“നിനക്ക് ഞാന്‍ ഒരു മൊബൈല്‍ വാങ്ങിച്ചു തരാം.തല്‍ക്കാലം അത് വെച്ച് നീ രണ്ടു കസ്റ്റമറേ ഉണ്ടാക്ക്. കമ്മീഷന്‍ ഞാന്‍ വാങ്ങിച്ചു തരാം “
ചന്ദ്രു ചിരിച്ചുകൊണ്ട് അങ്ങിനെ പറയുമ്പോള്‍ അവന്‍റെ അണപ്പല്ല് അടിച്ചു പൊട്ടിക്കുവാനാണ് തോന്നിയത്.
വര: ഇസഹാക്ക് നിലമ്പൂര്‍.
“എന്താ നിനക്ക് ദേഷ്യം വരുന്നോ ? ഇക്കഡ നോഡി* , ഇപ്പൊ പഴയ മുതലാളി അല്ല , വല്ലതും തിന്നെണ്ടേ , ബേക്കൂദ്രെ മാടപ്പാ* ..... നിങ്ങള്‍ പഴയ ചില ബന്ധങ്ങള്‍ പൊടിതട്ടിയെടുക്ക് എന്നിട്ട് എന്നെ പരിചയപ്പെടുത്തൂ. കമ്മീഷന്‍ ഫിഫ്ടി ഫിഫ്ടി .. ഏന് ഹേള്‍ത്തിരാ* ?
അവന്‍റെ കന്നഡ കലര്‍ന്ന മലയാളത്തിനു മുന്നില്‍. ഒരു കടല്‍ മലയാളം തൊണ്ടയില്‍ വറ്റി കുറുങ്ങി കഫത്തോടൊപ്പം ഒരു വികൃതശബ്ദമായി പുറത്തേക്കു തുപ്പി.
കേരളത്തില്‍ നിന്നും ഒരു ട്രക്ക് പ്ലൈവുഡ് ഈ മഹാനഗരത്തില്‍ ഇറങ്ങുമ്പോള്‍ ലക്ഷങ്ങള്‍ പോക്കറ്റില്‍ വീണിരുന്ന ആ പഴയ അരുണ്‍ അല്ല താനെന്നു ഒരായിരം വട്ടം വീണ്ടും മനസ്സിനെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചു. കാലിചായ കൊണ്ട് വിശക്കും വയറിനെ ഒതുക്കി ഒതുക്കി പരിധി കടന്നിരിക്കുന്നു.വിശപ്പ് ചിലപ്പോള്‍ അഭിമാനബോധത്തെ തോല്പിക്കുവാന്‍ സാധ്യതയുണ്ട്..
റോഡരികിലെ കടയില്‍ നിന്നും ചായയും മുളക് ബജ്ജിയും വാങ്ങി വന്നു അവന്‍ അരികിലെ കല്ല് ബഞ്ചില്‍ ഇരുന്നു. ഉദ്യാന നഗരി എന്ന പേര് അന്വര്‍ത്ഥമാക്കുവാനായ് അവിടവിടായ് ചെറിയ വിശ്രമഉദ്യാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് നന്ദി പറയണം. രണ്ടു ദിവസമായി ഇവിടെയാണ് ഉറക്കം.
രാജാജിനഗര്‍ ഉദ്യാനം. അതിരാവിലെ വ്യായാമത്തിനെത്തുന്നവരെ കണ്ടു ഉണരുന്നു. പകലില്‍, പാര്‍ക്കിലെ ഒഴിഞ്ഞ കോണുകളില്‍ ഒതുങ്ങുന്ന കമിതാക്കളുടെ ചേഷ്ടകളാലും ക്ലാസ്സില്‍ കയറാതെ കളിച്ചു മറിയുവാന്‍ വരുന്ന സ്കൂള്‍കുട്ടികളുടെ ബഹളങ്ങളെയും ചേര്‍ത്തുപിടിച്ചു വിരസതയില്ലാതെ സന്ധ്യയിലേക്ക് ഒഴുകിയിറങ്ങുന്നു. വൈകുന്നേര സവാരിക്കിറങ്ങുന്നവരുടെ സമയംകൊല്ലിയായ കടലമാവിന്റെ അവസ്ഥാന്തരങ്ങളായ ബജ്ജിയും , ബോണ്ടയും വില്‍ക്കുന്ന കുടിയേറ്റതമിഴന്മാരും കൂടിച്ചേര്‍ന്നു സന്ധ്യ മങ്ങിയോടുങ്ങുംവരെ അല്ലലില്ലാത്ത പാര്‍ക്ക് ജീവിതം ഇരുട്ടി തുടങ്ങുമ്പോള്‍ പാര്‍ക്ക് കാവല്‍ക്കാരന്റെ മാളത്തിനടുത്തേക്കു ചുരുക്കേണ്ടി വരും. ഇല്ലെങ്കില്‍ പാറാവ് പോലീസുകാര്‍ പത്തുരൂപ ചോദിക്കും. വെറുതെയല്ല മലയാളികള്‍ കര്‍ണ്ണാടകപോലീസിന് “പത്തുരൂപാ പോലീസ്” എന്ന് പേരിട്ടത്..!
ചന്ദ്രുവിനെപ്പോലുള്ളവരുടെ ഓഫീസ് കൂടിയാണ് ഈ പാര്‍ക്ക്. ഈ നഗരത്തിലെ അറിയപ്പെടുന്ന പിമ്പാണ് ചന്ദ്രു... !
വര: ഇസഹാക്ക് നിലമ്പൂര്‍.
“വേണ്ട, വേണ്ട, കേരളത്തില്‍ നിന്നും തല്‍ക്കാലം ആരെയും വേണ്ട. കേരളാ “പുതപ്പിന്” ഡിമാന്‍ഡ് ഉണ്ട് എന്നുള്ളത് നേരുതന്നെ. പക്ഷെ, അതുകഴിഞ്ഞ് എപ്പോഴെന്കിലും പിടിക്കപ്പെട്ടാല്‍ അവളുമാര് പിന്നെ ഈ തിന്നതും കുടിച്ചതും അര്‍മാദിച്ചതും ഒക്കെ മറക്കും. പിന്നെ പീഡനം കേസ്.,പരേഡ്. ബേഡാ ഭായ്. നാനു സ്വസ്തവാകി ഹോഗ്തായിതിനി.* വെറുതെ വേണ്ട. ശരി, അതുവേണേല്‍ ചെയ്തു തരാം. കസ്റ്റമര്‍ ഇദ്രെ കളിസ്തിനി*. സരി സരി.”
ഫോണ്‍ സംസാരം നിര്‍ത്തി ചന്ദ്രു പുച്ഛത്തോടെ ചിരിച്ചു.
“എന്താണെടോ ഇപ്പോള്‍ കേരളത്തില്‍. രക്ഷകര്‍ത്താക്കള്‍ മക്കളുമായി ഇറങ്ങിയിരിക്കുന്നു. കൊള്ളാം നല്ല വിദ്യാഭ്യാസ ലക്ഷണം തന്നെ.”
അവനുള്ള മറുപടി നക്കിന്‍തുമ്പില്‍ തെറിയായി ഊറിയെങ്കിലും വയറിന്റെ കാളല്‍ ...!
ചന്ദ്രുവിന്‍റെ മുഖത്തേക്ക് നോക്കാതെ ബെഞ്ചിന്റെ അങ്ങേത്തലക്കല്‍ തോട്ടം കാവല്‍ക്കാരന്റെ വീടിനു മുന്നില്‍ അവന്‍റെ കൊച്ചുകുട്ടി കളിക്കുന്നത് ശ്രദ്ധിച്ചു.
“അരുണ്‍, ഇതെയുള്ളൂ നിനക്ക് വഴി. മേലനങ്ങിപ്പണിയെടുത്തു ശീലമില്ല. എപ്പോഴും വായനയും എഴുത്തും പിന്നെ നിന്റെ ചിന്തകളുടെ ഒരു ലോകവും. അതുകാരണം ഉണ്ടായിരുന്ന ബിസിനെസ്സും നശിച്ചു. നിനക്ക് ഓര്‍മ്മയുണ്ടല്ലോ, വേശ്യയെക്കുറിച്ച് കഥയെഴുതാന്‍ “പ്രാക്ടിക്കല്‍ സോഴ്സ്” തേടിയാണ് നീ എന്‍റെ അടുത്ത് ആദ്യമായി വരുന്നത്. പിന്നെ കഥയുണ്ടായില്ലെങ്കിലും പലര്‍ക്കും പല പുരോഗതിയുണ്ടായി എന്നെനിക്കറിയാം. കാശ് തീര്‍ന്നപ്പോള്‍ എല്ലാം തീര്‍ന്നു.”
“നീ വെറുതെ എന്നെ ഉപദേശിക്കേണ്ടാ. എനിക്ക് പറ്റിയ പണിയുണ്ടോ അതുമാത്രം പറയ്. കൂട്ടിക്കൊടുപ്പിന്‍റെ ഹരിശ്രീ നീയെനിക്ക് പഠിപ്പിച്ചു താ. നോക്കട്ടെ അതുവെച്ച് നന്നാകുവാന്‍ പറ്റുമോ എന്ന്.”
“ എന്നാല്‍ ആ വാന്‍ എടുത്തോ, അതില്‍ ഒരു പുതപ്പുണ്ട്. ആന്ധ്രയില്‍ നിന്നും വന്നതേയുള്ളൂ. ഡോബിഗാട്ട് അത്രെന്ത്* ഒരാള്‍ വരും. അയാളുമായി എം.ജി. റോഡ് ഒരു റൗണ്ട് ചുറ്റിവാ.”
ചന്ദ്രുവിന്‍റെ കയ്യില്‍ നിന്നും വാനിന്റെ കീയും മൊബൈലും വാങ്ങുമ്പോള്‍ ഒരു പുതിയ കഥ എഴുതുവാന്‍ പേന വാങ്ങുന്നു എന്ന് മനസ്സില്‍ കരുതി. കൂളിംഗ് ഫിലിം ഒട്ടിച്ച വാന്‍ ഡോര്‍ തുറന്നു കയറുമ്പോള്‍ പിന്നിലേക്ക് നോക്കിയില്ല. എന്നാല്‍ ഒരു വല്ലാത്ത വാസന അങ്ങിനെ പരന്നിരുന്നു. ഒരു പേരറിയാ സുഗന്ധം.
“ഡേയ്, ഒരു റൗണ്ട് മതി. ഒരു അറുപതു സ്പീഡില്‍. അത്രക്കുള്ള രൂപയെ അയാള്‍ തന്നിട്ടുള്ളൂ”
അവന്‍ പറയുന്നത് ശ്രദ്ധിക്കാതെ വാന്‍ മുന്നോട്ടു കുതിച്ചു.
ഡോബിഗാട്ടില്‍ കാത്തുനിന്നതില്‍ ഒരാള്‍ ചന്ദ്രുവിന്‍റെ സുഹൃത്ത് ആയിരുന്നു. പലപ്പോഴും അവനെ പാര്‍ക്കില്‍ കണ്ടിട്ടുള്ളതാണ്. ഒരു മധ്യവയസ്കനെ വാനിന്റെ പിന്നില്‍ കയറ്റി എന്തോ ശബ്ദം താഴ്ത്തിപറഞ്ഞുകൊണ്ട് അവന്‍ ഡോര്‍ വലിച്ച് നടന്നകന്നു.
“ഏന്‍ റീ , മിററില്‍ യാവതും കാണുത്തായില്ലവാല്ല.”*
“ഇതിപ്പോ എന്നാ മൈരു കാണാനാ”
മനസ്സില്‍ പറഞ്ഞത് കുറച്ചു ഉറക്കെയായിപ്പോയി.
“ആഹാ, നിങ്ങള് മലയാളിയാ. ഹോ ആശ്വാസമായി.”
പിറകിലെ മദ്ധ്യവയസ്ക്കന്‍ മലയാളിയാണെന്നറിഞ്ഞപ്പോള്‍ വല്ലാത്ത ജാള്യംതോന്നി.
“ഇത്തരം കേസുകളില്‍ ഭയങ്കര തട്ടിപ്പാണ് എന്നാ കേട്ടതേ. നമ്മള്‍ ഇത്തരം വണ്ടിയില്‍ കാര്യത്തിന് വേണ്ടി കയറും. അതിലുള്ളവര്‍ കാശും മറ്റും തട്ടിയെടുത്തു നമ്മളെ എവിടയെങ്കിലും ഇറക്കിവിടും എന്നൊക്കെ. ഇപ്പോഴാണ് ആശ്വാസമായത്”
തിരിച്ചൊന്നും പറയുവാന്‍ തോന്നിയില്ല. പറഞ്ഞാല്‍ ഇനിയും വായില്‍ വരിക തെറിയാകും എന്നുറപ്പുള്ള ഭയം. മുന്നോട്ടു നോക്കി വാന്‍ പതുക്കെ ഓടിച്ചു.
“എടിയേ, ഞാനൊരു മീറ്റിങ്ങിനു കയറുവാ, മൊബൈല്‍ ഓഫ് ചെയ്യുമേ. ങാ ഉച്ചക്ക് വരും. വാളന്‍പുളി കിട്ടിയോ. എന്നാല്‍ മീഞ്ചാര്‍ ഒന്ന് പറ്റിച്ചു വെച്ചോ. ങാ ബോസ്സ് വന്നു ഞാന്‍ വെക്കുന്നു.”
ഭാര്യയോടാവും.
“എന്നാല്‍ ഞാന്‍ തുടങ്ങുകയാണ് കേട്ടോ “ അയാളുടെ ശൃംഗാരചുവയുള്ള ആ മുന്നറിയിപ്പില്‍ പല്ലുഞെരിച്ചുകൊണ്ട് സ്റ്റിയറിംഗില്‍ അമര്‍ത്തിപ്പിടിച്ചു.
പിറകിലെ അമര്‍ത്തിയ ചെറു ശബ്ദങ്ങള്‍ക്ക് ചെവികൊട്ടിയടച്ചു. ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധിച്ചു.എം,ജി. റോഡിലേക്ക് കയറി ഓരം ചേര്‍ത്ത് പതുക്കെ വാനോടിച്ചു.പ്രകൃതി ഋതുമതിയായതുപോലെ വാകപ്പൂക്കള്‍ പൊഴിഞ്ഞുകിടന്നിരുന്നു.
അടിവേരുകള്‍ മണ്ണിലേക്ക് ആഴത്തിലിറങ്ങുവാന്‍ കഴിയാതെ കോണ്‍ക്രീറ്റില്‍ വീര്‍പ്പുമുട്ടി ഒരു വാകമരം ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിനു മുകളിലേക്ക് വീണത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയുള്ള നിശബ്ദപ്രതികരണം ..!
“ഹാ, ഇത് ശരിയാകില്ല. ഈ കുട്ടിയെന്താ ഇങ്ങിനെ “
അയാളുടെ ഉച്ചത്തിലുള്ള ശബ്ദം.
അമര്‍ത്തിയ പെണ്‍ശബ്ദം വ്യക്തമല്ല.
“എടോ, താന്‍ വണ്ടി നിരത്ത്. ഇതാ ഞാന്‍ അവനോടു പറഞ്ഞത്. ഏതെന്കിലും ഹോട്ടല്‍ റൂം മതിയെന്ന്”
ആളുകള്‍ കുറവായ സ്ഥലം നോക്കി വണ്ടിയൊതുക്കിയപ്പോള്‍ അയാള്‍ മുന്നിലെ ഡോര്‍ തുറന്നു കയറിയിരുന്നു.
“അവള്‍ ടോപ് ഊരുന്നില്ല. അവിടെ തൊടാനും സമ്മതിക്കുന്നില്ല. ഇതിനാണോ ഞാന്‍ കാശ് കൊടുത്തത്.” അയാള്‍ വീണ്ടും ഒച്ചവെക്കുകയാണ്.
പതുങ്ങിയിരുന്ന അമര്‍ഷം പുറത്തേക്കു നീട്ടിത്തുപ്പി. പിറകിലെ ഡോര്‍ തുറന്നു അകത്തുകയറി അവളുടെ കരണത്ത് ആഞ്ഞ് ഒരടി കൊടുത്ത ശേഷമാണ് അവളുടെ മുഖം ശരിക്ക് ശ്രദ്ധിച്ചത് തന്നെ. ഇരുനിറമുള്ള ഒരു നാട്ടിന്‍പുറംകാരി.
അടികൊണ്ട കവിള്‍ ചുവന്നു കയറുമ്പോള്‍, അവള്‍ ചുരിദാര്‍ ടോപ് തലയ്ക്കു മുകളിലൂടെ ഊരിയെടുത്തു. അയാള്‍ തരിച്ചിരുന്നുപോയീ.... മുലക്കണ്ണിലൂടെ കിനിഞ്ഞിറങ്ങുന്ന മുലപാല്‍ സീറ്റിലേക്ക് ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു. ഒരു കഥയുടെ ഇളംചുണ്ട് വിതുമ്പുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു.
------------------------------------------------------------------------------------------------------------
*ഇക്കഡ നോഡീ – ഇങ്ങോട്ട് നോക്കൂ.
*ബെക്കൂദ്രെ മാടപ്പാ – വേണമെങ്കില്‍ ചെയ്യൂ.
*ഏന്‍ ഹേള്‍ത്തിരാ – എന്ത് പറയുന്നു ?
* നാനു സ്വസ്തവാകി ഹോഗ്തായിതിനി – എനിപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ പോകുന്നു.
*കസ്റ്റമര്‍ ഇദ്രെ കളിസ്തിനി – കസ്റ്റമര്‍ ഉണ്ടെങ്കില്‍ അയക്കാം.
* ഡോബിഗാട്ട് അത്രെന്ത് - ഡോബിഗാട്ടിനടുത്ത് നിന്ന്
* ഏന്‍ റീ , മിററില്‍ യാവതും കാണുത്തായില്ലവാല്ല.- മിററില്‍ ഒന്നും കാണില്ലല്ലോ അല്ലെ ,
മഴവില്‍ മാസികയില്‍ പ്രസിദ്ധീകരിച്ച കഥ.
ReplyDeleteThis comment has been removed by the author.
ReplyDeletewww.mazhavill.com മഴവില്ല് മാഗസിനില്‍ വായിച്ചിരുന്നു നല്ലൊരു കഥ അതിനൊപ്പം നല്ല വരയും ...
ReplyDeleteസന്തോഷം ആചാര്യന് !ഇംതി.
Deleteഹൃദയസ്പര്‍ശിയായ കഥ
ReplyDeleteആശംസകള്‍
തങ്കപ്പന്‍ ചേട്ടാ .. നന്ദി.
Delete
ReplyDeleteഅമ്ജത്തിന്റെ കഥ മഴവില്ലില്‍ വായിച്ചിരുന്നു. അവസാനം ഏത് വായനക്കാരനും ഉള്ളിലൊരു വിങ്ങല്‍ അനുഭവപ്പെടും. അതാണ് കഥാകാരന്റെ വിജയം!
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ റഷ്യയിലും ഇന്നു സിറിയയിലും മുലപ്പാല്‍ വറ്റാത്ത അമ്മമാരും കൌമാരം കടക്കാത്ത കിടാങ്ങളും ഒരു കര തേടി അലയുന്നു.
പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി തൊഴിലില്ലാത്ത ഭര്‍ത്താക്കന്മാര്‍ നിറുകയില്‍ ചുംബനം നല്‍കി പ്രിയതമയെ യാത്രയയക്കുന്നു. വിശപ്പിനെക്കാള്‍ വലുതല്ല ചാരിത്ര്യം എന്ന തിരിച്ചറിവില്‍!
ജോസ്ലെറ്റ് ... സന്തോഷം സഖേ..
Deleteപല ഈസ്റ്റേൺ യൂറോപ്പ്യൻസിന്റെയും
ReplyDeleteഒട്ടുമിക്കയനുഭവങ്ങളൂം ഇതൊക്കെ തന്നെയാണ്..
അതും ഭായ് ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു...
നന്ദി, മുരളി ... ബിലാത്തിയിലേക്ക് വരുന്നുണ്ട്.. :)
Deleteഅംജത് ,ഏനു സമാചാര? നിമ്മ കഥേ തുമ്പ ചെന്നാഗിത്തു. ഇന്നു തുമ്പ ബരീ ബേക്കൂ-- ആയീതാ ?
ReplyDeleteആശംസകള്‍
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍
ചെന്നഗിതിനി.. ഹേഗിതിരാ.? തുമ്പ താങ്ക്സ് നിമ്മ വൊളെളെ മാത്തുക്കു.. ഇന്നും ബരയ്തിനി... !
Deleteഅമ്മിഞ്ഞപ്പാലിനു വേണ്ടി ദാഹിക്കുന്ന ഉപകഥ വായനക്കാരന്റെ ഭാവനക്ക് വിട്ടു കൊടുത്ത കഥാകാരനെ അഭിനന്ദിക്കാതിരുന്നാല് അതൊരു വലിയ പിശുക്കായിപ്പോകും
ReplyDeleteപദലജ്ജയില്ലാത്ത ഈ രചനക്ക് ഒരായിരം ആശംസകള്‍
നന്ദി, അബൂതി...
Deleteകഥയിൽ പുതുമകളുണ്ടെന്നു തോന്നിയില്ല..... ഒരു കഥാബീജത്തെ അനായാസം ഭാവനയുടെ മൂശയിലിട്ട് പണിക്കുറ്റം തീർത്ത് നല്ലൊരു കഥാശിൽപ്പമായി എങ്ങിനെ വാർത്തെടുക്കാം എന്നതിന് ഉദാഹരണമാണ് ഈ കഥ....
ReplyDeleteഒന്നുകൂടി ചെത്തിമിനുക്കിയിരുന്നെങ്കിൽ പ്രത്യേകിച്ച് കഥയുടെ ഏറ്റവും പ്രധാനമായ അവസാനഭാഗത്ത് ഒന്നുകൂടി രാകിമിനുക്കിയിരുന്നെങ്കിൽ കുറേക്കൂടി നല്ലൊരു കഥ ഞങ്ങൾക്ക് വായിക്കാനാവുമായിരുന്നു എന്ന് തോന്നി.
കഥയുടെ വികാസഘട്ടത്തിൽ വിഭിന്നതലങ്ങളിലേക്ക് വളാരാനുള്ള സാധ്യതകളെയൊക്കെയും റദ്ദു ചെയ്യുന്നതിനു പകരം കുറേക്കൂടി വലിയൊരു ക്യാൻവാസിലേക്ക് എഴുത്തുകാരന് കഥയെ കൊണ്ടുപോകാൻ കഴിയുമായിരുന്നു എന്ന് എന്നിലെ സാധാരണ വായനക്കാരന് തോന്നിയതും തുറന്നു പറയുന്നു....
കഥയിൽ പ്രകടിപ്പിച്ച കൈയ്യടക്കവും, പാശ്ചത്തലസൃഷ്ടിയും അങ്ങേയറ്റം അഭിനന്ദനീയമാണ്......
ഗുരോ , നല്ല വാക്കുകള്‍...,,സന്തോഷം.
Deleteസുപ്രഭാതം..
ReplyDeleteഓരോ വരികളും നൽകുന്നത് ദൃശ്യാവിഷ്ക്കാരമാണു..
വായനക്കാരനു നൽകുന്ന അത്തരം കാഴ്ച്ചകളാണു അമാവാസിയുടെ മേന്മ..
കഥയെ കുറിച്ച്,
കഥ കണ്ടുകൊണ്ടിരിക്കുന്നു..
പ്രത്യേക പരിഗണനയൊ സ്നേഹമോ തോന്നിക്കാത്ത സ്ത്രീ കഥാപാത്രത്തെ പെട്ടെന്ന് ഹൈലൈറ്റ് ചെയ്യുവാൻ വേണ്ടി അവളെയൊരു അമ്മയാക്കി തീർത്ത പോലെ തോന്നിപ്പിച്ചു.
ഗർഭാവസ്ഥയിലുള്ള സ്ത്രീക്കും പാലൂട്ടുന്ന സ്ത്രീക്കും മാത്രമെ നമ്മുടെ സമൂഹത്തിൽ സഹതാപമുള്ളു..?
നന്ദി, ടീച്ചര്‍....,,, നല്ല വാക്കിന്. സഹതാപം എന്നത് ഇപ്പോള്‍ എവിടെയും കാണാന്‍ ഇല്ല..
Deleteകഥയുടെ ആവിഷ്കാരത്തില്‍ ഉള്ള കയ്യടക്കം നന്ന് . പക്ഷേ ആശയം ഇഷ്ടമായില്ല . അഥവാ അതിനു പൂര്‍ണതയില്ല .
ReplyDeleteഅഭിപ്രായം സ്വീകരിക്കുന്നു. ശ്രദ്ധിക്കാം...
Deleteകഥയുടെ പറയുന്ന രീതി ഇഷ്ടമായി പക്ഷെ ആദ്യത്തില്‍ തന്നെ കേരള പുതപ്പിനെ പരാമര്‍ശിച്ച ഭാഗം അതില്‍ ഉള്‍കൊള്ളിച്ച രാഷ്ട്രീയം അത് പൂരനാര്‍ത്ഥത്തില്‍ ശരിയായില്ല ബാക്കി വന്നത് എല്ലാം തന്നെ കുഴപ്പമില്ല സ്വാഭാവിക ജീവിത രീതിയിലെ കണ്ടു മറന്ന കാഴ്ച ആകാഴ്ച്ചയുടെ വിരാമത്തിനു ഇച്ചിരി മുലപ്പാല്‍ മേമ്പൊടി ചേര്‍ത്തു ആശംസകള്‍
ReplyDeleteനന്ദി, കൊമ്പന്...
Deleteപഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നാലും........കൊള്ളാം,ഈ ആഖ്യാനരീതി
ReplyDeleteനന്ദി, അജിത്തേട്ടാ..
Deleteമഴവില്ലില്‍ വായിച്ചിരുന്നു ..
ReplyDeleteഅങ്കി ഗോക്കി മുട്ടായി തക്കന്‍ ബത്ത്നി എനിക്ക് ആകെ അറിയാവുന്ന കന്നടയാണ് തല്ലരുത് ...:)
ഇതെന്നാ ഭാഷയാടോ ... കൊച്ചെ.. ഞാന്‍ അങ്ങ് അന്തിച്ചു പോയി ..!
Deleteവായന മുറിഞ്ഞില്ല , എനിക്കുള്ള യുക്തിയുടെ മേലെ കയറി നിന്ന് കൊഞ്ഞനം കുത്തിയില്ല എന്നൊക്കെയാണ് ഞാൻ കഥയെ നോക്കി കാണുന്ന രീതി .
ReplyDeleteഈ കഥ വന്ന് വായിച്ചു പോകുമ്പോൾ എനിക്ക് സന്തോഷമുണ്ട് . നന്നായി എന്നതുകൊണ്ട് തന്നെ .
അവതരണത്തിൽ പുതുമ തോന്നി എന്നതും നേര് . കാരണം ഇതേ ഫോർമാറ്റിൽ വേറൊരു കഥ ഞാൻ വായിച്ചിട്ടില്ല എന്നതുകൊണ്ട് .
മന്‍സൂര്‍ നല്ല വാക്കിന് നന്ദി സഖേ ..
Deleteപുതപ്പിന്റെ കഥ മഴവില്ലില്‍ വായിച്ചിരുന്നു. സത്യത്തില്‍ വണ്ടി ഒടിച്ചുകൊണ്ടുള്ള കാര്യം നടത്തല്‍ വായിച്ചപ്പോള്‍ എനിക്ക് മനസ്സില്‍ വന്ന രൂപം പോലീസുകാര്‍ പ്രതികളെ മര്‍ദ്ദിക്കാന്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചായിരുന്നു. കഥയില്‍ ഉപയോഗിച്ച ഒരു വാക്ക് ഞാന്‍ ആദ്യം ഒരു കഥയില്‍ എഴുതിയതിനു ശേഷം രണ്ടു ദിവസം അത് പോസ്റ്റ് ചെയ്യാതെ വേണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നു. പിന്നീട് ആ വാക്ക് മാറ്റിയാണ് ആ കഥ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ അത് ഇവിടെ കണ്ടപ്പോള്‍ സന്തോഷം തോന്നി.
ReplyDeleteഅവതരണത്തിലെ പുതുമ എന്നേ കഥയെക്കുറിച്ച് ഞാന്‍ പറയുന്നുള്ളൂ.
റാംജിയേട്ടാ നന്ദി. ചില പൊടിക്കൈകള്‍ ..! ഹഹഹ..
Deleteഒരു സാധാരണ കഥാബീജത്തെ മനോഹരമായി പരുവപ്പെടുത്തിയ കഥ. ഇനിയും നന്നാക്കാമായിരുന്നു എന്ന് തോന്നി. അതെ, ഗാലറിയിലിരുന്ന് കളി പറയുന്നു!!
ReplyDeleteതീര്‍ച്ചയായും ഇനി ശ്രദ്ധിക്കാം ..
Deleteപ്രദീപ് പറഞ്ഞ പോലെ ഹൃദ്യമായ വായന നല്കും വിധം അവതരിപ്പിച്ചു.
ReplyDeleteകഥ പറഞ്ഞ രീതി വേറിട്ട് നില്ക്കുന്നു.
നന്ദി , സലാം ഭായ് ..!
Deleteഇഷ്ടമായ കഥ., മഴവിൽ മാഗസിനിൽ വായിച്ചത് കൊണ്ടാണിവിടെ എത്തിപ്പെടാതെ പോയത്., നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി..കഥാകാരന്റെ എഴുത്തിന്റെ ഗ്രാഫ് ഉയരുന്നത് അടുത്ത് നിന്ന് കാണാൻ സാധിക്കുന്നത് ഒരു സന്തോഷം തന്നെ...ആശംസകൾ..
ReplyDeleteആഹാ , എത്തിയോ കോയാ ..! തീവ്രവാദി കൂടെ വന്നതാ കഥനം !
Delete