Monday, 1 October 2012

ഓര്‍മ്മകളുടെ നാലുകെട്ട്
ഈ യാത്ര എന്‍റെ ഗുരുവിന്‍റെ കഥാപാത്രങ്ങള്‍
 ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന "കൂടല്ലൂരിന്റെ"  പഴയ ഗ്രാമ നിറവിലേക്കാണ്‌.  പ്രവാസം ക്ലാവ് പിടിച്ച മനസ്സില്‍
ഇന്നും തിളങ്ങുന്ന ചില നിമിഷങ്ങള്‍; അത് ഗുരുവിന്‍റെ  കഥയും കഥാപാത്രങ്ങളും ഇന്നും നിറഞ്ഞു നില്‍ക്കുന്ന,  കണ്ണാന്തളിയും മുക്കുറ്റിയും ചെമ്പരത്തിയും നിറഞ്ഞ വേലിപ്പടര്‍പ്പുകളും,  മഞ്ചാടി നിറഞ്ഞ പഞ്ചാരമണല്‍പ്പുറങ്ങളും , ചെറുമനും ചേറു മണക്കുന്ന വയലുകളും , പിന്നെ പച്ചപ്പായ അന്തരീക്ഷത്തില്‍ നെറികേട് കലരാത്ത സ്നേഹമുള്ള ഹൃദയം സൂക്ഷിക്കുന്ന മനുഷ്യരെയും ഉള്‍കൊള്ളുന്ന ഒരു  വലിയ " നാലുകെട്ട്" - കൂടല്ലൂര്‍ !കണ്ണാന്തളി പടര്‍ന്നു പന്തലിച്ച കുന്നിന്‍ ചെരുവിലെ വെട്ടുവഴിയില്‍ കൂടി കാവിന്‍റെ  മുന്നിലെത്തി. കാലം കരി പുരട്ടിയ കത്തുന്ന ഒറ്റക്കല്‍വിളക്കിന്‍ പ്രഭയില്‍ ദേവീമുഖം  ജ്വലിക്കുന്നു . " പള്ളിവാളിന്‍റെയും കാല്‍ച്ചിലാമ്പിന്‍റെയും " കലമ്പിച്ച കിലുക്കം കേട്ടു, അതെ,  അദ്ദേഹം തന്നെ...  കുടുംബ ബന്ധങ്ങള്‍ കാല്‍ ചുവട്ടിലെ മണ്ണ് പോലെ ഒഴുകി അകന്നിട്ടും, ഭയ ഭക്തി സ്നേഹത്തോടെ ദേവിയെ ഗാഡ൦ പുണര്‍ന്ന 'വെളിച്ചപ്പാട്" ! ആ മുഖത്ത് ചിരി ഇപ്പോഴും കര്‍ക്കിടകത്തിലെ തെളിഞ്ഞ ആകാശം പോലെ അപൂര്‍വ്വം.  എന്‍റെ  ഗുരുവിനെ പോലെ !

നോക്കുമ്പോള്‍ , പള്ളിവാളിന്‍റെയും കാല്‍ചിലമ്പിന്‍റെയും കിലുക്കം അകലെ ഇരുട്ടില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു.ഇനി വെട്ടുകല്ലിന്റെ ഇടവഴിയാണ്. ഈ വഴിയില്‍ ആണ് ബാലനായ "അപ്പു" എണ്ണ വാങ്ങുവാനായി  പോകുമ്പോള്‍ കൈതകൂട്ടത്തിനിടയില്‍ പാമ്പുണ്ടാകുമോ എന്ന്‍ പേടിച്ചു നിന്നത്. 

ഒന്ന് പരുങ്ങി .... ശരിക്കും പാമ്പുണ്ടാകുമോ ? 

അപ്പു ചെയ്തത് പോലെ, എണ്ണയില്‍ മൊരിയുന്ന ചുവന്നുള്ളി കഷണങ്ങളുടെ വാസന മനസിലോര്‍ത്തു മുന്നോട്ട് നടന്നു.

വേലിക്കരികില്‍ ആരോ രണ്ടു പേര്‍! പുരുഷ ശബ്ദം മനസിലായില്ല. സ്ത്രീ ശബ്ദം .....അതെ "കുട്ട്യേടത്തി" !  ഇങ്ങനെ സംസാരിച്ചു നിന്നതിനാണ് വല്യമ്മ വടി ഒടിയും വരെ അവരെ തല്ലിയത്‌.

"അയ്യോന്റ്റമ്മേ ......എന്നെ അഴിച്ചു വിടോയ് ....ഹൂയ് " 

അലര്‍ച്ചയോടൊപ്പം ചങ്ങല കിലുങ്ങുന്ന ശബ്ദം .ചായ്പ്പില്‍
 നിന്നാണ്.  വേലായുധേട്ടന്‍ !അമ്മുകുട്ടിയുടെ വേലായുധന്‍..... ഭ്രാന്തന്‍ വേലായുധന്‍ !

 ഇപ്പോഴും ചങ്ങലയില്‍ ആണെന്ന് തോന്നുന്നു. വല്യ അമ്മാമയും മാധവന്‍ നായരും ഇപ്പോള്‍ തയ്യാറെടുക്കുകയായിരിക്കും. പാവം വേലായുധേട്ടന്‍ !


ഇനിയും രാത്രിയിലേക്ക്‌ പോകാന്‍ മടിച്ച്,  വെളിച്ചം മടിപിടിച്ച് മേയുന്ന കുന്നിന്‍ ചെരുവില്‍ , മണ്ണിടിഞ്ഞുവീണുണ്ടായ ചെറിയ ഗുഹ പോലുള്ള ആ സ്ഥലം.  സുമിത്ര ആടുകളെയും കൊണ്ട് കയറി നിന്ന ; സേതുവില്‍ നിന്നും ആദ്യ ചുംബനം വാങ്ങിയ ആ സ്ഥലം !സേതു വളര്‍ന്നു സേതു മുതലാളി ആവുകയും സുമിത്ര ഭ്രാന്തിയായ സന്യാസിനി ആവുകയും ചെയ്തു പിന്നീട്  " കാല"ത്തില്‍ .സുമിത്രയുടെ അവസാന വാക്ക് ഇപ്പോഴും ഈര്‍ച്ച വാളു പോലെ മനസിനെ ആഴത്തില്‍ മുറിവേല്പിക്കുന്നു ( ആസ്വാദകരുടെ )" സേതൂനെന്നും  സേതൂനോട്  തന്ന്യേ സ്നേഹം തോന്നീട്ടുള്ളൂ ... ! "

അരയാല്‍ വീണു കിടക്കുന്ന വേലപ്പറമ്പും , പിന്നെ പഞ്ചാര മണല്‍പ്പരപ്പും താണ്ടി, കട്ട വിണ്ടു കിടക്കുന്ന പാടം കയറി കഴിഞ്ഞപ്പോള്‍ അകലെ, വെയില്‍ കായാന്‍ മുടിപരത്തിയിട്ടു  ഒരമ്മൂമ്മ കൂനിയിരിക്കുന്ന പോലുള്ള ആ "നാലുകെട്ട്" കാണാം .വൈക്കോല്‍ മേഞ്ഞ മോന്തായവും, വെട്ടാവളിയന്‍ കൂടുകെട്ടിയ വിണ്ടു കീറിയ ഭിത്തികളോടും കൂടിയ, സ്നേഹത്തിന്‍റെ തറവാട്.

മുറ്റത്ത് വിളക്ക് വെക്കുന്ന കുഞ്ഞിക്കൈകള്‍ പത്മുവിന്‍റെ തന്നെ. ഒന്നരയും ഉടുത്ത്‌ ഇറയത്ത് തന്നെയുണ്ട് ചെറിയമ്മ. ഈ ഇറയത്താണല്ലോ ഒരു സിംഹള പെണ്‍കുട്ടി തീപ്പൊരി ചിതറിച്ച് അച്ഛനെയും കൊണ്ട് ഇറങ്ങി പോയത്.പുറകില്‍ എങ്ങോ തിരിച്ചാല്‍ കണ്ണുരുട്ടുന്ന ആ മൂങ്ങ എവിടെയാണോ ഇപ്പോള്‍ ?

അന്വേഷണത്തിന് കുറെ ദൂരത്തുനിന്നാണെന്ന് പറഞ്ഞു.അതെ കുറെ ദൂരത്തു നിന്നും വളരെ വളരെ അകലെ "വായനാദൂരത്ത്" നിന്നും !

ഗുരുനാഥന്റെ പേര് പറഞ്ഞപ്പോള്‍ ഇരിക്കുവാന്‍ ക്ഷണിച്ചു. അദ്ദേഹം അവിടെയില്ലെന്നും.

ഉപചാരപൂര്‍വ്വം കുപ്പക്കല്ലില്‍ കാല്‍ കഴുകി. കസേരയിലെക്കുള്ള ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.ഇളംതണുപ്പുള്ള തിണ്ണമേലിരുന്നു. ഉറകുത്തിയ പൊടി അവിടവിടെ വീണുകിടക്കുന്നു.

 അപരിചിതത്വത്തിന്റെ നിഴല്‍ നിറചിരിവെളിച്ചത്തില്‍ ഓടിയകന്നപ്പോള്‍ , കതകും ചാരിയിരുന്ന് അമ്മ പഴമ്പുരാണകഥക്കെട്ടു തുറന്നു. ഗുരുവിന്‍റെ നിധിശേഖരം !

"ഇനി വെരുമ്പോ ഒരണക്ക് ഇത്തിരി മൂക്കിപ്പൊടി കൊണ്ടരണം,, ചെന്നി കുത്തുമ്പോ അതാ നല്ലതേ " ചെറിയമ്മയുടെ സ്വകാര്യത്തിന് കണ്ണുരുട്ടുന്ന അമ്മ. ഇന്ന് വഴക്ക് ഉറപ്പാണ്‌.ഇവിടെ ഒന്നും മാറിയിട്ടില.

നേന്ത്രപ്പഴം നുറുക്കിയതും പാലൊഴിക്കാത്ത ചായയും കഴിച്ച് അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ ഓര്‍ത്തു :

" എന്‍റെ ഗുരുനാഥാ, ഇത്രയും നന്മ നിറഞ്ഞ കളങ്കമില്ലാത്ത മനുഷ്യരെ ഗര്‍ഭത്തിലേറ്റുന്ന ഈ ഗ്രാമം അല്ലെങ്കില്‍ ഇത് പോലൊരു ഗ്രാമം  സ്വപ്നത്തിലെങ്കിലും അനുഭവിക്കുവാന്‍


യോഗമുണ്ടാകുമോ പുതു തലമുറക്ക് ? "

നിളയുടെ മുകളിലൂടെ  ഇരുമ്പുചക്രങ്ങളുരച്ചു വിറപ്പിച്ച് ശബ്ദം മുഴക്കി  തീവണ്ടി കൂകിയകന്നു.

ഇവിടെ ഞാന്‍ ഈ മരുഭൂമിയുടെ ദേശത്ത്, പ്രവാസ ജീവിതത്തിന്റെ മറ്റൊരു  പ്രയാസ ദിവസത്തിലേക്ക്‌ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു . മനസ്സിലൊരു പെയ്യാമേഘമായി ഗുരുനാഥനും ഗ്രാമവും !

25 comments:

 1. പായല്‍ മൂടിയ വായനാ ഓര്‍മ്മകളെ ഒന്ന് വൃത്തിയാക്കിയപ്പോള്‍...!

  ReplyDelete
 2. അതേ വായനാ ഓർമ്മകൾ എന്നിലും.

  ReplyDelete
  Replies
  1. എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി..!

   Delete
 3. എന്റെ മനസ്സിലും ഒരു പെയ്യാമേഘമായി ആ ഗുരുനാഥനും ഗ്രാമവും നിറഞ്ഞു നില്‍ക്കുന്നു !!

  ReplyDelete
 4. പ്രിയപ്പെട്ട എം ടിയുടെ കഥാപാത്രങ്ങള്‍ വീണ്ടും മനസ്സിലൂടെ കടന്നു പോയി.. മനസില വരച്ചു വച്ചിരുന്ന ആ ഗ്രാമഭംഗിയും

  ReplyDelete
 5. നന്ദി ചില ഓര്‍മ്മപെടുതലുകള്‍ക്ക്..
  ആശംസകള്‍

  ReplyDelete
 6. ഓര്‍മ്മപ്പെടുത്തലുകള്‍......
  പിന്നെ ഒരു നിര്‍ദേശം ഉണ്ട്.. ഓരോ വരിയുടെയും ബാക്ക് ഗ്രൌണ്ട് ചെയ്ന്ജ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അത് കണ്ണിനു കുറച്ചു സ്ട്രൈന്‍ തരുന്നു.....:)
  അവതരണം നന്നായി...
  ആശംസകള്‍

  ReplyDelete
  Replies
  1. അത് കട്ട്‌ പേസ്റ്റ് ചെയ്തപ്പോള്‍ സംഭവിച്ചതാ... നോക്കട്ടെ...നന്ദി , അബ്സര്‍.

   Delete
 7. കൈകോർത്ത്‌ ആ മണ്ണിലേക്ക്‌ വരവേൽക്കും പോലെ ലളിതമായ അവതരണം..
  ഗുരുസ്മരണകൾ ആത്മചൈതന്യം നൽകും..നല്ലത്‌.

  ആശംസകൾ ട്ടൊ.,!

  ReplyDelete
  Replies
  1. വന്നതിനു നന്ദി ടീച്ചര്‍. മഴയെ നോക്കി കണ്ടില്ല.

   Delete
 8. ഗുരുസ്മരണയും ഗ്രാമ വിശുദ്ധിയും പെയ്തൊഴിയാതെ മനസ്സില്‍.... നന്ദി മാഷേ

  ReplyDelete
  Replies
  1. തിരിച്ചും നന്ദി മുബീന്‍ , ഈ ഗ്രാമയാത്രയില്‍ പങ്കെടുത്തതിന്.

   Delete
 9. പഴയ കഥാപാത്രങ്ങളെ ഓര്‍മ്മ പെടുത്തല്‍ നന്നായി..

  ReplyDelete
 10. നടന്നു വന്ന വഴികളാണ് ..
  കണ്ടു കൌതുകം പൂണ്ടു
  കണ്ണ് വിടര്‍ത്തിയ കഥാ പാത്രങ്ങളാണ് ..
  മറവിയില്‍ മാറാല പിടിക്കാന്‍
  വിട്ടു കൊടുക്കാന്‍ ഒക്കില്ലല്ലോ ചിലതൊന്നും ....
  വേറിട്ട ഉദ്യമത്തിന് അഭിനന്ദനങ്ങള്‍ ഇക്കാ ...
  ഇതൊരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു ...

  ReplyDelete
  Replies
  1. തുടക്കം തന്നെ ആഗ്രഹം. ഒടുങ്ങാതെ നിലനില്‍ക്കട്ടെ..!

   Delete
 11. മനോഹരമായ ശൈലി, അംജത്. എഴുത്തിൽ ഈ ഗുരുത്വം വഴികാട്ടട്ടെ...

  ReplyDelete
  Replies
  1. നന്ദി , നാസ്സര്‍ ഭായ്.

   Delete
 12. ഗുരുവേ നമ:... പ്രണാമം സുഹൃത്തേ... തുടക്കം തന്നെ മനോഹരമായി....ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ....

  ReplyDelete
  Replies
  1. ഇത് തുടക്കമല്ല , ഇ.കെ.ജി. ഇഴഞ്ഞു നീങ്ങുന്നു... ഹ ഹ ഹ ...!

   Delete
 13. പ്രിയ കഥാകാരനോടുള്ള ആരാധകന്‌റെ സമര്‍പ്പണം,,,, അംജത്ത്‌ നേരത്തെ തന്നെ ഇത്‌ വിവരിച്ച്‌ തന്നതിനാല്‍ ഉള്‍ക്കൊണ്‌ട്‌ കൊണ്‌ട്‌ വായിക്കാന്‍ പറ്റി. നേരത്തെ ഒന്ന് ഓടിച്ച്‌ വായിച്ചിരുന്നു... ആശംസകള്‍

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......