Friday 29 January 2016

മുറിവിടങ്ങള്‍

‘അന്നു നാം അവരുടെ വായകള്‍ക്ക് മുദ്രവെയ്ക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്.’ ( വിശുദ്ധ ഖുറാന്‍ )





ഈ സര്‍ക്കാര്‍ ആശുപത്രിയുടെ അഴുക്കു നിറഞ്ഞ പിന്‍ഭാഗത്ത് എന്നെ ഒരു തെരുവുനായ കടിച്ചു വലിക്കുകയാണ്‌. കുറച്ചു നേരങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ വെറും എല്ലിന്‍കഷണങ്ങള്‍ മാത്രമായ് മാറും.  പാവം എന്‍റെ ബഷീര്‍. അവന്‍റെ സ്ഥിതി എന്താണോ എന്തോ. നിങ്ങള്‍ അവനെ ഒന്ന്‍  അന്വേഷിക്കണേ !

ബഷീറിന്റെ കാലുകള്‍ എന്ന നിലയില്‍ എന്‍റെ ഓര്‍മ്മ ആരംഭിക്കുന്നത് സൈക്കിള്‍ പെഡലിലാണ് അവനെന്നെ പെഡലിനുമുകളില്‍ ആഞ്ഞുന്തി ആഞ്ഞുന്തി സൈക്കിള്‍ മുന്നോട്ടു ഓടിച്ചു പഠിച്ചു. അതില്‍ പിന്നെ എന്‍റെ ഓര്‍മ്മകള്‍ എന്നും പെഡലിനുമുകളിലെ ആയം മാത്രമാണ്.

സൈക്കിളിനു പിന്നിലെ കാരിയറില്‍ അട്ടിയായി അടുക്കി വെച്ചിരിക്കുന്ന പുത്തന്‍ ഹവായ്ചെരുപ്പുകളുടെ ഭാരം. പുത്തന്‍ റബ്ബറിന്റെ മണം ! ബഷീറിന് ആ മണം ജീവിതമായിരുന്നു. ഹവായ് ചെരുപ്പുകള്‍ അന്നൊക്കെ പരിഷ്ക്കാരത്തിന്റെ മറ്റൊരു ‘കാലടയാളം’ ആയിരുന്നു. എണ്ണം പറഞ്ഞ കെട്ടുകള്‍ കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന ചെരുപ്പുകടകളില്‍ എത്തിക്കുകയായിരുന്നു ബഷീറിന്റെ ജോലി.

വെളുപ്പിന് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭാര്യ ബീവാത്തു ഉച്ചയ്ക്കുള്ളത്‌, ( മിക്കവാറും കഞ്ഞിയും ചമ്മന്തിയും ഉണക്കമീനുമാകും) ഒരു അലുമിനിയം  തൂക്കുപാത്രത്തില്‍ തയ്യാറാക്കി നല്‍കും. പിന്നീട് സൈക്കിള്‍ പെഡലും ബഷീറിന്റെ കാലുകളും പലതരം നിരത്തുകള്‍ നിരങ്ങിക്കടക്കുകയായി ! നന്നായി  ഇരുട്ട് വീഴുമ്പോഴാകും ഞങ്ങളുടെ  വീട്ടിലേക്കുള്ള യാത്ര. അതായിരുന്നു ഞങ്ങളുടെ ഒരുദിവസം.  എല്ലാദിവസങ്ങളും അതുപോലെ തന്നെ മാറ്റങ്ങള്‍ ഏതുമില്ലാതെയും.
ബഷീറിന് മൂന്ന്‍ ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ്. ബഷീറിന്റെ സ്വകാര്യ ദുഃഖവും സന്തോഷവും അവര്‍ ആയിരുന്നു !
പരമ്പരയായി തുടരുന്ന ഒരു ശാപരോഗം ബഷീറിന്റെ ആണ്‍മക്കളെ അലട്ടിയിരുന്നു. ആദ്യം മൂത്തവനും പിന്നീട് ഇളയവനും അത്  ബാധിച്ചിരുന്നു – ഭ്രാന്ത്  !

ഒരു ഉച്ചസമയത്ത് ആളൊഴിഞ്ഞ  മക്കാനിപ്പറമ്പിലെ ( മുസ്ലീം സെമിത്തേരി ) വലിയ പുളിമരത്തില്‍ പുളി പറിക്കാന്‍ കയറിയതാണ് മൂത്തമകന്‍ ശുക്കൂര്‍. പേടിച്ചു നിലവിളിച്ചുകൊണ്ട് താഴേക്കുചാടിയ അവന്‍   പിന്നീട് ഷോക്ക്ട്രീറ്റ്മെന്റും ഞരമ്പ് തളര്‍ത്തുന്ന മരുന്നുകളുമായി ഇരുട്ടുമുറിയില്‍ കഴിയുന്നു. അവനിപ്പോള്‍ ഭയമാണ് മനസ്സുനിറയെ – ഇരുട്ടും !

രണ്ടാമത്തവന്‍ കടയില്‍ സാധനം വാങ്ങാന്‍ പോയതാണ്. വഴിതെറ്റിപ്പോയ ഷമീറിനെ രണ്ടാഴ്ച്ച കഴിഞ്ഞ് തിരിച്ചുകിട്ടുമ്പോള്‍ ശൂന്യതയിലേക്ക് കണ്ണയച്ച് ഉരിയാട്ടമില്ലാത്ത ഒരുവനായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോഴുമവന്‍ വേനല്‍ക്കാറ്റില്‍ തൂക്കിയെറിയപ്പെട്ട കരിയിലപോലെ ഇടയ്ക്കിടയ്ക്ക്  ലക്ഷ്യമില്ലാതലയുന്നു.
പെഡല്‍ ആഞ്ഞുചവിട്ടി നീങ്ങിയും കടം വാങ്ങിച്ചും മൂത്തമകളെ കല്ല്യാണം കഴിച്ചയച്ചു. മാര്‍ക്കെറ്റിലെ ചുമട്ടുകാരനാണ് മരുമകന്‍. നല്ല ഗുണങ്ങളെക്കാള്‍ ചീത്തഗുണങ്ങളാണ് അവന് കൂട്ട്. കുടുംബത്തിനു യാതൊരു ശല്യവുമില്ലെന്നപോലെ യാതൊരു ഉപകാരവും അവനെക്കൊണ്ടില്ല എന്നതാണ് ഏക ആശ്വാസം !

രണ്ടാമത്തെ മകള്‍ക്ക്  ആലോചനകള്‍ വന്നപ്പോള്‍ ബഷീര്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു. കയ്യില്‍ കാശില്ല. ഹവായി ചെരുപ്പുകളുടെ പരിഷ്ക്കാര സ്വഭാവം മാറിപ്പോയിരുന്നു. ലെതര്‍ ഘോവാഡീസ് ചെരുപ്പുകളും കോലാപ്പുരിചെരുപ്പുകളും റബ്ബര്‍ ചെരുപ്പിനെ അപരിഷ്കൃതനാക്കിതുടങ്ങിയിരുന്ന കാലം !
ബന്ധുക്കളില്‍ ഒരാള്‍  തമിഴ്നാട്ടില്‍ നിന്നും ഒരു ആലോചന കൊണ്ട് വന്നു.പയ്യന് തുണിക്കച്ചവടമാണ്. നാഗര്‍കോവിലാണ് സ്വദേശം. തികഞ്ഞ ഈമാന്‍ ഉള്ളവന്‍. രണ്ടാംകെട്ടാണ്, സ്ത്രീധനം ഒന്നും ആവശ്യമില്ല. ആ അവസ്ഥയില്‍ ബഷീറിന് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. ആ വിവാഹം നടന്നു. ആദ്യമൊക്കെ  അടുത്തൊരു വാടകവീട്ടില്‍ ഇളയമകളും മരുമകനും താമസിച്ചു, അവന്‍റെ തുണിക്കച്ചവടം പൊടിപൊടിച്ചു. ഒരുനാള്‍ കച്ചവടം പൊളിഞ്ഞ അവന്‍ ആരോടും പറയാതെ മകളേയും കൊണ്ട് തമിഴ്നാട്ടിലേക്ക് പോയി. പിന്നീട് അവരുടെ ഒരു വിവരവുമില്ല. പോലീസില്‍ പരാതികൊടുക്കുവാന്‍ ബഷീര്‍ തുനിഞ്ഞില്ല. പെഡല്‍ ചവിട്ടു നിന്നാല്‍ വീട്ടില്‍ കഞ്ഞികുടിമാത്രമല്ല മുട്ടുക - ശുക്കൂറിനും, ഷമീറിനുമുളള മരുന്നുകള്‍ കൂടി മാസപ്പട്ടികയില്‍ ഉണ്ട് !

ആകെ  ആശ്വാസം മൂന്നാമത്തവന്‍ റഷീദ് ആയിരുന്നു. അവന്‍ പത്താംതരം പാസ്സായപ്പോള്‍, കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം വാങ്ങിയും കാലുപിടിച്ചും ഒരു വിസ ഒപ്പിച്ച് ഗള്‍ഫിലേക്ക് അയച്ചു. ഇനി ഈ കാലിനല്‍പ്പം വിശ്രമിക്കാമെന്ന് ബഷീര്‍ ദീര്‍ഘനിശ്വാസത്തോടൊപ്പം പുലമ്പിയിരുന്നു. പക്ഷേ, അധികനാള്‍ നീണ്ടില്ല. അറബിയുടെ മകളില്‍ പ്രേമം ഉണര്‍ന്ന റഷീദിനെ അവര്‍ പിടിച്ചുകെട്ടി മര്‍ദ്ദിച്ചു. പിന്നീട് ഏതോ മരുന്ന് കലക്കിയ ഒട്ടകപ്പാല്‍ കുടിപ്പിച്ച് തിരിച്ചു കയറ്റി വിട്ടു. ഗള്‍ഫിലെ ഒരു ബന്ധു വിളിച്ചുപറഞ്ഞതിന്‍ പ്രകാരം വിവരമറിഞ്ഞ് എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ കാണുന്നത് സ്ഥലകാലബോധമില്ലാതെ പിച്ചുംപേയും പുലമ്പുന്ന റഷീദിനെ  ! പരമ്പര ശാപം മൂന്നു മക്കളെയും വെറുതെ വിട്ടില്ലാ !

വീണ്ടും പെഡലിലേക്ക് പൂര്‍വ്വാധികം ശക്തിയാല്‍ ആഞ്ഞു ചവിട്ടേണ്ടി വന്നു എനിക്ക് ! ഒരിക്കല്‍ ആഞ്ഞുന്തിവലിഞ്ഞപ്പോള്‍ പെഡലില്‍ നിന്നും ഞാന്‍ തെന്നിമാറി. ‘അള്ളോഹ്’ ബഷീറിന്റെ ഉറക്കെയുള്ള  നിലവിളികേട്ടു. പെഡലിന്റെ അറ്റത്തെ ലോഹപ്പൊതിയില്‍ ഉരഞ്ഞുകീറി എന്നില്‍ നല്ലൊരു മുറിവുണ്ടായിരിക്കുന്നു.
‘റെസ്റ്റ് എടുത്തോ ബഷീറേ, അല്ലേല്‍ തന്നെ ഇപ്പോള്‍ റബ്ബര്‍ ചെരുപ്പുകളുടെ കാലം കഴിഞ്ഞു. ഇപ്പോഴെല്ലാവരും കക്കൂസില്‍ ഇടാനാണ് അത്  ഉപയോഗിക്കുന്നത്. അതും ഇപ്പോള്‍ ചൈനയില്‍ നിന്നും ധാരാളം വരുന്നുണ്ട്. നീ എന്‍റെ തുടക്കം മുതലുള്ള പണിക്കാരന്‍ ആയതുകൊണ്ടും   ചില സ്ഥിരം കടക്കാര്‍ ഓര്‍ഡര്‍ തരുന്നത് കൊണ്ടും മാത്രമാണ് ഞാനിത്  തുടര്‍ന്ന് പോകുന്നത്. പഴേ ലാഭമൊന്നും ഇല്ലാന്ന്‍ നിനക്കറിയാമല്ലോ ‘
കുറച്ചു പണം കയ്യില്‍ നല്‍കിക്കൊണ്ട് ബഷീറിന്റെ  മുതലാളി തിരിച്ചു നടന്നു. ഞാനപ്പോള്‍ പ്ലാസ്റ്റിക് പൊട്ടിപ്പോയ കുട്ടക്കസേരയില്‍ നീണ്ടു നിവര്‍ന്ന്‍ വിശ്രമിക്കുകയായിരുന്നു. ഒരുപാട് നാളുകള്‍ക്കുശേഷമായിരുന്നു അങ്ങനൊരു വിശ്രമം. പക്ഷേ, ബഷീര്‍ അതിനെന്നെ അനുവദിച്ചില്ല. മൂന്നാംനാള്‍ വീണ്ടും പെഡലിന്‍ പുറത്തേയ്ക്ക് !

ഒരുമാസം കഴിഞ്ഞപ്പോള്‍ എന്‍റെ ‘മുറിവിടം’ വീണ്ടും വീര്‍ത്തുപൊന്തി പഴുത്തു. കാശിന്‍റെ ബുദ്ധിമുട്ടിനാലാകാം ബഷീര്‍ ആശുപത്രിയില്‍ പോയില്ല. പകരം എന്തോ നാട്ടുമരുന്നു മുറിവില്‍ പുരട്ടി പെഡല്‍ ചവിട്ടല്‍ തുടര്‍ന്ന്.

ഭ്രാന്ത് മൂത്ത ശുക്കൂറിനേയും  , റഷീദിനേയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷമീറിനെ വീണ്ടും കാണാതായി. ബീവാത്തുമാത്രം രാത്രിയില്‍ ബഷീര്‍ ഉറങ്ങിയതിനു ശേഷം ശബ്ദമില്ലാതെ  കരഞ്ഞു.
വേദന മുട്ടിലേക്കും തുടര്‍ന്ന്‍ മുകളിലേക്കും പടര്‍ന്നപ്പോഴാണ് ബന്ധുവിന്‍റെയും മുതലാളിയുടേയും നിര്‍ബന്ധപ്രകാരം ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ബഷീര്‍ എന്നെയും കൊണ്ടെത്തുന്നത്.
‘ പഴുപ്പ് വല്ലാതെ കയറിപ്പോയ്. ഇദ്ദേഹത്തിന് ഷുഗറും ഉണ്ട്. മുറിവിനി ഉണങ്ങാന്‍ സാദ്ധ്യതയില്ല. മുട്ടിനു താഴെ മുറിച്ചുമാറ്റിയാല്‍ ഒരു പക്ഷേ ഇദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാം.’
ദാക്ഷിണ്യം തെല്ലുമില്ലാതെ ഡോക്ടര്‍ പറഞ്ഞു.

ഒരു നിമിഷം കൂട്ടരേ,  ഈ നായ എന്നെ തിന്നു തീരാറായിരിക്കുന്നു. ബഷീറിന്റെ ജീവിതത്തില്‍ ഞാന്‍ സാക്ഷിയായിട്ടുള്ള കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഞാന്‍ അവന്‍റെ ദേഹത്ത് നിന്നും എന്നെന്നേക്കുമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു. മനുഷ്യശരീരത്തില്‍ അവന്‍റെ അന്ത്യം വരെ ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ് ഞങ്ങളാകുന്ന അവയവങ്ങള്‍ക്ക് ബഹുമാനം. ഇടയ്ക്ക് വെച്ച്  മുറിച്ചിടപ്പെട്ടാല്‍ പിന്നെ ഞങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഞങ്ങളുടെ മരണാനന്തര സംസ്ക്കാരം യോജിക്കും വിധം നിങ്ങള്‍ ചെയ്യാറുണ്ടോ ? സര്‍ക്കാരാശുപത്രിയുടെ പിന്നാമ്പുറത്ത് ഈ മാലിന്യക്കൂമ്പാരത്തില്‍ ഞാനെങ്ങനെ എത്തപ്പെട്ടു എന്നതെനിക്ക് അജ്ഞാതമാണ്.

നിങ്ങളെന്‍റെ ബഷീറിന്റെ തുടര്‍ ജീവിതം എങ്ങനെയെന്ന്‍ ഒന്ന്‍ അന്വേഷിക്കുമോ ? 


Thursday 14 May 2015

മുത്തശ്ശിക്കഥ.

''പണ്ട് പണ്ട് പണ്ട് .... പണ്ടെന്നു  പറഞ്ഞാല്‍ വളരെ  പണ്ട് ...............  "


Saturday 30 August 2014

വൃത്തം.

പച്ചീര്‍ക്കിലി തുഞ്ചത്ത് കുടുക്ക് ഒരുക്കുമ്പോഴാണ് അവനെ ഉമ്മ വിളിക്കുന്നത്‌. നാശം ! ഇപ്പൊ കയ്യേലൊരു വലിയ തൂക്കുപാത്രം തരും. പിന്നെ ഓടണം സ്റ്റാര്‍ഹോട്ടെലിലേക്ക്, രണ്ടുരൂപേടെ ദോശേം ആ വലിയ തൂക്കോത്രം നിറയെ സാമ്പാറും വാങ്ങണം. അതും സത്താറണ്ണന്‍റെകയ്യില്‍ കൊടുത്താലേ നെറച്ചും സാമ്പാര്‍ കിട്ടൂ. സത്താറണ്ണന്‍ വാപ്പിച്ചീടെ കൂട്ടുകാരനായതിനാല്‍ ചിലപ്പോള്‍ അവനൊരു വടയൊക്കെ കൊടുക്കും.
ടയര്‍ എടുത്താലോ എന്നാലോചിക്കുമ്പോഴേ ഉമ്മാ വിളിച്ചു പറയുന്നത്  കേട്ടു...

‘നിന്‍റെ ടയറും വണ്ടി ഉരുട്ടിക്കൊണ്ട്‌ പോണ്ടാ.... ‘

തൂക്കുപാത്രവും തൂക്കി വഴിയിലേക്കിറങ്ങി  ഓടുമ്പോള്‍ അവന്‍റെ മനസ്സ് നിറയെ പച്ചീര്‍ക്കിലിത്തുമ്പത്ത് പാതി മുറുക്കിയ കുടുക്കായിരുന്നു.

                -----------------------------------------

‘ഈ ‘ഖാത്ത്’* ന്നു പറേണത് ഒരെലയാണ് അമീനെ. മ്മടെ പച്ചചീര പോലൊരു സാധനം. അങ്ങ് ജിസാന്‍റെ ഓരത്ത് യെമന്‍ അതിര്‍ത്തീലെ മരങ്ങളാ. സൌദീല് ഇത് മംമ്നു* ആയതോണ്ട് ഇത് വളരുന്ന സ്ഥലോങ്കൂടി വേലികെട്ടി യെമന് നല്കിയേക്കാണ്.’  കയ്യിലെ ഡണ്ഹില്‍ ഒന്നാഞ്ഞു വലിച്ചു കൊണ്ട് മുത്താക്ക തുടര്‍ന്നു.

‘ഈ അര്‍ബീള്‍ടെ വിചാരം ‘ഖാത്ത്’ന്‍റെ നീര് അങ്ങിനെ ചവച്ചിറക്കിയാല്‍ രാത്രി ഒര്‍ങ്ങാതെ കാര്യം ഉഷാറാക്കാം ന്നാ .... ഏതീ സംഗതി പുടികിട്ടിയാ?

മുത്താക്ക  കണ്ണിറുക്കി വഷളന്‍ ചിരി മുഖത്ത് വരുത്തി. അപ്പോള്‍ അമീന് ബംഗ്ലൂര്‍ ബസ്സ്സ്റ്റാന്‍ഡിലെ വേലമ്മയുടെ ഭര്‍ത്താവ് കണ്ണപ്പനെ ഓര്‍മ്മ വന്നു.

‘അത് കൊണ്ടരാന്‍ പോണ ഡ്രൈവര്‍ ശരിക്കും ഉശിരന്‍ ആണൊരുത്തനാകണം. അപകടം പിടിച്ച പണ്യാണുംതാനും. ന്നാലോ കൈ നെറയെകാശിങ്ങുപോരും’

‘കാര്യങ്ങളൊക്കെ ഓനോട്‌ ഞാന്‍ പറഞ്ഞേക്ക്ണിക്കാ. ങ്ങള് എന്ന് പോവാമ്പറ്റും ന്ന് പറയീന്‍. ഉമ്മാന്റെ ഓപ്പറേഷന്‍ തീയതി നിച്ചയ്ച്ചിക്ക്ണ്. അതോണ്ടാ ഓനിത് ചെയ്യണേ. വേറെ വയീല്ലാ. ങ്ങള് ബെര്‍തെ ഓനെ പേടിപ്പിക്കാതെ’ 

ടയ്ക്കിടപെട്ട കബീറിനെ മുത്താക്കാ ഒന്ന് തുറിച്ചു നോക്കി. കയ്യിലെ സിഗരറ്റ് ദൂരേയ്ക്ക് എറിഞ്ഞു.
    ---------------------------------------------------------------


വര: അഷ്‌റഫ്‌ മേലേവീട്ടില്‍.



അവന്‍റെ തുട പൊള്ളി ! നടക്കുന്നതിന്‍റെ ആയത്തില്‍ തൂക്കുപാത്രത്തില്‍ നിന്നും തൂവി ഒലിച്ചിറങ്ങിയ ചൂട് സാമ്പാര്‍ !  നാശം ! ഉമ്മാന്റെ കൈപ്പടവലിപ്പമുള്ള ആറു ദോശയ്ക്ക്എന്തിനാ ഇത്രേം സാമ്പാര്‍?  സാമ്പാറിലെ കഷണങ്ങള്‍ ഉമ്മ മാറ്റി വെയ്ക്കും. ദോശ അവര്‍ക്ക് വീതിച്ച് പാത്രം നിറയെ സാമ്പാര്‍ ഒഴിച്ച് കുതിര്‍ത്തികൊടുക്കും.

പാച്ചുപിള്ളയുടെ സൈക്കിള്‍ ഷോപ്പിന്‍റെ പിറകില്‍ രണ്ടു ടയറുകള്‍ കിടക്കുന്നത് കണ്ടിരുന്നു. മനോജോ . സനോജോ കാണും മുന്നേ അതെടുത്തു സ്വന്തമാക്കണം. ഈ നശിച്ചു തുളുമ്പുന്ന ചൂട് സാമ്പാര്‍ ....! പച്ചീര്‍ക്കിലികുടുക്കിനെ ഓര്‍ത്തുകൊണ്ട് അവന്‍ തൂക്കുപാത്രം പിടിച്ചിരുന്ന കയ്യ് ശരീരത്തില്‍ നിന്നും കുറച്ചകറ്റി നടത്തം തുടര്‍ന്നു

--------------------------------------------------------------------------------------------------------

അവസാന ചെക്ക്പോസ്റ്റും കഴിഞ്ഞു വണ്ടി മരുഭൂമിയുടെ ഇരുട്ടിലേക്ക് കുതിച്ചു. അമീന്‍ മുത്താക്ക പറഞ്ഞു തന്നത് ഓരോന്ന് ഓര്‍ത്തെടുത്തു- ‘ നീ ഈടന്നു പൊറപ്പെടുമ്പോള്‍ അസീറും*,ലബനും* നിറച്ച ലോഡും വണ്ടി തെരും. അത് വിക്കാന്‍ പോണോനെപോലെ വേണം ചെക്ക്പോസ്റ്റ് കടക്കാന്‍. യെമന്‍ ബോര്‍ഡര്‍ കടന്ന് മരുഭൂമീ കൂടി അരമണിക്കൂര്‍ പോയാല് ആദ്യം കാണുന്ന ‘ഒട്ടകബോര്‍ഡി’*ന്‍റെ അടുത്തൂന്ന് മരുഭൂമിയുടെ അകത്തേക്ക് വണ്ടി തിരിക്കണം. ആടെ പാതി അസീറും,ലബനും കളയണം. പാതി ലോഡുമായി ഒരു അമ്പതുകിലോമീറ്റര്‍ അതെ ദെശേല് മുന്നോട്ട് പോയാല്‍ മൂന്ന്‍ ലൈറ്റ് തെളിഞ്ഞു നിക്കണ ഒരു കെട്ടിടം കാണാം. അതിന്‍റെ ഗേറ്റുമ്മേ ചെന്ന് അഞ്ചു തവണ ഹോണ്‍ അടിക്കണം. ഒരു ഹോണ്‍ പോലും കൂടാനോ കൊറയാനോ പാടില്ല. ഗേറ്റ് തുറന്നു വരുന്ന ആള്‍ അന്നോട് ‘ഫീ ഒനം’* ന്നു ചോദിക്കും. അയിനു നീയ് ‘മാഫീ ഒനം , ഫീ ഹലീബുല്‍ ഒനം’* ന്ന് മറുപടി പറേണം. ശെരിക്കു പഠിച്ചോട്ട വാക്കുകള്.വാക്ക് മാറിപ്പോയാ, പൊന്നെ യ്യ് തിരിച്ചു വരൂല്ല !

ഭയംപകര്‍ന്ന വാക്കുകളോടെ മുത്താക്ക തുടര്‍ന്നു.

‘ഓര് ഗേറ്റ് മുഴുക്കനെ തൊറന്നാല്‍ പിന്നെ അകത്തേക്ക് വണ്ടിയെടുക്കണം.ഗേറ്റ് അടഞ്ഞാല്‍ വീടിന്‍റെ വാതില് തൊറക്കും, നീ വണ്ടീന്ന് പൊറത്തിറങ്ങരുത്. വീടിനകത്തേക്ക് വണ്ടി ഓടിച്ചു കയറ്റണം. വീടിന്‍റെ പൊറക്‌ വാതില് തൊറക്കണത് ഒരു മണ്‍ഗുഹയിലേക്കാവും. ഒരു ഒറ്റബള്‍ബ്‌ പോസ്റ്റുംകാല് കാണുംവരെ വണ്ടി മുന്നോട്ടു തന്നെ കൊണ്ടോണം.പോസ്റ്റിന്റെ ചോട്ടില് വണ്ടി നിര്‍ത്തണം.എന്നാലും ഓര് പറേംവരെ വണ്ടീന്ന് എറങ്ങരുത്. ‘ഖാത്ത്’ ലോഡ് കേറ്റിക്കഴിഞ്ഞു മാത്രേ അവര് നിന്നെ മൂത്രം പാത്താന്‍ കൂടി വണ്ടീന്ന് പൊര്‍ത്തെയ്ക്ക് വിടൂ.’

‘അല്ലിക്കാ, വണ്ടീലെവിടാ അവര് ‘ഖാത്ത്’ നിറയ്ക്കുക.’ – ആകാംക്ഷ..... അറിയാതെ ചോദിച്ചു പോയി.

‘അദ് വണ്ടി തരുന്നോനും അവര്‍ക്കും മാത്രേ അറ്യൂ. അമീനേ, യ്യ് അതൊന്നും അറിയാന്‍ നിക്കണ്ട. ലോഡ് കേറ്റി പറഞ്ഞ സമയത്തിന് തന്നെ ചെക്ക്പോസ്റ്റും കടന്ന് വണ്ടി പറഞ്ഞെടത്ത് കൊണ്ടിട്ടാല്‍ മതി. അനക്ക് വേണ്ട പൈശ അവടെ കിട്ടും. അതും വാങ്ങി തിരിഞ്ഞു നോക്കാതെ നീ വിട്ടാല്‍ മതി.
               --------------------------------------------------------

‘നാല് കൊടക്കമ്പി എടുക്കണം. അതിങ്ങനെ ‘കംഗൂസ്’ചരട് കൊണ്ട് ചുറ്റിവരിഞ്ഞുകെട്ടിയ ശേഷം. പാതി വളച്ചു നെടുങ്കനെ മറ്റൊരു കട്ടി കംഗൂസ് കൊണ്ട് കെട്ടുക. ദാ, ഇപ്പൊ നമ്മടെ ‘തെറ്റാലി’ ശരിയായി.ഇനി ഈ മുന കൂര്‍പ്പിച്ച കൊടക്കമ്പി അമ്പായി ഇതിലില് വെച്ചു ഒറ്റ വിടലാ.... മീന്‍റെ പള്ളേല് തൊളച്ചു കേറും.’ – കുടക്കമ്പിതെറ്റാലി കാണിച്ച് സനോജ് ഇന്നലെ ആളായത് ഓര്‍ത്തു കൊണ്ടാണ് അവന്‍ ദോശ പെട്ടെന്ന് കഴിച്ചു തീര്‍ത്ത് പാതിയുണ്ടാക്കിയ പച്ചീര്‍ക്കിലികുടുക്കുമെടുത്ത് പുറത്തേയ്ക്കിറങ്ങിയത്.


ഇന്നലെയവന്‍ തെറ്റാലി വെച്ചു ഏതോ കണ്ടന്‍ പൂച്ചയുടെ കാലിനു കൊള്ളിച്ചത്രേ ! എന്തൊരു ഗമയായിരുന്നു അവന്... !

വേനലില്‍ പഞ്ചാരമണല്‍ പൊള്ളിക്കുടന്നു കിടന്നു. കല്ലേറുകൊണ്ട് ചെന പൊട്ടിയ മാങ്ങയുടെ മണം വേനലിലെ ഒരു നേര്‍ത്തകാറ്റില്‍. വീണുകിടക്കുന്ന ഞാവക്കായ് എടുക്കുവാന്‍ അവന് താല്‍പ്പര്യപ്പെട്ടില്ല. പാമ്പ് നക്കിയതാണ് അതൊക്കെയെന്നു അവന്റുമ്മ പറഞ്ഞിട്ടുണ്ട്. ഇന്ന് പിള്ളേരടെ മുന്‍പില്‍ അവന് ആളാകണം. പച്ചീര്‍ക്കിലി കുടുക്കിന്റെ ബലം ശരിയാക്കി അവന്‍ ‘നന്നാത്ത’*യുടെ വീടിന്‍റെ വേലിക്കരികിലേക്ക് നടന്നു. കൊന്നപ്പത്തല്‍ നീളെകുഴിച്ചിട്ട് അതിനിടയ്ക്ക് കാട്ടുമുല്ലയും,നാലുമണിപ്പൂച്ചെടിയുംവളര്‍ത്തി ‘നന്നാത്ത’ വീടിന്‍റെ അതിര്‍ത്തിവേലി മനോഹരമാക്കിയിരുന്നു. അവിടെയുണ്ടാവും അതെന്ന് അവനുറപ്പുണ്ട്. വൈകുന്നേരം ലത്തീഫാക്കയുടെ വീട്ടില്‍ പാല് വാങ്ങാന്‍ പോകുമ്പോള്‍ കാണാറുണ്ട് ‘നന്നാത്തയുടെ’ വേലിക്കിടയില്‍ തലപൊക്കിനില്‍ക്കുന്ന പച്ചോന്തുകളെ ! ഇന്നൊന്നിനെ കുടുക്കണം സനോജിനെക്കാള്‍ ഇന്ന് ഞെളിയണം ! ‘നന്നിമ്മയ്ക്ക്*’ ഇന്ന് ചെന്നിക്കുത്ത്ആയത് നന്നായി. മഞ്ഞള് കത്തിച്ച്, പ്ലാവില കോട്ടി അതിലൂടെ മൂക്കിലേക്ക് ആഞ്ഞുവലിച്ച് ഒരേഇരുപ്പ് ഇരിക്കും. ഇല്ലേല്‍ ഇപ്പൊ കേക്കാമായിരുന്നു ‘ അമീനേ, ഇന്ത കാത്തൂതുറനേരം പാത്ത് തനിയാ നടക്കാതടാ. ഏതാവത് പൊല്ലാപ്പൊളവയും വാങ്കീട്ടു വരാതടാ’...’ !*
               ----------------------------------------------

ലോഡ്കയറ്റി അവസാനചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ വേറെ എവിടെയും നിര്‍ത്തരുത് എന്നാണു മുത്താക്ക പറഞ്ഞത് എങ്കിലും, ശ്വാസമടക്കിയ നിമിഷങ്ങളുടെ ആശ്വാസആസ്വാദനത്തിനായി ഒരു ചൂട്ചായ കുടിക്കാന്‍ വഴിയരികിലെ ബൂഫിയയിലേക്ക് ഒതുക്കി. ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങി, നടുവിന് കൈകൊടുത്ത് ഒന്ന് ഞെളിഞ്ഞു നിവര്‍ന്നു.തൊട്ടടുത്തായി ഒരു കാര്‍ വന്ന് ബ്രേക്ക്‌ ചെയ്തു.

         --------------------------------------------------------------

നാലുമണിച്ചെടിയുടെ ഇടയില്‍ നിന്നും ഉയര്‍ന്നു നിന്നിരുന്ന ചെകിളപൊന്തിയ മന്തന്‍ കഴുത്തില്‍ കൃത്യമായും പച്ചീര്‍ക്കിലികുടുക്ക് വീണപ്പോള്‍ അവന്‍ ആഞ്ഞുവലിച്ചു !

കാറില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടലോഹകുഴലിന്റെ തിളക്കവും അതിന്‍റെ അറ്റത്ത്‌ കൗമാരകുസൃതി വിട്ടുമാറാത്ത രണ്ടു കണ്ണുകളും മാത്രം മിന്നായം പോലെ കണ്ടു. ഠേ.................. !



----------------------------------------------------------------------------------------------------

*ഖാത്ത് – ഉത്തേജനം നല്‍കുന്ന ഒരിനം ഇല.
*അസീര്‍ - ജ്യൂസ്.
*ലബന്‍ - മോര്
*ഫീ ഒനം – ആട് ഉണ്ടോ ?
*മാഫീ ഒനം, ഫീ ഹലീബുല്‍ ഒനം – ആടില്ല, ആടിന്‍റെ പാലുണ്ട്.
*നന്നാത്ത – അമ്മയുടെ അച്ഛന്‍.
*നന്നീമ്മ – അമ്മയുടെ അമ്മ
* അമീനേ, ഇന്ത കാത്തൂതുറനേരം പാത്ത് തനിയാ നടക്കാതടാ. ഏതാവത് പൊല്ലാപ്പൊളവയും വാങ്കീട്ടു വരാതടാ’...’  - അമീനേ, ഈ നട്ടുച്ചനേരത്ത് ഒറ്റയ്ക്ക് നടക്കാതടാ, വല്ല അപകടങ്ങളിലും ചെന്ന് പെടാതെടാ !

Sunday 15 December 2013

ചിത്രപ്പേച്ചുകള്‍.








                                             ചിത്രം കടപ്പാട് : ഗൂഗിള്‍.


വെറുക്കപ്പെടുന്ന ദിനങ്ങളുടെ ആരോഹണക്രമം അവളെ ആശങ്കപ്പെടുത്തിയില്ലാ എന്ന് തന്നെ പറയാം,  തികച്ചും !

തികച്ചും യാദൃച്ഛികമായാണ്  ആഴ്ചപ്പതിപ്പിലെ കവിതാ ശകലത്തോടൊപ്പമുള്ള ആ ഫോട്ടോ അവള്‍ ശ്രദ്ധിച്ചത് തന്നെ.
നീണ്ട കൈവിരലുകളുള്ള ആ കൈപ്പത്തിയിലെ ചെറുവിരലിലെ നഖമറുക് അത് പോലെ !

അതുപോലെയുള്ള മറുകുകള്‍ ഉള്ള കൈവിരല്‍ സാദ്ധ്യതകളെയോര്‍ത്തു സമധാനിച്ചുകൊണ്ട് കവിതയിലെ അവസാനവരികള്‍ക്കടിയില്‍  ചുവന്ന മഷിയാല്‍ വരച്ചു.

'ചെറുവിരല്‍ പോലെ മുന്നില്‍ എന്നാലും എന്നും പിന്നിലല്ലോ !'

പിന്നാലെയാണ് അടുത്ത ലക്കത്തിലും അതെ സ്ഥാനത്ത് ചുണ്ടിന്‍റെ ചിത്രത്തിലെ ഇടതുവശത്തെ മറുക് ! ഉറപ്പിക്കുവാന്‍ കണ്ണാടിയില്‍ നോക്കി. ഇടതു വശത്തെ മറുക് കൂടുതല്‍ തെളിഞ്ഞത് പോലെ. കവിത വായിക്കാതെ പുസ്തകം വലിച്ചെറിഞ്ഞു.

വലിച്ചെറിയപ്പെടുന്ന പുസ്തക ചിത്രങ്ങളിലെ അവയവ സാദൃശ്യം അവളെ വെറുപ്പിക്കുകയും വിറപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.നാളുകളുടെ ആരോഹണക്രമത്തിനനുസൃതമായി അവളുടെ മനസ്സില്‍ തീരുമാനങ്ങളുടെ  ഏകദേശചിത്രവും രൂപപ്പെടുകയായിരുന്നു.


രൂപപ്പെടുത്തിയ കയര്‍കുരുക്ക് കഴുത്തില്‍ മുറുക്കുമ്പോള്‍ നഗ്നശരീരത്തില്‍ തുണിതുണ്ടുകള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ലാ എന്ന് അവള്‍ ഒന്നുകൂടി കണ്ണുകളാല്‍ പരിശോധിച്ചു ബോധ്യപ്പെട്ടു. അകലെയിരുന്നു അവയവവെളിപാടുകള്‍ നല്‍കുന്നവര്‍ക്ക് ഇനി അധികമൊന്നും വെളിപ്പെടുത്തുവാന്‍ കഴിയുകയില്ലെന്ന ആശ്വാസം പ്രതികാരാനന്തരഫലമെന്നോര്‍ത്തു അവള്‍ പൊട്ടിച്ചിരിച്ചു.

പൊട്ടിച്ചിരികേട്ട് ഞെട്ടി ഉണര്‍ന്ന് ചിലര്‍ പുതുയാത്രക്ക് തയ്യാറെടുക്കുകയായിരുന്നു. അകലെ... !

അകലെ ചില സ്ക്രീനുകള്‍ പുകഞ്ഞുകൊണ്ടേയിരുന്നു.


മുന്നറിയിപ്പ് :
------------------

സംഭവിച്ചതോ , സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുമായോ, ആളുകളുമായോ സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികമല്ല, എല്ലാം മനപ്പൂര്‍വ്വം മാത്രം.

Monday 29 July 2013

ഒരു ഓണ്‍ലൈന്‍ പൈങ്കിളിക്കഥ.


സന്ദീപ്‌: പപ്പേട്ടന്‍ ലോലയോട് പറഞ്ഞത് പോലും പറയാന്‍ അനുവദിക്കാതെ ആ പ്രണയവും തകര്‍ന്നു അരവിന്ദ്‌. ""golden memories and silver tears “


സന്ദീപിന്‍റെ മെസ്സേജിനുള്ള മറുപടി ടൈപ്പ് ചെയ്തു.


അരവിന്ദ്‌ : “ആത്മാക്കള്‍ക്ക് മരണമില്ല. പ്രേതാത്മാക്കള്‍ക്കല്ല , പ്രേമാത്മാക്കള്‍ക്ക്. അടുത്ത പുലരിയില്‍ പുതു പൂവ് വിരിയട്ടെ.”






മുഖപുസ്തകപൂമുഖത്തു നിന്നും അരവിന്ദന്‍റെ മറ്റൊരു ദിവസവും തുടങ്ങുകയായി. ഓഫീസ് ജോലികളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചര്‍ച്ചകളും വെടിവട്ടങ്ങളുമായി ഒരു ആധുനികയുഗക്കൂട്ടം.


ഗ്രൂപ്പില്‍ സിയാഫിന്റെ കഥയെ ബിനു വലിച്ചു കീറുന്നു. പ്രദീപ്‌ മാഷിന്റെയും വിഡ്ഢിമാന്റെയും കൂട്ടത്തില്‍ കൂടാം. ബിനു റിയലിസവും സര്‍റിയലിസവും ഒക്കെ കൂട്ടുപിടിച്ച് കത്തിക്കയറുന്നു.മണ്ടൂസന്‍റെ തമാശകള്‍ ഇടയ്ക്കു പുട്ടിനു പീര ഇടും പോലെ.


മുഖപുസ്തക മഹിമ, മുഖ്യധാരക്കാരുടെ കക്കൂസ് സാഹിത്യത്തിന്‍റെ മറ്റൊരു മുഖം. പ്രദീപ്‌ മാഷിന്‍റെ വാക്കുകളില്‍ ഇ-ലോകത്തെ ഓരോ വായനക്കാരനും ഒരു എഡിറ്ററാണെന്നത് എത്ര സത്യം !


അപരിചിത: നീയെന്നെ പണ്ടെപ്പോലെ ശ്രദ്ധിക്കുന്നില്ല മടുത്തോ എന്നെ ?

മെസ്സേജ് വിന്‍ഡോയില്‍ പുതിയ മെസ്സേജ്.

അരവിന്ദ്‌: : ഓരോ തിരക്കുകള്‍. അല്ലാതെ ശ്രദ്ധിക്കാത്തതു കൊണ്ടല്ല.

അപരിചിത: വേണ്ടാ ഓരോ ന്യായങ്ങള്‍.. ഞാന്‍ ഫേക്ക് അല്ലാ എന്ന് മനസ്സിലായില്ലേ ? എന്‍റെ ശബ്ദം നീ ഫോണില്‍ കേട്ടില്ലേ ? എന്‍റെ മാത്രമല്ല കുടുംബഫോട്ടോ വരെ നീ കണ്ടതല്ലേ. എല്ലാം കഴിഞ്ഞു ഒഴിവാക്കുവാന്‍ നോക്കുകയാണോ ?

അരവിന്ദ്‌: നിനക്കെന്താ ഭ്രാന്തായോ ?

അപരിചിത: അതെ , ഭ്രാന്താണ് ഇപ്പോള്‍ നീയെന്ന ഭ്രാന്ത്‌ . ഭര്‍ത്താവിനെയും കുട്ടിയേയും പോലും ഇപ്പോള്‍ ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല.

അവള്‍ക്കുള്ള മറുപടി ടൈപ്പ് ചെയ്യുമ്പോള്‍ ആരോ മെന്‍ഷന്‍ ചെയ്തു എന്നുള്ള നോട്ടിഫിക്കേഷന്‍ കണ്ടു. ഗ്രൂപ്പില്‍ ഒരു അടിക്കുള്ള വകയുണ്ട്. വിഷയത്തിലേക്ക് നല്ല ചൂടന്‍ കമന്റുകള്‍ക്ക് ടൈപ്പ് ചെയ്തു. അവളുടെ തുടരെ തുടരെയുള്ള മെസ്സേജ് അവഗണിച്ചു.


പക്ഷേ, മുന്നിലെ കമ്പ്യൂട്ടര്‍സ്ക്രീനിനുമപ്പുറം,  വൈദ്യുത തരംഗദൈര്‍ഘ്യാവൃത്തികള്‍ക്കുമകലെ ഒരു തലച്ചോറിലെ തരംഗങ്ങള്‍ക്ക് താളം തെറ്റുന്നതിനെയോ , മിഴിത്തുമ്പിലൂറിക്കൂടുന്ന മഴക്കോളിനെയോ പറ്റി തെല്ലും വേവലാതിയില്ല. സൈബര്‍ നടപ്പുരീതികളില്‍ മുന്നില്‍ മിന്നിമറിയുന്ന മായക്കാഴ്ച്ചകള്‍ക്ക് നിമിഷായുസ്സാണ്. കഴിവുള്ളവന്‍ വലകള്‍ നെയ്തുകൊണ്ടേയിരിക്കും. മാനസികാവസ്ഥകളെ കുത്തുകളിലും കോമകളിലും പ്രകടിപ്പിക്കുന്ന ആധുനിക പാവക്കൂത്ത്... !

മാനസീകാരോഗ്യകേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ നാട്ടില്‍ നല്ല ഡിമാന്‍ഡ് ആണെന്നും അതിന്‍റെ വരും കാല സ്കോപ്പിനെകുറിച്ചൊരു ലേഖനം എഴുതണമെന്നും പുതിയ കൂട്ടുകാരിയും കവയത്രിയുമായ ‘യുവ ജേര്‍ണലിസ്റ്റു സുന്ദരി’ പറഞ്ഞത് ഓര്‍ക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ അല്ല,  ‘സൈക്കോ കണ്‍സള്‍ട്ടന്റ്’ എന്നൊരു പദം മറ്റോ ആണ് അവള്‍ ഉപയോഗിച്ചത് എന്നൊരു ഓര്‍മ്മ.... !


          **************************************************


പുതിയ ദിവസത്തേക്കുള്ള സ്റ്റാറ്റസ് ആലോചിക്കുകയായിരുന്നു. ‘ഭിക്ഷക്കാരന്റെ’ വീക്ഷണം മാറ്റിപ്പിടിക്കണം ആളുകള്‍ക്ക് മടുത്തു തുടങ്ങി എന്നാണു നിസാര്‍ പറഞ്ഞത്. അവന്‍റെ പുതിയ ബ്ലോഗ്‌ പോസ്റ്റിനെക്കുറിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. അവനെപ്പോലെ തന്നെ അവന്‍റെ ഭാഷയും സുന്ദരമാണ്. ചില്ലറ അസൂയ ഇല്ലാതെയില്ല. ചെക്കന്‍ പെട്ടെന്ന് പ്രശസ്തനായിരിക്കുന്നു. പുതിയ പോസ്റ്റ്‌ ഗംഭീരമാണ്.

അപരിചിത:നമ്മള്‍ പരിചയപ്പെട്ടു ഇപ്പോള്‍ ഒരുവര്‍ഷം കഴിയുന്നു. എന്നെ നീ ഇപ്പോള്‍ വല്ലാതെ  അവഗണിക്കുന്നു.. എനിക്ക് ഒരു മറുപടിയും തന്നില്ല. നിന്‍റെ കവിതകളെ ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ നിന്നെയും ഞാന്‍ ഇഷ്ടപ്പെടുന്നു. എന്‍റെ ഏകാന്തതയില്‍ നീയും നിന്‍റെ കവിതകളുമായിരുന്നു എന്‍റെ കൂട്ട്. നിനക്കെല്ലാം അറിയാമല്ലോ !

അരവിന്ദ്‌:: എനിക്ക് അറിയാം എല്ലാം. എന്നാല്‍ നീ എന്നെ എന്തെ മനസ്സിലാക്കുന്നില്ല. എനിക്ക് ഒരുപാടു ജോലിത്തിരക്കുകള്‍ ഉണ്ട്. ഈ വര്‍ഷത്തെ സേല്‍സ് ഫോര്‍ക്കാസ്റ്റ് ഇതുവരെ കമ്പനിക്ക്‌ അയച്ചു കൊടുത്തിട്ടില്ല. ആനുവല്‍ മീറ്റിംഗ് വിളിച്ചു കൂട്ടണം.


അപരിചിത:ഉവ്വ്, ഞാന്‍ കാണുന്നുണ്ട് നിന്‍റെ തിരക്കുകള്‍. ആ പുതിയ കുട്ടിയുടെ കവിതകള്‍ക്ക്‌ ലൈക്കടിക്കലും കമെന്റും പുകഴ്ത്തലും അല്ലെ? 

അരവിന്ദ്‌ : അത് നിന്‍റെ വിഷയമല്ല..


അപരിചിത: അവിടെ നീയാണ് എങ്കില്‍ അത് എന്‍റെ വിഷയം തന്നെയാണ്.


അരവിന്ദ്‌: എനിക്ക് അതൊന്നും ആസ്വദിക്കുവാന്‍ പാടില്ലാ എന്നാണോ ?


അപരിചിത: ആസ്വദിക്കാം പക്ഷെ, അത് എന്നെ അവഗണിച്ചു കൊണ്ടാകണമോ ? നോക്ക് അരവിന്ദ്‌. നീ എന്‍റെ ജീവനാണ്. ഒരു പക്ഷെ, എന്‍റെ ഭര്‍ത്താവിനേക്കാള്‍ എന്‍റെ കുട്ടിയേക്കാള്‍ !  ഇവിടെ ഈ സൈബര്‍ലോകത്ത്‌. നിന്‍റെ കവിതകള്‍ എന്നില്‍ ഉറങ്ങിക്കിടന്ന പ്രേമത്തെ ഉണര്‍ത്തി. ഇപ്പോള്‍ എന്‍റെ ശരീരരക്തം മുഴുവന്‍ നിന്‍റെ കവിത കലര്‍ന്നിരിക്കുന്നു. ഇനി നീയില്ലാതെ നിന്‍റെ സ്നേഹമില്ലാതെ ഞാന്‍ എങ്ങിനെ...?


അരവിന്ദ്‌: നിനക്ക് ഭ്രാന്താണ്.


“അരവിന്ദ്‌ സേല്‍സ് ഫോര്‍ക്കാസ്റ്റ് ചോദിച്ചു മെയില്‍ ഉണ്ട്. പെട്ടെന്ന് വേണം” മാനേജരുടെ ശബ്ദത്തിന്‍റെ ഗൌരവം മനസ്സിലാക്കി പെട്ടെന്ന് സൈന്‍ ഔട്ട്‌ ചെയ്തു.


                     ***********************


സേല്‍സ് ഫോര്‍ക്കാസ്റ്റിംഗ്, മീറ്റിംഗ് ഇവ കാരണം രണ്ടാഴ്ച്ചയായി മുഖപുസ്തകംപൂമുഖം തുറന്നിട്ട്‌. മുഖപുസ്തകം വല്ലാതെ കീഴടക്കിയിരിക്കുന്നു മനസിനെയും ശരീരത്തെയും. രാവിലെ എക്സര്‍സൈസ് ഇപ്പോള്‍ ഇല്ല. കൊളസ്ട്രോള്‍ ലെവല്‍ ചെക്ക് ചെയ്യണം എന്ന് തോന്നുന്നു. വല്ലാത്ത വേദന സന്ധികളില്‍.

“ഞാനിന്നു സ്വതന്ത്രയാകുന്നു.” എന്ന് അപരിചിതയുടെ സ്റ്റാറ്റസ് ടാഗ് ചെയ്തിട്ടുണ്ട് മൂന്നു ദിവസം മുന്‍പ്‌. 'നാശം' എന്ന് പറഞ്ഞു ടാഗ് റിമൂവ് ചെയ്തു.


മനോരാജിന്റെ പുസ്തപരിചയത്തില്‍ ‘ലീല’ എന്ന കഥയുടെ ആസ്വാദനം കണ്ടു. കഥ വായിച്ചിട്ടില്ലാ. എന്നിരുന്നാലും കഥയെ വല്ലാതെ സ്പര്‍ശിക്കുന്ന അവലോകനം. കുറച്ചു നേരം സ്തബ്ധനായി ഇരുന്നു പോയി.


“അരവിന്ദ്‌ , നിന്നെ അന്വേഷിച്ചു പോലീസ്‌.”... മാനേജരുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.


“നിന്‍റെ കവിതകളില്‍ എന്‍റെ നിശബ്ദസമയം ഒഴുകി നീങ്ങുന്നു. നിന്‍റെ ഓരോ കവിതയും എന്‍റെ ഓരോ നിശ്വാസങ്ങള്‍ ആണ്. പാതി തുറന്ന ജാലകത്തിലൂടെ പാറിവരുന്ന ഒരു വീര്‍പ്പു നറുംകാറ്റുപോലെ.....”

അവളുടെ ആദ്യ ഇന്‍ബോക്സ് മെസ്സേജ് .


------------------------------------------------------------------------------------------------------------

*കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അയ ബ്ലോഗറ്മാരുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല മനപ്പൂര്‍വ്വം മാത്രം.