Friday 29 January 2016

മുറിവിടങ്ങള്‍

‘അന്നു നാം അവരുടെ വായകള്‍ക്ക് മുദ്രവെയ്ക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്.’ ( വിശുദ്ധ ഖുറാന്‍ )





ഈ സര്‍ക്കാര്‍ ആശുപത്രിയുടെ അഴുക്കു നിറഞ്ഞ പിന്‍ഭാഗത്ത് എന്നെ ഒരു തെരുവുനായ കടിച്ചു വലിക്കുകയാണ്‌. കുറച്ചു നേരങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ വെറും എല്ലിന്‍കഷണങ്ങള്‍ മാത്രമായ് മാറും.  പാവം എന്‍റെ ബഷീര്‍. അവന്‍റെ സ്ഥിതി എന്താണോ എന്തോ. നിങ്ങള്‍ അവനെ ഒന്ന്‍  അന്വേഷിക്കണേ !

ബഷീറിന്റെ കാലുകള്‍ എന്ന നിലയില്‍ എന്‍റെ ഓര്‍മ്മ ആരംഭിക്കുന്നത് സൈക്കിള്‍ പെഡലിലാണ് അവനെന്നെ പെഡലിനുമുകളില്‍ ആഞ്ഞുന്തി ആഞ്ഞുന്തി സൈക്കിള്‍ മുന്നോട്ടു ഓടിച്ചു പഠിച്ചു. അതില്‍ പിന്നെ എന്‍റെ ഓര്‍മ്മകള്‍ എന്നും പെഡലിനുമുകളിലെ ആയം മാത്രമാണ്.

സൈക്കിളിനു പിന്നിലെ കാരിയറില്‍ അട്ടിയായി അടുക്കി വെച്ചിരിക്കുന്ന പുത്തന്‍ ഹവായ്ചെരുപ്പുകളുടെ ഭാരം. പുത്തന്‍ റബ്ബറിന്റെ മണം ! ബഷീറിന് ആ മണം ജീവിതമായിരുന്നു. ഹവായ് ചെരുപ്പുകള്‍ അന്നൊക്കെ പരിഷ്ക്കാരത്തിന്റെ മറ്റൊരു ‘കാലടയാളം’ ആയിരുന്നു. എണ്ണം പറഞ്ഞ കെട്ടുകള്‍ കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന ചെരുപ്പുകടകളില്‍ എത്തിക്കുകയായിരുന്നു ബഷീറിന്റെ ജോലി.

വെളുപ്പിന് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭാര്യ ബീവാത്തു ഉച്ചയ്ക്കുള്ളത്‌, ( മിക്കവാറും കഞ്ഞിയും ചമ്മന്തിയും ഉണക്കമീനുമാകും) ഒരു അലുമിനിയം  തൂക്കുപാത്രത്തില്‍ തയ്യാറാക്കി നല്‍കും. പിന്നീട് സൈക്കിള്‍ പെഡലും ബഷീറിന്റെ കാലുകളും പലതരം നിരത്തുകള്‍ നിരങ്ങിക്കടക്കുകയായി ! നന്നായി  ഇരുട്ട് വീഴുമ്പോഴാകും ഞങ്ങളുടെ  വീട്ടിലേക്കുള്ള യാത്ര. അതായിരുന്നു ഞങ്ങളുടെ ഒരുദിവസം.  എല്ലാദിവസങ്ങളും അതുപോലെ തന്നെ മാറ്റങ്ങള്‍ ഏതുമില്ലാതെയും.
ബഷീറിന് മൂന്ന്‍ ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ്. ബഷീറിന്റെ സ്വകാര്യ ദുഃഖവും സന്തോഷവും അവര്‍ ആയിരുന്നു !
പരമ്പരയായി തുടരുന്ന ഒരു ശാപരോഗം ബഷീറിന്റെ ആണ്‍മക്കളെ അലട്ടിയിരുന്നു. ആദ്യം മൂത്തവനും പിന്നീട് ഇളയവനും അത്  ബാധിച്ചിരുന്നു – ഭ്രാന്ത്  !

ഒരു ഉച്ചസമയത്ത് ആളൊഴിഞ്ഞ  മക്കാനിപ്പറമ്പിലെ ( മുസ്ലീം സെമിത്തേരി ) വലിയ പുളിമരത്തില്‍ പുളി പറിക്കാന്‍ കയറിയതാണ് മൂത്തമകന്‍ ശുക്കൂര്‍. പേടിച്ചു നിലവിളിച്ചുകൊണ്ട് താഴേക്കുചാടിയ അവന്‍   പിന്നീട് ഷോക്ക്ട്രീറ്റ്മെന്റും ഞരമ്പ് തളര്‍ത്തുന്ന മരുന്നുകളുമായി ഇരുട്ടുമുറിയില്‍ കഴിയുന്നു. അവനിപ്പോള്‍ ഭയമാണ് മനസ്സുനിറയെ – ഇരുട്ടും !

രണ്ടാമത്തവന്‍ കടയില്‍ സാധനം വാങ്ങാന്‍ പോയതാണ്. വഴിതെറ്റിപ്പോയ ഷമീറിനെ രണ്ടാഴ്ച്ച കഴിഞ്ഞ് തിരിച്ചുകിട്ടുമ്പോള്‍ ശൂന്യതയിലേക്ക് കണ്ണയച്ച് ഉരിയാട്ടമില്ലാത്ത ഒരുവനായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോഴുമവന്‍ വേനല്‍ക്കാറ്റില്‍ തൂക്കിയെറിയപ്പെട്ട കരിയിലപോലെ ഇടയ്ക്കിടയ്ക്ക്  ലക്ഷ്യമില്ലാതലയുന്നു.
പെഡല്‍ ആഞ്ഞുചവിട്ടി നീങ്ങിയും കടം വാങ്ങിച്ചും മൂത്തമകളെ കല്ല്യാണം കഴിച്ചയച്ചു. മാര്‍ക്കെറ്റിലെ ചുമട്ടുകാരനാണ് മരുമകന്‍. നല്ല ഗുണങ്ങളെക്കാള്‍ ചീത്തഗുണങ്ങളാണ് അവന് കൂട്ട്. കുടുംബത്തിനു യാതൊരു ശല്യവുമില്ലെന്നപോലെ യാതൊരു ഉപകാരവും അവനെക്കൊണ്ടില്ല എന്നതാണ് ഏക ആശ്വാസം !

രണ്ടാമത്തെ മകള്‍ക്ക്  ആലോചനകള്‍ വന്നപ്പോള്‍ ബഷീര്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു. കയ്യില്‍ കാശില്ല. ഹവായി ചെരുപ്പുകളുടെ പരിഷ്ക്കാര സ്വഭാവം മാറിപ്പോയിരുന്നു. ലെതര്‍ ഘോവാഡീസ് ചെരുപ്പുകളും കോലാപ്പുരിചെരുപ്പുകളും റബ്ബര്‍ ചെരുപ്പിനെ അപരിഷ്കൃതനാക്കിതുടങ്ങിയിരുന്ന കാലം !
ബന്ധുക്കളില്‍ ഒരാള്‍  തമിഴ്നാട്ടില്‍ നിന്നും ഒരു ആലോചന കൊണ്ട് വന്നു.പയ്യന് തുണിക്കച്ചവടമാണ്. നാഗര്‍കോവിലാണ് സ്വദേശം. തികഞ്ഞ ഈമാന്‍ ഉള്ളവന്‍. രണ്ടാംകെട്ടാണ്, സ്ത്രീധനം ഒന്നും ആവശ്യമില്ല. ആ അവസ്ഥയില്‍ ബഷീറിന് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. ആ വിവാഹം നടന്നു. ആദ്യമൊക്കെ  അടുത്തൊരു വാടകവീട്ടില്‍ ഇളയമകളും മരുമകനും താമസിച്ചു, അവന്‍റെ തുണിക്കച്ചവടം പൊടിപൊടിച്ചു. ഒരുനാള്‍ കച്ചവടം പൊളിഞ്ഞ അവന്‍ ആരോടും പറയാതെ മകളേയും കൊണ്ട് തമിഴ്നാട്ടിലേക്ക് പോയി. പിന്നീട് അവരുടെ ഒരു വിവരവുമില്ല. പോലീസില്‍ പരാതികൊടുക്കുവാന്‍ ബഷീര്‍ തുനിഞ്ഞില്ല. പെഡല്‍ ചവിട്ടു നിന്നാല്‍ വീട്ടില്‍ കഞ്ഞികുടിമാത്രമല്ല മുട്ടുക - ശുക്കൂറിനും, ഷമീറിനുമുളള മരുന്നുകള്‍ കൂടി മാസപ്പട്ടികയില്‍ ഉണ്ട് !

ആകെ  ആശ്വാസം മൂന്നാമത്തവന്‍ റഷീദ് ആയിരുന്നു. അവന്‍ പത്താംതരം പാസ്സായപ്പോള്‍, കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം വാങ്ങിയും കാലുപിടിച്ചും ഒരു വിസ ഒപ്പിച്ച് ഗള്‍ഫിലേക്ക് അയച്ചു. ഇനി ഈ കാലിനല്‍പ്പം വിശ്രമിക്കാമെന്ന് ബഷീര്‍ ദീര്‍ഘനിശ്വാസത്തോടൊപ്പം പുലമ്പിയിരുന്നു. പക്ഷേ, അധികനാള്‍ നീണ്ടില്ല. അറബിയുടെ മകളില്‍ പ്രേമം ഉണര്‍ന്ന റഷീദിനെ അവര്‍ പിടിച്ചുകെട്ടി മര്‍ദ്ദിച്ചു. പിന്നീട് ഏതോ മരുന്ന് കലക്കിയ ഒട്ടകപ്പാല്‍ കുടിപ്പിച്ച് തിരിച്ചു കയറ്റി വിട്ടു. ഗള്‍ഫിലെ ഒരു ബന്ധു വിളിച്ചുപറഞ്ഞതിന്‍ പ്രകാരം വിവരമറിഞ്ഞ് എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ കാണുന്നത് സ്ഥലകാലബോധമില്ലാതെ പിച്ചുംപേയും പുലമ്പുന്ന റഷീദിനെ  ! പരമ്പര ശാപം മൂന്നു മക്കളെയും വെറുതെ വിട്ടില്ലാ !

വീണ്ടും പെഡലിലേക്ക് പൂര്‍വ്വാധികം ശക്തിയാല്‍ ആഞ്ഞു ചവിട്ടേണ്ടി വന്നു എനിക്ക് ! ഒരിക്കല്‍ ആഞ്ഞുന്തിവലിഞ്ഞപ്പോള്‍ പെഡലില്‍ നിന്നും ഞാന്‍ തെന്നിമാറി. ‘അള്ളോഹ്’ ബഷീറിന്റെ ഉറക്കെയുള്ള  നിലവിളികേട്ടു. പെഡലിന്റെ അറ്റത്തെ ലോഹപ്പൊതിയില്‍ ഉരഞ്ഞുകീറി എന്നില്‍ നല്ലൊരു മുറിവുണ്ടായിരിക്കുന്നു.
‘റെസ്റ്റ് എടുത്തോ ബഷീറേ, അല്ലേല്‍ തന്നെ ഇപ്പോള്‍ റബ്ബര്‍ ചെരുപ്പുകളുടെ കാലം കഴിഞ്ഞു. ഇപ്പോഴെല്ലാവരും കക്കൂസില്‍ ഇടാനാണ് അത്  ഉപയോഗിക്കുന്നത്. അതും ഇപ്പോള്‍ ചൈനയില്‍ നിന്നും ധാരാളം വരുന്നുണ്ട്. നീ എന്‍റെ തുടക്കം മുതലുള്ള പണിക്കാരന്‍ ആയതുകൊണ്ടും   ചില സ്ഥിരം കടക്കാര്‍ ഓര്‍ഡര്‍ തരുന്നത് കൊണ്ടും മാത്രമാണ് ഞാനിത്  തുടര്‍ന്ന് പോകുന്നത്. പഴേ ലാഭമൊന്നും ഇല്ലാന്ന്‍ നിനക്കറിയാമല്ലോ ‘
കുറച്ചു പണം കയ്യില്‍ നല്‍കിക്കൊണ്ട് ബഷീറിന്റെ  മുതലാളി തിരിച്ചു നടന്നു. ഞാനപ്പോള്‍ പ്ലാസ്റ്റിക് പൊട്ടിപ്പോയ കുട്ടക്കസേരയില്‍ നീണ്ടു നിവര്‍ന്ന്‍ വിശ്രമിക്കുകയായിരുന്നു. ഒരുപാട് നാളുകള്‍ക്കുശേഷമായിരുന്നു അങ്ങനൊരു വിശ്രമം. പക്ഷേ, ബഷീര്‍ അതിനെന്നെ അനുവദിച്ചില്ല. മൂന്നാംനാള്‍ വീണ്ടും പെഡലിന്‍ പുറത്തേയ്ക്ക് !

ഒരുമാസം കഴിഞ്ഞപ്പോള്‍ എന്‍റെ ‘മുറിവിടം’ വീണ്ടും വീര്‍ത്തുപൊന്തി പഴുത്തു. കാശിന്‍റെ ബുദ്ധിമുട്ടിനാലാകാം ബഷീര്‍ ആശുപത്രിയില്‍ പോയില്ല. പകരം എന്തോ നാട്ടുമരുന്നു മുറിവില്‍ പുരട്ടി പെഡല്‍ ചവിട്ടല്‍ തുടര്‍ന്ന്.

ഭ്രാന്ത് മൂത്ത ശുക്കൂറിനേയും  , റഷീദിനേയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷമീറിനെ വീണ്ടും കാണാതായി. ബീവാത്തുമാത്രം രാത്രിയില്‍ ബഷീര്‍ ഉറങ്ങിയതിനു ശേഷം ശബ്ദമില്ലാതെ  കരഞ്ഞു.
വേദന മുട്ടിലേക്കും തുടര്‍ന്ന്‍ മുകളിലേക്കും പടര്‍ന്നപ്പോഴാണ് ബന്ധുവിന്‍റെയും മുതലാളിയുടേയും നിര്‍ബന്ധപ്രകാരം ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ബഷീര്‍ എന്നെയും കൊണ്ടെത്തുന്നത്.
‘ പഴുപ്പ് വല്ലാതെ കയറിപ്പോയ്. ഇദ്ദേഹത്തിന് ഷുഗറും ഉണ്ട്. മുറിവിനി ഉണങ്ങാന്‍ സാദ്ധ്യതയില്ല. മുട്ടിനു താഴെ മുറിച്ചുമാറ്റിയാല്‍ ഒരു പക്ഷേ ഇദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാം.’
ദാക്ഷിണ്യം തെല്ലുമില്ലാതെ ഡോക്ടര്‍ പറഞ്ഞു.

ഒരു നിമിഷം കൂട്ടരേ,  ഈ നായ എന്നെ തിന്നു തീരാറായിരിക്കുന്നു. ബഷീറിന്റെ ജീവിതത്തില്‍ ഞാന്‍ സാക്ഷിയായിട്ടുള്ള കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഞാന്‍ അവന്‍റെ ദേഹത്ത് നിന്നും എന്നെന്നേക്കുമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു. മനുഷ്യശരീരത്തില്‍ അവന്‍റെ അന്ത്യം വരെ ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ് ഞങ്ങളാകുന്ന അവയവങ്ങള്‍ക്ക് ബഹുമാനം. ഇടയ്ക്ക് വെച്ച്  മുറിച്ചിടപ്പെട്ടാല്‍ പിന്നെ ഞങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഞങ്ങളുടെ മരണാനന്തര സംസ്ക്കാരം യോജിക്കും വിധം നിങ്ങള്‍ ചെയ്യാറുണ്ടോ ? സര്‍ക്കാരാശുപത്രിയുടെ പിന്നാമ്പുറത്ത് ഈ മാലിന്യക്കൂമ്പാരത്തില്‍ ഞാനെങ്ങനെ എത്തപ്പെട്ടു എന്നതെനിക്ക് അജ്ഞാതമാണ്.

നിങ്ങളെന്‍റെ ബഷീറിന്റെ തുടര്‍ ജീവിതം എങ്ങനെയെന്ന്‍ ഒന്ന്‍ അന്വേഷിക്കുമോ ? 


5 comments:

  1. Nalla othukkam
    Kayyadakkam
    Valare clear aaya kadha ... Bst one
    Honestly!!!

    ReplyDelete
  2. Nalla othukkam
    Kayyadakkam
    Valare clear aaya kadha ... Bst one
    Honestly!!!

    ReplyDelete
  3. പെട്ടെന്ന് അറുത്തുമാറ്റാനാകാത്ത അവയവങ്ങൾ!!

    ReplyDelete
  4. കഥ കുഴപ്പമില്ല.. പക്ഷെ മികച്ചതായില്ല.. കഥ പറച്ചിലിന്‍റെ തുടക്കവും ഒടുക്കവും നന്നായി.. വായനാസുഖം ഉണ്ട്..

    ReplyDelete
  5. ഒന്ന് തിരുത്തി എഴുതിയിരുന്നെങ്കിൽ.....
    ഒന്ന് ആരെങ്കിലും ശക്തമായി വിമർശിച്ചെങ്കിൽ ...
    ഭ്രാന്തൻ ഉണർന്നേനെ..

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......