നന്ദി , ജോസ്ലെറ്റ്‌.സന്തോഷം, സ്നേഹം.

   Delete
 32. ഇഷ്ടായി മാഷെ കഥയും കഥനവും!

  ReplyDelete
 33. വൈകിയെന്നാലും വന്നു ഞാന്‍..
  നന്നായി അംജത് ഭായ് ..
  കഥയുടെ ക്രാഫ്റ്റ് ഉണ്ട് കൈയില്‍, ആവോളം..
  തകഴിയുടെ അത്ര പ്രശസ്തമല്ലാത്ത ഒരു നോവല്‍ ഉണ്ട്,
  അവന്റെ കഥ എന്ന പേരില്‍.
  ഈ കഥയുമായി കൂട്ടിവായിക്കാന്‍ പറ്റും..
  എന്നെങ്കിലും കിട്ടിയാല്‍ വായിക്കണേ.. :).

  ReplyDelete
 34. വായിച്ചിരുന്നു പല്ലവി. അതിനാല്‍ ആണ് ഒരു തെരുവുനായയുടെ മാനറിസങ്ങള്‍ നന്നായി പഠിച്ച് അവതരിപ്പിച്ചത് പക്ഷെ , എന്തോ അവസാനം കൈവിട്ടു പോയി ..... സ്നേഹം സുഹൃത്തേ വരവിനും വായനക്കും.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 35. അപ്പൊ എനിക്ക് അങ്ങനെ തോന്നിയത് വെറുതെയല്ല...
  നന്നായി..
  പിന്നെ പുതിയൊരു ഭ്രാന്തു കവിത ഇട്ടിട്ടുണ്ട്, സമയം പോലെ വായിച്ചു വിമര്‍ശിക്കു..:)

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. ഈ ശുനകനെ ഞാന്‍ കാണുന്നത് ഇപ്പോഴാണല്ലോ

  വാര്‍ഷികാശംസകള്‍

  ReplyDelete
 38. എത്ര മനോഹര മായിരിക്കുന്നു തുടരുക .... അഭിനന്ദനങ്ങൾ .

  ReplyDelete
 39. ഇത് ഒന്ന് കൂടി വായിക്കണം അത്ര നല്ല എഴുത്താണ്
  ആശംസകൾ

  ReplyDelete
 40. ഈ കഥ മുന്നേ കണ്ടിട്ടില്ല. .
  മുമ്പ് ഏതോ ഒരു ബ്ലോഗിൽ വായ്ച്ച കെന്നൽ കാമനകൾ ഓർമ്മ വന്നു.
  നല്ല കഥ, നല്ല ശൈലി.

  ReplyDelete
  Replies
  1. നന്ദി, അന്‍വര്‍, ചീരാമുളക്.

   Delete
 41. അംജത്‌ ഭായി .. ഇങ്ങടെ കഥ വായിച്ചു ട്ടോ .. ഇഷ്ടായി ..അവസാനം വരെ ഒരു ഇത് ഉണ്ടായിരുന്നു .. ചില വാകുകളുടെ പ്രയോഗം എനിക്ക് അന്യമായിരുന്നത് കൊണ്ട് അവിടെയെല്ലാം ഒരു ശൂന്യത തോന്നിച്ചു ..എന്നാലും ആശയം പൂർണമായും മനസ്സിലെത്തുന്നുണ്ടായിരുന്നു .. ആശംസകളോടെ

  ReplyDelete
 42. അലസമായി വായിച്ചു തുടങ്ങിയ എന്നെ ഉദ്വേഗത്തിലേക്കെത്തിച്ച ഒരു നല്ല സൃഷ്ടി. ഇതാണു ആദ്യ സൃഷ്ടി എന്നറിഞ്ഞപ്പോൾ അതിലുമധികം അത്ഭുതം തോന്നി.
  ബൂലോകത്തിപ്പോൾ ആസ്വാദന നിലവാരം ഉയർന്ന പശ്ചാത്തലത്തിൽ ഒറ്റ വാക്ക് കമന്റുകളൊക്കെ നിരോധിച്ചിരിക്കുകയല്ലേ. ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ അടി പാഴ്സലായി വന്നാലോ..

  തുടരുക.ആശംസകൾ അംജത് ഭായ്.

  ReplyDelete
 43. വൈകിയാണെത്തിയത് ... രസായി ... കൂടുതൽ പറയുന്നില്ല . തുടക്കം കസറി

  ReplyDelete
  Replies
  1. ശിഹാബ്‌ താനുമെത്തിയോ ,,,, നന്ദി വായനക്ക് ..!

   Delete
 44. എന്താണ് പറയേണ്ടത് എന്നറിയില്ല ഭായി.. ഇന്നാണ് പലതും വായിക്കുന്നത്.... ഓരോന്നിനും കമന്റ് എഴുതുന്നില്ല.
  ഹൃദയത്തിൽ തട്ടുന്നു പലതും.
  കൊളുത്തി വലിക്കുന്നു ചിലത് .
  അതിലപ്പുറം എന്ത് പറയാൻ ....

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......