Saturday 30 August 2014

വൃത്തം.

പച്ചീര്‍ക്കിലി തുഞ്ചത്ത് കുടുക്ക് ഒരുക്കുമ്പോഴാണ് അവനെ ഉമ്മ വിളിക്കുന്നത്‌. നാശം ! ഇപ്പൊ കയ്യേലൊരു വലിയ തൂക്കുപാത്രം തരും. പിന്നെ ഓടണം സ്റ്റാര്‍ഹോട്ടെലിലേക്ക്, രണ്ടുരൂപേടെ ദോശേം ആ വലിയ തൂക്കോത്രം നിറയെ സാമ്പാറും വാങ്ങണം. അതും സത്താറണ്ണന്‍റെകയ്യില്‍ കൊടുത്താലേ നെറച്ചും സാമ്പാര്‍ കിട്ടൂ. സത്താറണ്ണന്‍ വാപ്പിച്ചീടെ കൂട്ടുകാരനായതിനാല്‍ ചിലപ്പോള്‍ അവനൊരു വടയൊക്കെ കൊടുക്കും.
ടയര്‍ എടുത്താലോ എന്നാലോചിക്കുമ്പോഴേ ഉമ്മാ വിളിച്ചു പറയുന്നത്  കേട്ടു...

‘നിന്‍റെ ടയറും വണ്ടി ഉരുട്ടിക്കൊണ്ട്‌ പോണ്ടാ.... ‘

തൂക്കുപാത്രവും തൂക്കി വഴിയിലേക്കിറങ്ങി  ഓടുമ്പോള്‍ അവന്‍റെ മനസ്സ് നിറയെ പച്ചീര്‍ക്കിലിത്തുമ്പത്ത് പാതി മുറുക്കിയ കുടുക്കായിരുന്നു.

                -----------------------------------------

‘ഈ ‘ഖാത്ത്’* ന്നു പറേണത് ഒരെലയാണ് അമീനെ. മ്മടെ പച്ചചീര പോലൊരു സാധനം. അങ്ങ് ജിസാന്‍റെ ഓരത്ത് യെമന്‍ അതിര്‍ത്തീലെ മരങ്ങളാ. സൌദീല് ഇത് മംമ്നു* ആയതോണ്ട് ഇത് വളരുന്ന സ്ഥലോങ്കൂടി വേലികെട്ടി യെമന് നല്കിയേക്കാണ്.’  കയ്യിലെ ഡണ്ഹില്‍ ഒന്നാഞ്ഞു വലിച്ചു കൊണ്ട് മുത്താക്ക തുടര്‍ന്നു.

‘ഈ അര്‍ബീള്‍ടെ വിചാരം ‘ഖാത്ത്’ന്‍റെ നീര് അങ്ങിനെ ചവച്ചിറക്കിയാല്‍ രാത്രി ഒര്‍ങ്ങാതെ കാര്യം ഉഷാറാക്കാം ന്നാ .... ഏതീ സംഗതി പുടികിട്ടിയാ?

മുത്താക്ക  കണ്ണിറുക്കി വഷളന്‍ ചിരി മുഖത്ത് വരുത്തി. അപ്പോള്‍ അമീന് ബംഗ്ലൂര്‍ ബസ്സ്സ്റ്റാന്‍ഡിലെ വേലമ്മയുടെ ഭര്‍ത്താവ് കണ്ണപ്പനെ ഓര്‍മ്മ വന്നു.

‘അത് കൊണ്ടരാന്‍ പോണ ഡ്രൈവര്‍ ശരിക്കും ഉശിരന്‍ ആണൊരുത്തനാകണം. അപകടം പിടിച്ച പണ്യാണുംതാനും. ന്നാലോ കൈ നെറയെകാശിങ്ങുപോരും’

‘കാര്യങ്ങളൊക്കെ ഓനോട്‌ ഞാന്‍ പറഞ്ഞേക്ക്ണിക്കാ. ങ്ങള് എന്ന് പോവാമ്പറ്റും ന്ന് പറയീന്‍. ഉമ്മാന്റെ ഓപ്പറേഷന്‍ തീയതി നിച്ചയ്ച്ചിക്ക്ണ്. അതോണ്ടാ ഓനിത് ചെയ്യണേ. വേറെ വയീല്ലാ. ങ്ങള് ബെര്‍തെ ഓനെ പേടിപ്പിക്കാതെ’ 

ടയ്ക്കിടപെട്ട കബീറിനെ മുത്താക്കാ ഒന്ന് തുറിച്ചു നോക്കി. കയ്യിലെ സിഗരറ്റ് ദൂരേയ്ക്ക് എറിഞ്ഞു.
    ---------------------------------------------------------------


വര: അഷ്‌റഫ്‌ മേലേവീട്ടില്‍.അവന്‍റെ തുട പൊള്ളി ! നടക്കുന്നതിന്‍റെ ആയത്തില്‍ തൂക്കുപാത്രത്തില്‍ നിന്നും തൂവി ഒലിച്ചിറങ്ങിയ ചൂട് സാമ്പാര്‍ !  നാശം ! ഉമ്മാന്റെ കൈപ്പടവലിപ്പമുള്ള ആറു ദോശയ്ക്ക്എന്തിനാ ഇത്രേം സാമ്പാര്‍?  സാമ്പാറിലെ കഷണങ്ങള്‍ ഉമ്മ മാറ്റി വെയ്ക്കും. ദോശ അവര്‍ക്ക് വീതിച്ച് പാത്രം നിറയെ സാമ്പാര്‍ ഒഴിച്ച് കുതിര്‍ത്തികൊടുക്കും.

പാച്ചുപിള്ളയുടെ സൈക്കിള്‍ ഷോപ്പിന്‍റെ പിറകില്‍ രണ്ടു ടയറുകള്‍ കിടക്കുന്നത് കണ്ടിരുന്നു. മനോജോ . സനോജോ കാണും മുന്നേ അതെടുത്തു സ്വന്തമാക്കണം. ഈ നശിച്ചു തുളുമ്പുന്ന ചൂട് സാമ്പാര്‍ ....! പച്ചീര്‍ക്കിലികുടുക്കിനെ ഓര്‍ത്തുകൊണ്ട് അവന്‍ തൂക്കുപാത്രം പിടിച്ചിരുന്ന കയ്യ് ശരീരത്തില്‍ നിന്നും കുറച്ചകറ്റി നടത്തം തുടര്‍ന്നു

--------------------------------------------------------------------------------------------------------

അവസാന ചെക്ക്പോസ്റ്റും കഴിഞ്ഞു വണ്ടി മരുഭൂമിയുടെ ഇരുട്ടിലേക്ക് കുതിച്ചു. അമീന്‍ മുത്താക്ക പറഞ്ഞു തന്നത് ഓരോന്ന് ഓര്‍ത്തെടുത്തു- ‘ നീ ഈടന്നു പൊറപ്പെടുമ്പോള്‍ അസീറും*,ലബനും* നിറച്ച ലോഡും വണ്ടി തെരും. അത് വിക്കാന്‍ പോണോനെപോലെ വേണം ചെക്ക്പോസ്റ്റ് കടക്കാന്‍. യെമന്‍ ബോര്‍ഡര്‍ കടന്ന് മരുഭൂമീ കൂടി അരമണിക്കൂര്‍ പോയാല് ആദ്യം കാണുന്ന ‘ഒട്ടകബോര്‍ഡി’*ന്‍റെ അടുത്തൂന്ന് മരുഭൂമിയുടെ അകത്തേക്ക് വണ്ടി തിരിക്കണം. ആടെ പാതി അസീറും,ലബനും കളയണം. പാതി ലോഡുമായി ഒരു അമ്പതുകിലോമീറ്റര്‍ അതെ ദെശേല് മുന്നോട്ട് പോയാല്‍ മൂന്ന്‍ ലൈറ്റ് തെളിഞ്ഞു നിക്കണ ഒരു കെട്ടിടം കാണാം. അതിന്‍റെ ഗേറ്റുമ്മേ ചെന്ന് അഞ്ചു തവണ ഹോണ്‍ അടിക്കണം. ഒരു ഹോണ്‍ പോലും കൂടാനോ കൊറയാനോ പാടില്ല. ഗേറ്റ് തുറന്നു വരുന്ന ആള്‍ അന്നോട് ‘ഫീ ഒനം’* ന്നു ചോദിക്കും. അയിനു നീയ് ‘മാഫീ ഒനം , ഫീ ഹലീബുല്‍ ഒനം’* ന്ന് മറുപടി പറേണം. ശെരിക്കു പഠിച്ചോട്ട വാക്കുകള്.വാക്ക് മാറിപ്പോയാ, പൊന്നെ യ്യ് തിരിച്ചു വരൂല്ല !

ഭയംപകര്‍ന്ന വാക്കുകളോടെ മുത്താക്ക തുടര്‍ന്നു.

‘ഓര് ഗേറ്റ് മുഴുക്കനെ തൊറന്നാല്‍ പിന്നെ അകത്തേക്ക് വണ്ടിയെടുക്കണം.ഗേറ്റ് അടഞ്ഞാല്‍ വീടിന്‍റെ വാതില് തൊറക്കും, നീ വണ്ടീന്ന് പൊറത്തിറങ്ങരുത്. വീടിനകത്തേക്ക് വണ്ടി ഓടിച്ചു കയറ്റണം. വീടിന്‍റെ പൊറക്‌ വാതില് തൊറക്കണത് ഒരു മണ്‍ഗുഹയിലേക്കാവും. ഒരു ഒറ്റബള്‍ബ്‌ പോസ്റ്റുംകാല് കാണുംവരെ വണ്ടി മുന്നോട്ടു തന്നെ കൊണ്ടോണം.പോസ്റ്റിന്റെ ചോട്ടില് വണ്ടി നിര്‍ത്തണം.എന്നാലും ഓര് പറേംവരെ വണ്ടീന്ന് എറങ്ങരുത്. ‘ഖാത്ത്’ ലോഡ് കേറ്റിക്കഴിഞ്ഞു മാത്രേ അവര് നിന്നെ മൂത്രം പാത്താന്‍ കൂടി വണ്ടീന്ന് പൊര്‍ത്തെയ്ക്ക് വിടൂ.’

‘അല്ലിക്കാ, വണ്ടീലെവിടാ അവര് ‘ഖാത്ത്’ നിറയ്ക്കുക.’ – ആകാംക്ഷ..... അറിയാതെ ചോദിച്ചു പോയി.

‘അദ് വണ്ടി തരുന്നോനും അവര്‍ക്കും മാത്രേ അറ്യൂ. അമീനേ, യ്യ് അതൊന്നും അറിയാന്‍ നിക്കണ്ട. ലോഡ് കേറ്റി പറഞ്ഞ സമയത്തിന് തന്നെ ചെക്ക്പോസ്റ്റും കടന്ന് വണ്ടി പറഞ്ഞെടത്ത് കൊണ്ടിട്ടാല്‍ മതി. അനക്ക് വേണ്ട പൈശ അവടെ കിട്ടും. അതും വാങ്ങി തിരിഞ്ഞു നോക്കാതെ നീ വിട്ടാല്‍ മതി.
               --------------------------------------------------------

‘നാല് കൊടക്കമ്പി എടുക്കണം. അതിങ്ങനെ ‘കംഗൂസ്’ചരട് കൊണ്ട് ചുറ്റിവരിഞ്ഞുകെട്ടിയ ശേഷം. പാതി വളച്ചു നെടുങ്കനെ മറ്റൊരു കട്ടി കംഗൂസ് കൊണ്ട് കെട്ടുക. ദാ, ഇപ്പൊ നമ്മടെ ‘തെറ്റാലി’ ശരിയായി.ഇനി ഈ മുന കൂര്‍പ്പിച്ച കൊടക്കമ്പി അമ്പായി ഇതിലില് വെച്ചു ഒറ്റ വിടലാ.... മീന്‍റെ പള്ളേല് തൊളച്ചു കേറും.’ – കുടക്കമ്പിതെറ്റാലി കാണിച്ച് സനോജ് ഇന്നലെ ആളായത് ഓര്‍ത്തു കൊണ്ടാണ് അവന്‍ ദോശ പെട്ടെന്ന് കഴിച്ചു തീര്‍ത്ത് പാതിയുണ്ടാക്കിയ പച്ചീര്‍ക്കിലികുടുക്കുമെടുത്ത് പുറത്തേയ്ക്കിറങ്ങിയത്.


ഇന്നലെയവന്‍ തെറ്റാലി വെച്ചു ഏതോ കണ്ടന്‍ പൂച്ചയുടെ കാലിനു കൊള്ളിച്ചത്രേ ! എന്തൊരു ഗമയായിരുന്നു അവന്... !

വേനലില്‍ പഞ്ചാരമണല്‍ പൊള്ളിക്കുടന്നു കിടന്നു. കല്ലേറുകൊണ്ട് ചെന പൊട്ടിയ മാങ്ങയുടെ മണം വേനലിലെ ഒരു നേര്‍ത്തകാറ്റില്‍. വീണുകിടക്കുന്ന ഞാവക്കായ് എടുക്കുവാന്‍ അവന് താല്‍പ്പര്യപ്പെട്ടില്ല. പാമ്പ് നക്കിയതാണ് അതൊക്കെയെന്നു അവന്റുമ്മ പറഞ്ഞിട്ടുണ്ട്. ഇന്ന് പിള്ളേരടെ മുന്‍പില്‍ അവന് ആളാകണം. പച്ചീര്‍ക്കിലി കുടുക്കിന്റെ ബലം ശരിയാക്കി അവന്‍ ‘നന്നാത്ത’*യുടെ വീടിന്‍റെ വേലിക്കരികിലേക്ക് നടന്നു. കൊന്നപ്പത്തല്‍ നീളെകുഴിച്ചിട്ട് അതിനിടയ്ക്ക് കാട്ടുമുല്ലയും,നാലുമണിപ്പൂച്ചെടിയുംവളര്‍ത്തി ‘നന്നാത്ത’ വീടിന്‍റെ അതിര്‍ത്തിവേലി മനോഹരമാക്കിയിരുന്നു. അവിടെയുണ്ടാവും അതെന്ന് അവനുറപ്പുണ്ട്. വൈകുന്നേരം ലത്തീഫാക്കയുടെ വീട്ടില്‍ പാല് വാങ്ങാന്‍ പോകുമ്പോള്‍ കാണാറുണ്ട് ‘നന്നാത്തയുടെ’ വേലിക്കിടയില്‍ തലപൊക്കിനില്‍ക്കുന്ന പച്ചോന്തുകളെ ! ഇന്നൊന്നിനെ കുടുക്കണം സനോജിനെക്കാള്‍ ഇന്ന് ഞെളിയണം ! ‘നന്നിമ്മയ്ക്ക്*’ ഇന്ന് ചെന്നിക്കുത്ത്ആയത് നന്നായി. മഞ്ഞള് കത്തിച്ച്, പ്ലാവില കോട്ടി അതിലൂടെ മൂക്കിലേക്ക് ആഞ്ഞുവലിച്ച് ഒരേഇരുപ്പ് ഇരിക്കും. ഇല്ലേല്‍ ഇപ്പൊ കേക്കാമായിരുന്നു ‘ അമീനേ, ഇന്ത കാത്തൂതുറനേരം പാത്ത് തനിയാ നടക്കാതടാ. ഏതാവത് പൊല്ലാപ്പൊളവയും വാങ്കീട്ടു വരാതടാ’...’ !*
               ----------------------------------------------

ലോഡ്കയറ്റി അവസാനചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ വേറെ എവിടെയും നിര്‍ത്തരുത് എന്നാണു മുത്താക്ക പറഞ്ഞത് എങ്കിലും, ശ്വാസമടക്കിയ നിമിഷങ്ങളുടെ ആശ്വാസആസ്വാദനത്തിനായി ഒരു ചൂട്ചായ കുടിക്കാന്‍ വഴിയരികിലെ ബൂഫിയയിലേക്ക് ഒതുക്കി. ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങി, നടുവിന് കൈകൊടുത്ത് ഒന്ന് ഞെളിഞ്ഞു നിവര്‍ന്നു.തൊട്ടടുത്തായി ഒരു കാര്‍ വന്ന് ബ്രേക്ക്‌ ചെയ്തു.

         --------------------------------------------------------------

നാലുമണിച്ചെടിയുടെ ഇടയില്‍ നിന്നും ഉയര്‍ന്നു നിന്നിരുന്ന ചെകിളപൊന്തിയ മന്തന്‍ കഴുത്തില്‍ കൃത്യമായും പച്ചീര്‍ക്കിലികുടുക്ക് വീണപ്പോള്‍ അവന്‍ ആഞ്ഞുവലിച്ചു !

കാറില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടലോഹകുഴലിന്റെ തിളക്കവും അതിന്‍റെ അറ്റത്ത്‌ കൗമാരകുസൃതി വിട്ടുമാറാത്ത രണ്ടു കണ്ണുകളും മാത്രം മിന്നായം പോലെ കണ്ടു. ഠേ.................. !----------------------------------------------------------------------------------------------------

*ഖാത്ത് – ഉത്തേജനം നല്‍കുന്ന ഒരിനം ഇല.
*അസീര്‍ - ജ്യൂസ്.
*ലബന്‍ - മോര്
*ഫീ ഒനം – ആട് ഉണ്ടോ ?
*മാഫീ ഒനം, ഫീ ഹലീബുല്‍ ഒനം – ആടില്ല, ആടിന്‍റെ പാലുണ്ട്.
*നന്നാത്ത – അമ്മയുടെ അച്ഛന്‍.
*നന്നീമ്മ – അമ്മയുടെ അമ്മ
* അമീനേ, ഇന്ത കാത്തൂതുറനേരം പാത്ത് തനിയാ നടക്കാതടാ. ഏതാവത് പൊല്ലാപ്പൊളവയും വാങ്കീട്ടു വരാതടാ’...’  - അമീനേ, ഈ നട്ടുച്ചനേരത്ത് ഒറ്റയ്ക്ക് നടക്കാതടാ, വല്ല അപകടങ്ങളിലും ചെന്ന് പെടാതെടാ !

27 comments:

 1. ഇരുദേശങ്ങളില്‍ രണ്ടു കാലങ്ങളില്‍ രണ്ടു ഭാഷകളില്‍ രീതികളില്‍ ഒരു മനുഷ്യന്‍.

  ഭൂതകാലത്തെ നിഷ്കളങ്കതയില്‍നിന്നും വര്‍ത്തമാനത്തിലെ നിവൃത്തികേടിലേക്ക്/അതിന്‍റെ 'എന്തിലേക്കും' എന്ന ജീവിതത്തിലേക്ക് ' മറ്റൊരു ബാല്യത്തിന്റെ കുതൂഹലം നിറഞ്ഞ നിറത്തോക്ക്.

  ഒന്നെങ്കിലും സമാന്തമായിപ്പോകുന്ന നമ്മളിലെ നമ്മളെ ഒരു ചക്രത്തിന്റെ അകവളവുകളില്‍ അപ്പുറത്തുമിപ്പുറത്തുമായി നിറുത്തിക്കുന്ന ജീവിതമെന്ന വലിയ ആശ്ചര്യം, ഇങ്ങനെയിനെത്രയെത്രയാശ്ചര്യങ്ങള്‍ കൂടുന്നതാണെന്ന് ഈ ജീവിതമാകുന്ന കലയെന്ന് പിന്നെയും പിന്നെയും കുതുകിയാക്കുന്നുണ്ട് ഇക്കഥയിലെ അവസാനത്തെ വെടിയൊച്ചയും.

  കഥക്കുള്ളിലെ കഥയെ ഞാനിങ്ങനെയൊക്കെ വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴും കഥ പറയുന്ന രീതിയില്‍ അത്ര തൃപ്തനല്ല എന്ന് വാശിയുള്ള കുട്ടിയാകുന്നു.

  ReplyDelete
 2. കഥയെഴുതിയ രീതിക്ക് കുഴപ്പമൊന്നും തോന്നിയില്ല. കഥയും ഇഷ്ടപ്പെട്ടു. പക്ഷേ വളെരെ പെട്ടെന്ന് തീര്‍ത്തുകളഞ്ഞു എന്ന് തോന്നി.

  ReplyDelete
 3. പലയിടങ്ങളിൽ സംഭവിക്കുന്ന കഥയെ ഒരു പ്രത്യേക ബിന്ദുവിലേക്ക് വളർത്തി വായനക്കാരിലേക്ക് ചോദ്യമെറിയുന്ന കഥനരീതി ഇതിനുമുമ്പും കണ്ടിട്ടുണ്ട്. നല്ല ഭാവനയും കൈയ്യടക്കവുമുള്ള കഥാകൃത്തിന് ഈ രീതിയിലൂടെ തന്റെ വായനക്കാരന് നല്ലൊരു വായനാനുഭവം നൽകാനാവും.

  ഈ കഥയിൽ കഥാകൃത്ത് നടത്തുന്ന പരീക്ഷണം വിജയിച്ചതായാണ് എനിക്കു തോന്നിയത്. പരിക്കൊന്നുമേൽക്കാതെ എത്രയും പെട്ടെന്നു കഥയിൽ നിന്ന് പുറത്തിറങ്ങണം എന്ന തിരക്കുള്ളതുപോലെ അനുഭവപ്പെട്ടു . കഥയെ കൂടുതൽ ഉലക്കാതെ നേർരേഖയിൽ ടോപ്പ് ഗിയറിലേക്ക് കഥാകൃത്ത് ഓടിച്ചുകയറ്റിയത് അതുകൊണ്ടാവാം.....

  ReplyDelete
 4. ആറ്റി കുറുക്കിയ കഥ :) എനിക്ക് ഇഷ്ടായി
  ( ഫോണ്ട് വായിക്കാന്‍ ഒരു സുഖം ഇല്ല ശരിയാക്കുമല്ലോ )

  ReplyDelete
 5. രണ്ടു ജീവിതങ്ങളിലെ കുരുക്കുകള്‍ കൊള്ളാം

  ReplyDelete
 6. This comment has been removed by the author.

  ReplyDelete

 7. നല്ല വായനാനുഭവം.....അഭിനന്ദനങ്ങൾ...

  ReplyDelete
 8. കൊള്ളാം.എഴുതുക വീണ്ടും.ആശംസകൾ!

  ReplyDelete
 9. ജീവിതവൃത്തം മനോഹരമായ അവതരണത്തിലൂടെ നല്ലൊരു വായനാനുഭവമായി .....

  ReplyDelete
 10. കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അംജത് എഴുതാതിരിക്കരുത് എന്നാണ് എന്റെ സ്നേഹപൂര്‍വമായ “ആജ്ഞ”!

  ReplyDelete
 11. വിഭിന്നമായ രണ്ടു സാഹചര്യങ്ങളിൽ കൂടി കഥ പറയാനുള്ള ശ്രമം വിജയിച്ചു എന്ന് തന്നെ പറയാം .

  എല്ലാ ഭാവുകങ്ങളും .

  ( ഖാത്തിനെ പറ്റി ആദ്യമാണ് കേൾക്കുന്നത് )

  ReplyDelete
 12. വായനാസുഖമുള്ള കഥയാണ്‌.പക്ഷെ ഒരുപാട് ദുരൂഹതകള്‍ ഒളിപ്പിച്ച അനുഭവം.ഇത്തരം കഥകളോട് അത്ര ഇഷ്ട്ടം ഇല്ല.

  ആശംസകള്‍.

  ReplyDelete
 13. വൃത്തം നല്ലൊരു വായനാനുഭവമായി....

  ReplyDelete
 14. നായാട്ടും നായാട്ടുകാരനും ദുരൂഹം ...., കഥ ഇഷ്ട്ടപ്പെട്ടു....

  ReplyDelete
 15. അവതരണ രീതി നന്നായിട്ടുണ്ട് .. !

  രണ്ടു തവണ വായിക്കേണ്ടി വന്നു ( പാവം ഞാന്‍ )

  ReplyDelete
 16. കഥ ഇഷ്ടപ്പെട്ടു...

  ReplyDelete
 17. കഥ ഇഷ്ടപ്പെട്ടു ..
  പറഞ്ഞ രീതിയും ..
  എന്നാലും എന്തോ ..

  ReplyDelete
 18. കഥ ഇഷ്ടപ്പെട്ടു.

  രണ്ട് ജീവിതപരിസരങ്ങൾ. ഒരേ അന്തർധാര. വിശപ്പ്, നിസ്സഹായത, ഇരകൾ. പക്ഷേ അവസാനത്തെ വേട്ടയാടൽ മാത്രം വ്യത്യസ്തമായില്ലേ എന്നു സംശയം - രണ്ടാമത്തെ ഇരയാക്കപ്പെടലിൽ, കള്ളക്കടത്തിന്റെ പശ്ചാത്തലമുള്ളതുകൊണ്ട്, അതൊരു ശിക്ഷണം കൂടിയാവുന്നില്ലേ എന്ന്.

  ReplyDelete
 19. രണ്ടു കഥകളിലെയും കാല ഭാവ പരിസരങ്ങളുടെ മതിൽക്കെട്ടുകളെ അപ്രതീക്ഷിതം എന്ന അവസ്ഥയിലേയ്ക്ക് തള്ളി ഏകീകരിച്ച രീതി ഇഷ്ടപ്പെട്ടു. വൃത്തം അങ്ങിനെയുമാകാം. വ്യത്യസ്ത ബിന്ദുക്കളായി, ഒരേ പാതയിൽ, ഒരേ രീതിയിൽ ..

  ReplyDelete
 20. രണ്ടു ജീവിതം ... രണ്ടു കാലം .... പതിവിനു വിപരീതമായ വായനാനുഭവത്തിനു നന്ദി.... :) <3

  ReplyDelete
 21. ഞാന്‍ വായിച്ചു.
  ഒന്നും പറയാന്‍ കിട്ട്ണ്‌ല്യ.

  ReplyDelete
 22. കഥാ പരീക്ഷണം ഭ്രാന്ത വിജയം....കല്ലുരുട്ടി മാത്രം നടന്നാ പോരാ ഭ്രാന്താ ..ഇങ്ങനെ ഒക്കെ എഴുതണം!!!

  ReplyDelete
 23. ഇതെന്തുട്ട് കഥ . സത്യത്തില്‍ നീയെന്താ ഉദ്ദേശിച്ചത് അംജിത്ത് .സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......